മെൽബൺ∙ രണ്ടു ദിവസം പിച്ചിൽ ജീവനറ്റു കിടന്ന പന്തിനെ ജസ്പ്രീത് ബുമ്ര മന്ത്രമോതി പറപ്പിച്ചു! 15 വിക്കറ്റുകൾ വീണ മൂന്നാം ദിവസം അവസാനിച്ചപ്പോഴേക്കും മെൽബൺ ടെസ്റ്റ് വിരസതയിൽ നിന്ന് ആവേശത്തിലേക്ക്. ഇന്ത്യയുടെ 443 റൺസിനു മറുപടിയായി ഓസീസ് വെറും 151 റൺസിനു പുറത്തായി. ഓസ്ട്രേലിയയെ ഫോളോഓണിനു വിളിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചിന് 54 എന്ന നിലയിലാണെങ്കിലും ഇന്ത്യയ്ക്കു സന്തോഷവും ഓസ്ട്രേലിയയ്ക്കു ചങ്കിടിപ്പും കൂടും– ഈ പിച്ചിൽ എങ്ങനെ നാനൂറിനടുത്ത് സ്കോർ പിന്തുടരും? രണ്ടു ദിവസം എത്രത്തോളം പിടിച്ചു നിൽക്കും?
വെറും 33 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് ഓസീസിനെ മുച്ചൂടും മുടിച്ചു കളഞ്ഞത്. ബുമ്രയുടെ കയ്യിൽ നിന്നു വന്ന ഗതിയറിയാ പന്തുകളിൽ ഓസീസ് ബാറ്റ്സ്മാൻമാർ ബാറ്റും പാഡും വച്ചു കീഴടങ്ങി. അപ്രതീക്ഷിത ബൗൺസും പേസും കാണിച്ച പിച്ചിനെ ബുമ്ര ഇരുകയ്യും നീട്ടി പുണർന്നു. ഓസീസ് ബാറ്റ്സ്മാൻമാർ മനസ്സിലാക്കും മുൻപ് പിച്ചിന്റെ സ്വാഭാവമാറ്റത്തെ ബുമ്ര മനസ്സിലാക്കി എന്നതാണ് സത്യം.
കമ്മിൻസ് കസറി
ബുമ്രയിൽ നിന്നു കണ്ടു പഠിച്ചാണ് കമ്മിൻസ് പന്തെറിഞ്ഞത്. ആറ് ഓവർ സ്പെലിൽ വെറും 10 റൺസ് മാത്രം വഴങ്ങി കമ്മിൻസ് നാലു പേരെ മടക്കി. വിരാട് കോഹ്‌ലിയെയും ചേതേശ്വർ പൂജാരയെയും പൂജ്യരാക്കി ലെഗ് ഗള്ളിയിൽ ഹാരിസിന്റെ കയ്യിലെത്തിച്ച കമ്മിൻസ് രഹാനെയെ വിക്കറ്റ് കീപ്പർ പെയ്നും നൽകി. ഹെയ്സൽവുഡിന്റെ പന്തിൽ കട്ട് ചെയ്യാൻ ശ്രമിച്ച രോഹിത് ശർമ(5) സ്ലിപ്പിൽ ഷോൺ മാർഷിന്റെ കയ്യിലേക്കും പോയതോടെ ഇന്ത്യ അഞ്ചിന് 44 എന്ന നിലയിൽ. സഹ ഓപ്പണർ ഹനുമ വിഹാരിയെ(13) നേരത്തെ നഷ്ടപ്പെട്ടെങ്കിലും പിടിച്ചു നിൽക്കുന്ന മായങ്ക് അഗർവാളും (28) ഋഷഭ് പന്തുമാണ്(6) ക്രീസിൽ. നാലാം ദിനം വേഗത്തിൽ റൺസടിച്ചു കൂട്ടി ഓസ്ട്രേലിയയെ ബാറ്റിങിനു വിളിക്കാനാകും ഇന്ത്യൻ പ്ലാൻ.
