Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്നിനി കാണും നാം’?; കെ.എൽ. രാഹുലിനു യാത്രാമൊഴിയേകി ആരാധകർ

lokesh-rahul ലോകേഷ് രാഹുൽ

പെർത്ത്∙ അവസരങ്ങളേറെ ലഭിച്ചിട്ടും ഇനിയും ഫോം വീണ്ടെടുക്കാനാകാതെ ഉഴറുന്ന ഇന്ത്യൻ ഓപ്പണർ ലോകേഷ് രാഹുൽ ടീമിനു പുറത്തേക്ക്? ചെറിയ സ്കോറിനു പുറത്താകുന്നത് തുടർക്കഥയാക്കി മാറ്റി രാഹുലിനെ കോഹ്‍ലി ഇനിയും ടീമിൽ വച്ചുകൊണ്ടിരിക്കാൻ സാധ്യത തീരെ കുറവ്. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ താരങ്ങളിൽ രണ്ടാമനാണ് രാഹുൽ. മുന്നിലുള്ളത് ബോളർ മാത്രമായ മുഹമ്മദ് ഷമിയും. ഓപ്പണിങ് പോലെ അതിനിർണായകമായ സ്ഥാനത്ത് ഇത്രയും ഉത്തരവാദിത്തരഹിതമായി ബാറ്റു ചെയ്യുന്ന താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു.

എന്തായാലും ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും സം‘പൂജ്യ’നായി മടങ്ങിയതോടെ രാഹുലിന്റെ ടെസ്റ്റ് ഭാവി ഏതാണ്ട് അനിശ്ചിതത്വത്തിലായി. പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യയ്ക്ക് മികച്ച തുടക്കം അനിവാര്യമാണെന്നിരിക്കെയാണ് ആദ്യ ഓവറിൽത്തന്നെ തീർത്തും നിരുത്തരവാദിത്തപരമായ ഷോട്ടു കളിച്ച് രാഹുൽ പുറത്തായത്.

∙ എന്നിട്ടും പഠിക്കാതെ രാഹുൽ!

ഇന്ത്യൻ ക്രിക്കറ്റിൽ രാഹുലിനോളം പ്രതീക്ഷ പകർന്ന് അവതരിച്ച താരങ്ങൾ അധികമില്ലെന്നത് നൂറുവട്ടം. മൂന്നു ഫോർമാറ്റിലും ഒരുപോലെ കളിക്കാൻ ശേഷിയുള്ള വിരലിലെണ്ണാവുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് രാഹുൽ. എന്നാൽ, 2018 രാഹുലിനെ സംബന്ധിച്ചിടത്തോളം ‘രാഹു കാല’മായിരുന്നു എന്നു പറയുന്നതാണ് ശരി.

ഈ വർഷം ഇന്ത്യ കളിച്ച എല്ലാ ടെസ്റ്റിലും തന്നെ അവസരം ലഭിച്ച രാഹുലിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്. മോശം പ്രകടനം പതിവായതോടെ ഇന്ത്യയുടെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ തന്നെ രാഹുലിനെതിരെ വാളെടുത്തു രംഗത്തെത്തിയിരുന്നു. ‘ഇപ്പോഴും പുതുമുഖ താരമല്ല രാഹുൽ’ എന്നായിരുന്നു ബംഗാറിന്റെ ഓർമപ്പെടുത്തൽ. രാഹുൽ കൂടുതൽ ഉത്തരവാദിത്തമേറ്റെടുത്ത് കളിക്കേണ്ട സമയമായി എന്നും ബംഗാർ പറഞ്ഞുവച്ചു. ഓരോ മൽസരം കഴിയുന്തോറും പുറത്താകാൻ പുതിയ വഴികൾ കണ്ടെത്തുകയാണ് രാഹുൽ എന്നും ബംഗാർ പരിഹസിച്ചിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രാഹുലിനെ ടീമിൽ കണ്ടേക്കില്ലെന്നത് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും അഡ്‌ലെയ്ഡിൽ ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുൻപ് യുവതാരം പൃഥ്വി ഷായ്ക്കു പരുക്കേറ്റത് താരത്തിന് അനുഗ്രഹമായി. ഓപ്പണിങ് സ്ഥാനത്തേക്ക് കാര്യമായ മൽസരം കൂടാതെ തന്നെ മുരളി വിജയിനൊപ്പം അവസരം ലഭിച്ചു.

