പെർത്ത് ∙ മൂന്നു വട്ടം ശസ്ത്രക്രിയ കഴിഞ്ഞ ഹൃദയവുമായാണ് ആർച്ചി ഷില്ലെർ എന്ന ആറു വയസ്സുകാരൻ ഓസീസ് ക്രിക്കറ്റ് ടീമിനൊപ്പം പരിശീലിക്കുന്നത്. ഷില്ലെറിന്റെ ഏഴാം പിറന്നാളിനു നാലു ദിവസങ്ങൾക്കുശേഷം ഇന്ത്യയ്ക്കെതിരെ ഡിസംബർ 26നു നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഓസീസ് ടീമിനൊപ്പം ചേരാൻ തയ്യാറെടുക്കുന്ന ഷില്ലർ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്, ലോക ഒന്നാം നമ്പർ ബാറ്റ്സ്മാനായ വിരാട് കോഹ്‌ലിയെ താൻ അനായാസം പുറത്താക്കും എന്ന്!
ഓസീസ് ഓഫ് സ്പിന്നർ നേഥൻ ലയണിന്റെ കടുത്ത ആരാധകനായ ഷില്ലെറിനു കമ്പം ലെഗ് സ്പിന്നിനോടാണ് എന്നു മാത്രം. മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ഷില്ലെറിന്റെ ഹൃദയത്തിനു തകരാറുണ്ടെന്നു ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. തുടർന്നു 3 വട്ടം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 6 വയസിനിടെയുള്ള ഭൂരിഭാഗം സമയവും ഷില്ലെർ ചിലവിട്ടത് ആശുപത്രിക്കിടക്കയിലാണ്.
ഒക്ടോബറിൽ പാക്കിസ്ഥാനെതിരെയുള്ള ഓസീസിന്റെ ടെസ്റ്റ് പര്യടനത്തിനിടെ അർച്ചിയുടെ അമ്മ സാറായുടെ ഫോണിലേക്ക് ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗറുടെ വിഡിയോ കോൾ എത്തി. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമിലേക്കു ‘തിരഞ്ഞെടുക്കപ്പെട്ട’ കാര്യം ലാംഗർ തന്നെ സാറയെ അറിയിച്ചു. ഗുരുതര രോഗങ്ങൾക്കു ചികിൽസയിലുള്ള കുട്ടികളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ പ്രവർത്തിക്കുന്ന മേക്ക് എ വിഷ് ഫൗണ്ടേഷന്റെ ശ്രമഫലമായായിരുന്നു ഷില്ലെറുടെ ആഗ്രഹ സഫലീകരണത്തിനു വഴിതുറന്നത്. ക്രിക്കറ്റ് പ്രേമിയായ ഷില്ലെറിന്റെ മുഖത്തു പുഞ്ചിരി വിടർത്താൻ ഓസീസ് ക്രിക്കറ്റ് ബോർഡും പച്ചക്കൊടി കാട്ടി. അഡലെയ്ഡ് ടെസ്റ്റിനു മുൻപ് ഓസീസ് ടീം അംഗങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിയ ഷില്ലെർ ഓസീസ് നായകൻ ടിം പെയ്നൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
ബോക്സിങ് ഡേ ടെസ്റ്റിലെ പ്ലേയിങ് ഇലവനിലെ സ്ഥാനം കോച്ച് ജസ്റ്റിൻ ലാംഗർ ഉറപ്പുനൽകിയിട്ടില്ലെങ്കിലും പരിശീലന സെഷനിൽ ഊർജസ്വലനായിരുന്നു ഷില്ലെർ. പരിശീലനത്തിനിടെയ്ക്കു താൻ നോബോൾ എറിഞ്ഞ കാര്യം ലാംഗറെ അറിയിക്കരുത് എന്ന് ഷില്ലെർ അമ്മ സാറയെ ചട്ടം കെട്ടിയിട്ടുണ്ട്!