പെർത്ത്∙ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മനോഭാവത്തെ വിമർശിച്ച് മുൻ ഓസീസ് താരം മിച്ചൽ ജോൺസൻ രംഗത്ത്. പെർത്ത് ടെസ്റ്റിലെ തോൽവിക്കുശേഷം എതിർ ടീം ക്യാപ്റ്റനായ ടിം പെയ്നു ഹസ്തദാനം നൽകുന്ന അവസരത്തിൽ കോഹ്‍ലി കണ്ണിൽ നോക്കാൻ തയാറാകാതിരുന്നത് കൃത്യമായ ബഹുമാനക്കുറവാണെന്ന് ജോണ്‍സൻ വിമർശിച്ചു. കോഹ്‍ലിയുടെ പ്രവർത്തി തീർത്തും ബാലിശമായിപ്പോയെന്നും ജോൺസൺ പരിഹസിച്ചു.
‘ടിം പെയ്നു ഹസ്തദാനം നൽകുമ്പോൾ കണ്ണിൽ നോക്കാൻ പോലും കോഹ്‍ലി തയാറാകുന്നില്ല. ഇതുപോലും ചെയ്യാൻ കോഹ്‍ലിക്കു സാധിക്കുന്നില്ല. എന്തൊരു ബഹുമാനമില്ലാത്ത പെരുമാറ്റമാണ് കോഹ്‍ലിയുടേത്’ – ഫോക്സ് സ്പോർട്സിലെ കോളത്തിൽ ജോൺസൻ എഴുതി. അതേസമയം, കോഹ്‍ലിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരും രണ്ടായി തിരിഞ്ഞു. കോഹ്‍ലി പെയ്നിനു നൽകേണ്ട ശ്രദ്ധ നൽകിയതായി ഒരു വിഭാഗവും തിരിഞ്ഞുപോലും നോക്കിയില്ലെന്ന് മറ്റൊരു വിഭാഗവും സമൂഹമാധ്യമങ്ങളിൽ നിലപാടെടുത്തു.
അതിനിടെ, കോഹ്‍ലി ഓസീസ് ക്യാപ്റ്റനോടു മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തള്ളിക്കളഞ്ഞു. ‘ഞാൻ ഈ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. നിങ്ങൾ വെറും താൽക്കാലിക ക്യാപ്റ്റനും’ എന്നു പറഞ്ഞ് കോഹ്‍ലി പെയ്നെ പരിഹസിച്ചെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, കോഹ്‍ലിയിൽനിന്ന് ഇത്തരമൊരു പരാമർശമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ബിസിസിഐ പ്രത്യേക പ്രസ്താവന തന്നെ പുറത്തിറക്കി.