എന്നാൽ, ബംഗാറിന്റെ പരിഹാസവും മുന്നറിയിപ്പും അഡ്‌ലെയ്ഡിലും പെർത്തിലും രാഹുലിന്റെ പ്രകടനത്തിൽ കാര്യമായ വ്യത്യാസമൊന്നും കൊണ്ടുവന്നില്ല. അഡ്‌ലെയ്ഡിൽ ആദ്യ ഇന്നിങ്സിൽ വെറും രണ്ടു റൺസിനു പുറത്തായ രാഹുൽ രണ്ടാം ഇന്നിങ്സിൽ 44 റൺസെടുത്ത ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഈ ഇന്നിങ്സ് ഇന്ത്യൻ വിജയത്തിൽ നിർണായകമാവുകയും ചെയ്തു.

രാഹുൽ ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് ആശ്വസിച്ചവരെ ‘ഞെട്ടിച്ച്’ പെർത്തിൽ കാര്യങ്ങൾ വീണ്ടും തഥൈവ! ഒന്നാം ഇന്നിങ്സിൽ 17 പന്തു നേരിട്ട് നേടാനായത് വെറും രണ്ടു റൺസ്. ഇതിനു പിന്നാലെ ഇന്ത്യയ്ക്ക് മികച്ച തുടക്കം അനിവാര്യമായിരുന്ന രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിനു പുറത്താകുക കൂടി ചെയ്തതോടെ രാഹുലിന്റെ ടെസ്റ്റ് കരിയർ തൽക്കാലത്തേക്കെങ്കിലും അവസാനിക്കുന്നുവെന്നു വ്യക്തം!

∙ 2018 അഥവാ രാഹുലിന്റെ ‘രാഹു കാലം’

രാഹുലിന്റെ ചെറുതെങ്കിലും ഭേദപ്പെട്ട കരിയറിൽ 2018 പോലൊരു മോശം വർഷമുണ്ടോ? സംശയമാണ്. പ്രത്യേകിച്ചും ടെസ്റ്റ് കരിയറിൽ. ഈ വർഷം നിർണായകമായ പല പരമ്പരകളിലും ഇന്ത്യ ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ച ബാറ്റായിരുന്നു രാഹുലിന്റേതെങ്കിലും, കളത്തിൽ എല്ലാം വെറുതെയായി.

ഈ വർഷം 12 ടെസ്റ്റുകള്‍ കളിച്ച രാഹുൽ 22.28 റൺസ് ശരാശരിയിൽ നേടിയത് 468 റൺസാണ്. അതിൽ ആകെയുള്ളത് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും. ഈ സെഞ്ചുറി തന്നെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ പരമ്പര കൈവിട്ട ശേഷം അവസാന ടെസ്റ്റിൽ പിറന്നതായിരുന്നു. ഒരേയൊരു അർധസെഞ്ചുറി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അഫ്ഗാനിസ്ഥാനെതിരെയും. 

ഈ വർഷം കളിച്ച ഇന്നിങ്സുകളിൽ രാഹുലിന്റെ പ്രകടനമിങ്ങനെ:

10, 4, 0, 16, 54, 4, 13, 18, 10, 23, 36, 19, 0, 37, 149, 0, 4, 33*, 2, 44, 2, 0 ... ഇതിൽ പുറത്താകാതെ നിന്നത് ഒരേയൊരു മൽസരത്തിൽ. മാത്രമല്ല, ബോളറായ മുഹമ്മദ് ഷമി കഴിഞ്ഞാൽ ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ പൂജ്യത്തിനു പുറത്തായ താരവും രാഹുലാണ്. ഷമി ആറു മൽസരങ്ങളിൽ സംപൂജ്യനായപ്പോൾ രാഹുൽ നാലു മൽസരങ്ങളിൽ അക്കൗണ്ട് തുറക്കാതെ പുറത്തായി. ഇക്കാര്യത്തിൽ രാഹുലിനൊപ്പമുള്ളത് ബോളർമാരായ ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ എന്നിവർ മാത്രം!

