പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി 25–ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. രഹാനെ ഒഴികെയുള്ള മറ്റു താരങ്ങൾക്ക് 50+ സ്കോർ നേടാനാകാതെ പോയ മൽസരത്തിൽ കോഹ്‍ലിയുടെ സെഞ്ചുറിയാണ് ഇന്ത്യൻ പോരാട്ടത്തിന് വീര്യം പകർന്നത്. എന്നാൽ, സെഞ്ചുറി പൂർത്തിയാക്കിയ ശേഷം കോഹ്‍ലി നടത്തിയ ആഘോഷമാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ചർച്ച.
മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ തകർപ്പൻ ഡ്രൈവിലൂടെയാണ് കോഹ്‍ലി സെഞ്ചുറി പൂർത്തിയാക്കിയത്. ഇടയ്ക്ക്, ‘കോഹ്‍ലി സെഞ്ചുറി പൂർത്തിയാക്കുമെന്ന് തോന്നുന്നില്ല’ എന്നു പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിച്ച ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസിനെയും കോഹ്‍ലി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് തകർപ്പൻ ബൗണ്ടറിയിലൂടെ കോഹ്‍ലി ടെസ്റ്റ് സെഞ്ചുറികളിൽ ‘കാൽ സെഞ്ചുറി’ പൂർത്തിയാക്കിയത്.
സെഞ്ചുറി പൂർത്തിയാക്കിയ ശേഷം ഹെൽമറ്റ് ഊരി നിലത്തുവച്ച കോഹ്‍ലി, ബാറ്റ് നീട്ടിപ്പിടിച്ച് ‘എന്റെ ബാറ്റ് എനിക്കു വേണ്ടി സംസാരിക്കുമെന്ന’ ആംഗ്യത്തോടെയാണ് സെഞ്ചുറി ആഘോഷിച്ചത്. ഒരുവേള കമന്റേറ്റർമാരെപ്പോലും അതിശയിപ്പിച്ചു കളഞ്ഞു കോഹ്‍ലിയുടെ ഈ ആഘോഷം.
‘ഞാൻ എന്തൊക്കെ പറഞ്ഞാലും എന്റെ ബാറ്റാണ് എല്ലാം സംസാരിക്കുന്നത്’ എന്നാകാം കോഹ്‍ലി തന്റെ ആംഗ്യത്തിലൂടെ ഉദ്ദേശിച്ചത് എന്നായിരുന്നു ഉച്ചഭക്ഷണ സമയത്തുള്ള പ്രത്യേക പരിപാടിയിൽ കമന്റേറ്റർ കൂടിയായ മൈക്കൽ ക്ലാർക്കിന്റെ ‘നിഗമനം’.
257 പന്തിൽ 123 റൺസെടുത്ത കോഹ്‍ലി ഒടുവിൽ അംപയറിന്റെ വിവാദപരമായ തീരുമാനത്തിലാണ് പുറത്തായത്. മികച്ച ഫോമിൽ ബാറ്റുചെയ്തിരുന്ന കോഹ്‌ലിയുടെ ബാറ്റിലുരസിയ കമ്മിൻസിന്റെ പന്ത് സ്ലിപ്പിൽ ഹാൻഡ്സ്കോംബ് പിടികൂടിയത് സംശയാസ്പദമായ സാഹചര്യത്തിലാണ്. കോഹ്‌ലി പുറത്താണ് എന്നാണു തേഡ് അംപയർ വിധിച്ചതെങ്കിലും പന്ത് നിലത്തുരസിയതിനുശേഷമാണു ഹാൻഡ്സ്കോംബിന്റെ കൈകളിലെത്തിയത് എന്നു തോന്നിക്കുന്നതാണു വിഡിയോ ദൃശ്യങ്ങൾ. ഇതേച്ചൊല്ലിയുള്ള വാക്പോരിനു കോഹ്‌ലിയും പെയ്നും തുടക്കമിട്ടു കഴിഞ്ഞു.