മെൽബൺ∙ നല്ല തുടക്കം; ഓപ്പണർമാരെ മാറ്റിപ്പരീക്ഷിച്ചപ്പോൾ ഇന്ത്യ മോഹിച്ചതും ഇതു തന്നെ. ഹനുമ വിഹാരിയും (8) അരങ്ങേറ്റക്കാരൻ മായങ്ക് അഗർവാളും( 76) ടീമിനെ കൈവിട്ടില്ല. പുതിയ പന്തിന്റെ തിളക്കം മാറുന്നതു വരെ, 18.5 ഓവർ പിടിച്ചുനിന്ന അവർ നൽകിയ അടിത്തറയിൽ നിന്ന് ഇന്ത്യ ആത്മവിശ്വാസത്തിന്റെ ഇരട്ട സെഞ്ചുറി പിന്നിട്ടു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തിട്ടുണ്ട്. 68 റൺസെടുത്തു ചേതേശ്വർ പൂജാരയും 47 റൺസെടുത്ത് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ക്രീസിൽ.
∙ പുതിയ തുടക്കം
ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓപ്പണർമാർ നിറംകെട്ടത് ഇന്ത്യൻ ബാറ്റിങ് നിരയെ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. ഫോമിലല്ലാത്ത മുരളി വിജയിന്റെയും കെ.എൽ. രാഹുലിന്റെയും സ്ഥാനം അതോടെ തെറിച്ചു. 68 പന്തുകളിൽ നിന്ന് എട്ടു റൺസ് മാത്രമെടുത്ത ഹനുമ വിഹാരിക്കു തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും നിശ്ചയദാർഢ്യത്തോടെ വിക്കറ്റുകാത്തതു പിന്നീടെത്തിയവർക്കു ഗുണം ചെയ്തു. കോട്ടകെട്ടിയ പോലെ പന്ത് പ്രതിരോധിച്ചതോടെ ഒട്ടും തുണയ്ക്കാത്ത പിച്ചിൽ ബോളർമാരുടെ ജോലിഭാരം കൂടി. ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യ നേടിയത് 40 റൺസ്. 33–ാം മിനിറ്റിൽ 25–ാം പന്തിലാണ് വിഹാരി ആദ്യ റൺ സ്വന്തമാക്കിയത്.
∙ തിളങ്ങി മായങ്ക്
അപ്രതീക്ഷിതമായി ടീമിലേക്കു ക്ഷണം ലഭിച്ച മായങ്ക് അവസരം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി അർഹിച്ച പ്രകടനം പക്ഷേ, 78 റൺസിൽ അവസാനിച്ചു. 161 പന്തുകൾ നേരിട്ട മായങ്ക് എട്ടു ബൗണ്ടറിയും നേടി. ഓസ്ട്രേലിയയിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ അർധ സെഞ്ചുറി പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും മായങ്ക് സ്വന്തമാക്കി. സിഡ്നിയിൽ 1947ൽ 51 റൺസ് നേടിയ ദത്തു ഫഡ്കറാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം. മഹാരാഷ്ട്രയ്ക്കെതിരെ 2017ൽ രഞ്ജിട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടിയതോടെയാണ് മായങ്ക് ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയനായത്.
ഇന്ത്യൻ സ്കോർ 123 റൺസിലെത്തിയപ്പോൾ പാറ്റ് കമ്മിൻസിനു രണ്ടാം വിക്കറ്റ് സമ്മാനിച്ച് മായങ്ക് പുറത്തായി. പൂജാര– മായങ്ക് സഖ്യം സ്വന്തമാക്കിയത് 83 റൺസ്. ഈ വർഷം വിദേശത്തു നടന്ന 11 ടെസ്റ്റുകളിൽ രണ്ടാം തവണ മാത്രമാണ് 100 റൺസിനു മേലെ സ്കോർ ബോർഡിലായതിനു ശേഷം ക്രീസിലെത്താൻ കോഹ്‌ലിക്ക് ഭാഗ്യമുണ്ടായത്!