മാർക്കസ് ഹാരിസ് സി ഇഷാന്ത് ബി ബുമ്ര–22 (13.3 ഓവർ, ഓസ്ട്രേലിയ 2/36)
തലേ ദിവസം ബുമ്ര തന്നെ ഹെൽമറ്റിൽ ബൗൺസർ എറിഞ്ഞ് സൂചന നൽകിയ ഓപ്പണർ മാർക്കസ് ഹാരിസ് ആദ്യ ഇര. ബുമ്രയുടെ ഷോർട്ട് ബോളിൽ ഹുക്കിനു ശ്രമിച്ച ഹാരിസ് ഷോർട്ട് ലെഗിൽ ഇഷാന്തിന്റെ കയ്യിലേക്കു മാമ്പഴം പോലെ വന്നു വീണു. ക്രീസിൽ കഷ്ടപ്പെട്ട ഫിഞ്ചിനെ ഇഷാന്ത് നേരത്തെ പറഞ്ഞയച്ചിരുന്നു.
ഷോൺ മാർഷ് എൽബി ബി ബുമ്ര–19 (32.6 ഓവർ, ഓസ്ട്രേലിയ 4–89)
ചെറുത്തുനിൽപ്പിന്റെ ലക്ഷണങ്ങൾ കാണിച്ച ഖവാജയെ(21) ജഡേജ മടക്കിയതിനു ശേഷം ബുമ്ര കംഗാരു കശാപ്പ് ഏറ്റെടുത്തു. സ്ലോ ഫുൾടോസിനു മുന്നിൽ നിരായുധനായ ഷോൺ മാർഷ് വിക്കറ്റിനു മുന്നിൽ കുരുങ്ങി. ലഞ്ചിനു പിരിയുന്നതിനു തൊട്ടു മുൻപത്തെ പന്തിൽ ഓസീസ് 4–89.
ട്രാവിസ് ഹെഡ് ബി ബുമ്ര–20 (36.4 ഓവർ, ഓസ്ട്രേലിയ 5–92)
142 കി.മീ വേഗതയിൽ സ്വിങ് ചെയ്തു വന്ന പന്ത്. ട്രാവിസ് ഹെഡിന്റെ വിക്കറ്റും ഓസീസ് ബാറ്റിങിന്റെ തലയും ഇളകി. മാർഷിനെ ജഡേജയും കമ്മിൻസിനെ ഷമിയും വീഴ്ത്തിയതോടെ ഓസീസ് ഏഴിന് 138.
ടിം പെയ്ൻ സി പന്ത് ബി ബുമ്ര–22 (64.3 ഓവർ, ഓസ്ട്രേലിയ 8–147)
വിക്കറ്റിനു പിന്നിൽ വായാടിയായ പെയ്നെ വിക്കറ്റിനു മുന്നിൽ ബുമ്ര കളി പഠിപ്പിച്ചു. ബുമ്രയുടെ ഗുഡ്‌ലെങ്ത് ബോൾ പെയ്ന്റെ ബാറ്റിലുരസി. നിലംതൊടും മുൻപ് പന്തിന്റെ ക്യാച്ച്.
നേഥൻ ലയൺ എൽബി ബുമ്ര–0 (66.2 ഓവർ, ഓസ്ട്രേലിയ 9–151)
ബൗൺസറിനു പിന്നാലെ യോർക്കർ. ലയൺ ക്രീസിൽ ‘കൂട്ടിലായി’. മിഡിൽ സ്റ്റംപിനും ലെഗ് സ്റ്റംപിനുമിടയിൽ പന്ത് പാഡിൽ. റീപ്ലേയിൽ പന്ത് ലെഗ് സ്റ്റംപ് തെറിപ്പിക്കുമായിരുന്നെന്നു വ്യക്തം.
ജോഷ് ഹെയ്സൽവുഡ് ബി ബുമ്ര–0 (66.5 ഓവർ, ഓസ്ട്രേലിയ 10–151)
ബുമ്രയുടെ ഫുൾ ