Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെർത്തിൽ ‘വിജയ ഫോർമുല പൊളിയും’: അശ്വിൻ, രോഹിത് പുറത്ത്; വിഹാരി, ജഡേജ അകത്ത്

indian-cricket-team-1 അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ ഇന്ത്യൻ ടീമംഗങ്ങൾ.

പെർത്ത്∙ ഓസ്ട്രലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയം സമ്മാനിച്ച വിജയ സമവാക്യങ്ങളിൽ മാറ്റം വരുത്തി ഇന്ത്യ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്നു. അ‍ഡ്‌ലെയ്ഡ് ടെസ്റ്റിൽ ടീമിനു വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, രോഹിത് ശർമ എന്നിവർക്കു പരുക്കേറ്റതോടെയാണ് ടീമിൽ മാറ്റം വരുത്താൻ ഇന്ത്യൻ നിർബന്ധിതരായത്. മൽസരത്തിനു മുന്നോടിയായി പ്രഖ്യാപിച്ച 13 അംഗ ടീമിൽ ഇരുവർക്കും ഇടമില്ല. പകരം രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവർ ഇടംപിടിച്ചു. ഇവർക്കു പുറമെ ആദ്യ ടെസ്റ്റിൽ പുറത്തിരുന്ന ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരും 13 അംഗ സാധ്യതാ ടീമിലുണ്ട്.

ആദ്യ ടെസ്റ്റിനു തൊട്ടുമുൻപ് പരുക്കേറ്റ യുവ ഓപ്പണർ പൃഥ്വി ഷായെ പരുക്കു ഭേദമാകാത്തതിനാൽ ടീമിലേക്കു പരിഗണിച്ചില്ല. ഇതോടെ, ഒരിക്കൽക്കൂടി ഓപ്പണിങ് സ്ഥാനത്തേക്ക് ലോകേഷ് രാഹുലിനും മുരളി വിജയിനും സ്ഥാനമുറച്ചു. ബോക്സിങ് ടെസ്റ്റു മുതൽ ഷായുടെ സേവനം ലഭ്യമാകുമെന്നാണ് വിവരം.

രോഹിത് ശർമയുടെ പകരക്കാരനായി ആന്ധ്രാ താരം ഹനുമ വിഹാരി വരുമെന്ന് ഉറപ്പാണ്. 13 അംഗ ടീമിൽനിന്ന് ബോളർമാരിൽ രണ്ടു പേർ തഴയപ്പെടാനാണ് എല്ലാ സാധ്യതയും. നിലവിൽ അഞ്ചു പേസ് ബോളർമാരെയാണ് 13 അംഗ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൽസരത്തിൽ മികച്ച രീതിയിൽ ബോൾ ചെയ്ത ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർക്കു പുറമെ ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരാണ് ടീമിലുള്ള പേസർമാർ.

പിച്ച് പൂർണമായും പേസ് ബോളിങ്ങിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പായതിനാൽ ജഡേജയുടെ സ്ഥാനവും ഉറപ്പില്ല. അതേസമയം, അവസാന ദിവസങ്ങളിൽ പിച്ചിനു സ്പിന്നിനോടും ചായ്‍വുണ്ടായേക്കാമെന്ന വിലയിരുത്തലിൽ ജഡേജയെ ടീമിൽ നിലനിർത്താൻ തന്നെ സാധ്യത. നാലു പേസർമാർ മതിയെന്നു തീരുമാനിച്ചാൽ ബാറ്റിങ്ങിലെ കഴിവു കൂടി പരിഗണിച്ച് ഭുവനേശ്വറിനെ ടീമിലെടുക്കാനും സാധ്യത നിലനിൽക്കുന്നു.

നാലു പേസ് ബോളർമാരെ കളിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചാൽത്തന്നെ ഈ വർഷം ഇന്ത്യ നാലു പേസർമാരുമായി കളിക്കുന്ന ആദ്യ മൽസരമല്ല ഇത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനസ്ബർഗിൽ നടന്ന മൽസരത്തിൽ നാലു പേസർമാർക്കു പുറമെ പേസ് ബോളിങ് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഈ മൽസരം ഇന്ത്യ ജയിക്കുകയും ചെയ്തു.

ഇന്ത്യയുടെ 13 അംഗ സാധ്യതാ ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), മുരളി വിജയ്, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, അജിങ്ക്യ രഹാനെ, ഋഷഭ് നപ്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്

related stories