∙ കോഹ്‌ലി– പൂജാര
ഓസീസിന് ആദ്യദിനം കൂടുതൽ വിക്കറ്റുനേട്ടം സമ്മാനിക്കാതെ പൂജാര– കോഹ്‌ലി സഖ്യം പിടിച്ചുനിന്നു. 152 പന്തുകളിൽ 21–ാം അർധ സെഞ്ചുറി പൂജാര നേടിയപ്പോൾ ,കയ്യടികളുടെയും കൂവലിന്റെയും പശ്ചാത്തലത്തിൽ പിച്ചിലെത്തിയ കോഹ്‌ലി മികച്ച ഷോട്ടുകൾ കൊണ്ടു കളംനിറഞ്ഞു. 70ന് മേലെ സ്ട്രൈക്ക് റേറ്റുമായി ഒരു ഘട്ടത്തിൽ മുന്നേറിയ കോഹ്‌ലിക്ക് പിന്നീടു മികച്ച ബോളിങ്ങിലൂടെ ഓസ്ട്രേലിയ ബ്രേക്കിട്ടു. കോഹ്‌ലിയെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം ഓസ്ട്രേലിയ പാഴാക്കുകയും ചെയ്തു. 87–ാം ഓവറിൽ, 47 റൺസിൽ നിൽക്കെ സ്റ്റാർക്കിന്റെ പന്ത് കോഹ്‌ലിയുടെ ബാറ്റിലുരസിയെത്തിയെങ്കിലും ടിം പെയ്ൻ താഴെയിട്ടു. വാക്കുകൾ കൊണ്ട് കോഹ്‌ലിക്ക് അതേ നാണയത്തിൽ മറുപടി പറഞ്ഞ പെയ്ൻ ഏറെ നിരാശപ്പെട്ട നിമിഷം; കോഹ്‌ലി ഉള്ളുനിറഞ്ഞു ചിരിച്ച നിമിഷവും !
∙18.5
ഇന്ത്യൻ ഓപ്പണർമാർ ഇന്നലെ പിടിച്ചുനിന്നത് 18.5 ഓവർ. 2010 ഡിസംബറിനു ശേഷം ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ടെസ്റ്റുകളിൽ നേരിട്ട പന്തുകളുടെ എണ്ണത്തിൽ ഏറ്റവും ദീർഘമായ കൂട്ടുകെട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2010ൽ വീരേന്ദർ സേവാഗ്–ഗൗതം ഗംഭീർ സഖ്യം 29.3 ഓവർ ബാറ്റു ചെയ്തതാണ് ഇതിനു മുൻപത്തെ ഏറ്റവും മികച്ച ഓപ്പണിങ് പ്രകടനം.
∙06
മായങ്ക് അഗർവാൾ– ഹനുമ വിഹാരി സഖ്യം ഈ വർഷം ടെസ്റ്റിൽ ഇന്ത്യയുടെ ആറാമത്തെ ഓപ്പണിങ് സഖ്യം. ഈ വർഷം വിദേശത്തു നടന്ന 11 ടെസ്റ്റുകളിൽ അഞ്ചാമത്തേതും.
∙ സ്റ്റാർ ചാറ്റ്
കോഹ്‌ലിയെ 47 റൺസിൽ വിട്ടു കളഞ്ഞതു നിരാശപ്പെടുത്തി. സ്റ്റാർക്കിൽ നിന്നായിരുന്നു ഇന്നലെ ഏറ്റവും മികച്ച ഓവർ. കോഹ്‌ലിയെ അടിമുടി വിഷമിപ്പിച്ചു. എങ്കിലും ടിം പെയ്നിന്റെ കയ്യിൽ നിന്നു ക്യാച്ച് വഴുതിയതു നിരാശയുണ്ടാക്കി. സാരമില്ല, ഇതു കളിയിൽ സംഭവിക്കും. എങ്കിലും പുതിയ പന്ത് രണ്ടാം ദിനം രാവിലെ ഞങ്ങൾക്കു ഭാഗ്യം കൊണ്ടുവരുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.
– ട്രാവിസ് ഹെഡ്
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ് ലഭിക്കുന്നതു വിവരിക്കാനാവാത്ത വികാരമാണ്. ആ നിമിഷങ്ങളിലൂടെ ഞാൻ കടന്നു പോയി. ജീവിതത്തിൽ ഒരിക്കലും മറക്കില്ലിത്. ഈ വികാരങ്ങൾ അടക്കിപ്പിടിച്ചു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏറെ ശ്രമകരമായിരുന്നു. ലക്ഷ്യത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.
– മായങ്ക് അഗർവാൾ
∙ സ്കോർബോർഡ്
ഇന്ത്യ ആദ്യ ഇന്നിങ്സ്
ഹനുമ വിഹാരി സി ആരോൺ ഫിഞ്ച് ബി പാറ്റ് കമ്മിൻസ്– 8
മായങ്ക് അഗർവാൾ സി ടിം പെയ്ൻ ബി പാറ്റ് കമ്മിൻസ്– 76
ചേതേശ്വർ പൂജാര നോട്ടൗട്ട്– 68
വിരാട് കോഹ്‌ലി നോട്ടൗട്ട്– 47
എക്സ്ട്രാസ്– 16
ആകെ 89 ഓവറിൽ രണ്ടിന് 215
വിക്കറ്റ് വീഴ്ച: 1–40, 2–123
ബോളിങ്:
മിച്ചൽ സ്റ്റാർക് 16–6–32–0
ജോഷ് ഹെയ്‌സൽവുഡ് 18–6–45–0
നേഥൻ ലയൺ 21–4–59–0
പാറ്റ് കമ്മിൻസ് 19–6–40–2
മിച്ചൽ മാർഷ് 15–3–23–0