∙ ‘കുറ്റി തെറിച്ച്’ രാഹുൽ ഗാവസ്കറിനൊപ്പം

പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ക്ലീൻ ബൗൾഡായതോടെ നാണക്കേടിന്റെ മറ്റൊരു റെക്കോർഡും രാഹുലിനെ തേടിയെത്തി. കഴിഞ്ഞ 11 ഇന്നിങ്സുകളിൽ രാഹുൽ കുറ്റി തെറിച്ച് പുറത്താകുന്നത് ഇത് ഏഴാം തവണയാണ്! ഇതോടെ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഏറ്റവും കൂടുതൽ തവണ ബൗൾഡായ ഇന്ത്യൻ ഓപ്പണർമാരിൽ രാഹുൽ ഗാവസ്കറിനൊപ്പമെത്തി. മൂന്നു തവണയാണ് ഇരുവരും രണ്ട് ഇന്നിങ്സിലും ബൗൾഡായിട്ടുള്ളത്. ഗാവസ്കർ 125 ടെസ്റ്റുകളിൽനിന്നാണ് ഈ ‘നേട്ടം’ സ്വന്തമാക്കിയതെങ്കിലും വെറും 33 ടെസ്റ്റകളിൽനിന്നാണ് രാഹുലിന്റെ ‘അതുല്യ നേട്ടം’.

∙ ട്രോളൻമാർക്കും ‘ചാകര’

എന്തായാലും ഒരിക്കൽക്കൂടി രാഹുൽ പരാജയപ്പെട്ടതോടെ ട്രോളൻമാർക്കും ഒരു ‘പ്രിയ വിഭവം’ കിട്ടിയ സന്തോഷമാണ്. രാഹുൽ പുറത്തായതിനു പിന്നാലെ ‘ഇന്ത്യയ്ക്കായി ഇതുവരെ ചെയ്ത സേവനങ്ങൾക്കു നന്ദി’ എന്ന വാചകത്തോടെ ട്രോളുകൾ പെരുകുകയാണ്. ഇത് രാഹുലിന്റെ അവസാന ടെസ്റ്റ് ഇന്നിങ്സാണെന്ന സൂചനകളോടെയാണ് ട്രോളൻമാർ അരങ്ങു തകർക്കുന്നത്.

വിരമിക്കുന്ന താരങ്ങളെ സഹതാരങ്ങൾ തോളിലേറ്റി മൈതാനം വലം വയ്ക്കുന്നതിനു സമാനമായി രാഹുലിനെ സഹതാരങ്ങൾ തോളിലേറ്റി നടക്കുന്ന ‘ഫോട്ടോഷോപ്പ്’ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ സുലഭം. ശിഖർ ധവാൻ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർ ചേർന്ന് രാഹുലിനു ‘യാത്രാമൊഴി’യേകുന്ന ചിത്രങ്ങൾ ട്വിറ്ററിൽ ഉൾപ്പെടെ വൈറലാണ്.

‘രാഹുൽ ദ്രാവിഡിനു പോലും വിരമിക്കൽ ടെസ്റ്റ് കളിക്കാൻ അവസരം ലഭിച്ചില്ല. ഇന്ന് ലോകേഷ് രാഹുലിന് അതു ലഭിച്ചു’ തുടങ്ങിയ കുത്തുവാക്കുകളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ‘ഗുഡ് ബൈ രാഹുൽ, ഇനി ഇൻസ്റ്റഗ്രാമിൽ കാണാം’ തുടങ്ങിയ വാചകങ്ങളും ഒട്ടേറെ.

‘രാഹുൽ എന്നു പേരുള്ളവർ രാഹുൽ ദ്രാവിഡിനെ പിന്തുടരുക, യാതൊരു ഉപയോഗവുമില്ലാത്ത കെ.എൽ. രാഹുലിന്റെ പിന്നാലെ പോകരുത്’ തുടങ്ങിയ ഉപദേശങ്ങളുമുണ്ട്. ‘പന്ത് എങ്ങനെ ലീവ് ചെയ്യണമെന്ന് രാഹുലിന് അറിയില്ല. രാഹുലിനെ എങ്ങനെ ഒഴിവാക്കണമെന്ന് ബിസിസിഐയ്ക്കും അറിയില്ല’ തുടങ്ങിയ പരിഹാസങ്ങളുമുണ്ട്, അനവധി. പരുക്കേറ്റു പുറത്തിരിക്കുന്ന പൃഥ്വി ഷായെ എത്രയും പെട്ടെന്നു തിരികെ കൊണ്ടുവരണമെന്ന അഭ്യർഥനകളും കുറവല്ല.

related stories