7 വയസ്സ്, അർച്ചി ഷില്ലെർ ഓസീസ് ടെസ്റ്റ് ടീം സഹ നായകൻ

1. അർച്ചി ഷില്ലെർ (ഫയൽ ചിത്രം) 2. അമ്മ സാറയ്ക്കൊപ്പം അർച്ചി.

മെൽബൺ∙ ആർച്ചി ഷില്ലെർ എന്ന 7 വയസ്സുകാരന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അവിസ്മരണീയ ക്രിസ്മസ് സമ്മാനം. 3 വട്ടം ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ ഹൃദയത്തിൽ ആർച്ചി താലോലിച്ചിരുന്ന സ്വപ്നം  യാഥാർഥ്യത്തിന്റെ പകിട്ടിലേക്ക്. ഇന്ത്യയ്ക്കെതിരെ ക്രിസ്മസ് പിറ്റേന്നു നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഓസീസിനെ ആർച്ചി നയിക്കും. ക്രിക്കറ്റിലെ നായകന്മാരുടെ നിരയിലേക്ക് ഏറ്റവും ജൂനിയറായാണ് ആർച്ചിയുടെ കടന്നുവരവ്.  നായകൻ ടിം പെയ്നിനൊപ്പം സഹ നായക സ്ഥാനത്തോടെയണ് ആർച്ചിയെ മൂന്നാം ടെസ്റ്റിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവസാന ഇലവനിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ഇടയ്ക്കു ഗ്രൗണ്ടിലെത്താൻ ആർച്ചിക്ക് അവസരമൊരുങ്ങിയേക്കും. 

ഗുരുതര രോഗവസ്ഥയിലുള്ള കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രവർത്തിക്കുന്ന ‘മേക്ക് എ വിഷ് ഫൗണ്ടേഷൻ ’ എന്ന സംഘടനയുടെ ശ്രമഫലമായാണ് കടുത്ത ക്രിക്കറ്റ് ആരാധകനായ ആർച്ചി ദേശീയ ടീമിലെത്തുന്നത്. അഡ്‌ലെയ്ഡിലെ ഒന്നാം ടെസ്റ്റിനു മുൻപ് ഓസീസ് താരങ്ങൾക്കൊപ്പം പരിശീലനം നടത്തിയ വേളയിൽ  ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ അനായാസം പുറത്താക്കാൻ തനിക്കു കഴിയുമെന്നാണ് ആർച്ചി പറഞ്ഞിരുന്നത്. 

ആശുപത്രിയിൽ നിന്ന്

മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ആർച്ചിയുടെ ഹൃദയത്തിലെ തകരാർ ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. തുടർന്നു 3 വട്ടം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 6 വയസിനിടെയുള്ള ഭൂരിഭാഗം സമയവും ആർച്ചി ചെലവിട്ടത് ആശുപത്രിക്കിടക്കയിലാണ്. ഒക്ടോബറിൽ പാക്കിസ്ഥാനെതിരെയുള്ള ഓസീസിന്റെ ടെസ്റ്റ് പര്യടനത്തിനിടെ അർച്ചിയുടെ അമ്മ സാറയുടെ ഫോണിലേക്ക് ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗറുടെ വിഡിയോ കോൾ എത്തി. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമിലേക്കു ‘തിരഞ്ഞെടുക്കപ്പെട്ട’ കാര്യം ലാംഗർ തന്നെ സാറയെ അറിയിച്ചു.

ക്രിക്കറ്റ് പ്രേമിയായ ആർ‌ച്ചിയുടെ മുഖത്തു പുഞ്ചിരി വിടർത്താൻ ഓസീസ് ക്രിക്കറ്റ് ബോർഡും പച്ചക്കൊടി കാട്ടിയതോടെ കാര്യങ്ങൾ നീങ്ങിയതു പെട്ടെന്നാണ്. അഡലെയ്ഡ് ടെസ്റ്റിനു മുൻപ് ഓസീസ് ടീം അംഗങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിയ ആർച്ചി ഓസീസ് നായകൻ ടിം പെയ്നൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തതിനു ശേഷമാണു മടങ്ങിയത്.

ലെഗ് സ്പിന്നർ

ഓസീസ് ഓഫ് സ്പിന്നർ നേഥൻ ലയണിന്റെ കടുത്ത ആരാധകനാണ് ആർച്ചി. പക്ഷേ, ലെഗ് സ്പിൻ ബോളിങിനോണു കമ്പം. പരീശീലനവേളയിൽ ഓസീസ് ടീമിനായി എന്തുചെയ്യാനാണ് ആഗ്രഹം എന്നുള്ള ചോദ്യത്തിനുള്ള ആർച്ചിയുടെ ഉത്തരം ഇങ്ങനെ, ‘എനിക്ക് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകനം’!

ആർച്ചിയുടെ മുൻഗാമികൾ

1. വിക്ടർ: 

കിഡ്നി രോഗ ബാധിതനായ വിക്ടർ എന്ന പതിനാറുകാരൻ ഒരു ദിവസത്തേക്കു യുഎസിലെ ഹാർഗ്രോവ് ജില്ലാ കോടതിയുടെ ജഡ്ജിയായി.

2. ജാവോ– ഫ്രാൻസിസ്ക: 

റഷ്യ ലോകകപ്പിനു മുൻപ് ജാവോ– ഫ്രാൻസിസ്ക എന്നീ കുട്ടികൾക്കൊപ്പം പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചെലവിട്ടതു മണിക്കൂറുകൾ.

3. ഫ്രാങ്കി കോലുറാഫിക്കി: 

മസ്തിഷ്ക ജ്വരം ബാധിച്ച പതിനാറുകാരൻ ഫ്രാങ്കി അമേരിക്കൻ ഫുട്ബോൾ‌ ലീഗിൽ റേവൻസിനായി ഒരു മൽസരത്തിൽ കളിച്ചു.

4. ക്രിസ് ഡേവിസ്: 

കാൻസർ ബാധികനായി ക്രിസ് ഡേവിഡ് എന്ന 10 വയസ്സുകാരൻ അമേരിക്കൻ ബേസ്ബോൾ ക്ലബ് ഓക്‌ലൻഡ് അത്‌ലറ്റിക്സിനായി അരങ്ങേറി.

∙ സാറ (ആർച്ചിയുടെ അമ്മ): എത്രനാൾ ആർച്ചി ഞങ്ങളോടൊപ്പമുണ്ടാകും എന്നതിൽ ഉറപ്പൊന്നുമില്ല. അവന്റെ ഓരോ ദിവസവും സന്തോഷപ്രദമാക്കാൻ ഞങ്ങൾ ശീലിച്ചിരിക്കുന്നു. കൂട്ടുകാർക്കൊപ്പം കളിക്കാൻ പറ്റാത്തതിനാൽ മുറിയിലിരുന്നു പുസ്തകം വായിച്ചു എന്ന് അവൻ കഴിഞ്ഞദിവസം പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി.