ന്യൂസീലൻഡ് 178, ലങ്ക നാലിന് 88

ലക്മൽ ബോൾ ചെയ്യുന്നു.

ക്രൈസ്റ്റ്ചർച്ച് ∙ ആദ്യം സുരംഗ ലക്മലും പിന്നീട് ടിം സൗത്തിയും; ന്യൂസീലൻഡ്–ശ്രീലങ്ക ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യദിനം വീണതും 14 വിക്കറ്റുകൾ. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കു വേണ്ടി കരിയറിലെ മികച്ച ബോളിങ് പ്രകടനമാണ് ലക്മൽ‍ കാഴ്ച വച്ചത്– 19 ഓവറിൽ 54 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ്.

കൃത്യം 50 ഓവറിൽ കിവീസ് 178നു പുറത്തായി. മറുപടിയായി ലങ്ക നാലിന് 88 എന്ന നിലയിൽ. സൗത്തി മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തെ 68 റൺസെടുത്ത് സൗത്തി തന്നെയാണ് ബാറ്റിങിലും  തിളങ്ങിയത്. ലക്മലിന്റെ ഒരോവറിൽ 14 റൺസ് അടിച്ചെടുത്ത് വീറു കാട്ടിയ സൗത്തി വാട്ട്ലിങുമൊത്ത് ഏഴാം വിക്കറ്റിൽ 108 റൺസ് കൂട്ടിച്ചേർത്തു.

ബോളിങിൽ ഓപ്പണർമാരായ ഗുണതിലകെയെയും (8) കരുണരത്നയെയും (7) മടക്കിയ സൗത്തി പിന്നാലെ ക്യാപ്റ്റൻ ദിനേഷ് ചന്ദിമലിനെയും (6) വീഴ്ത്തി.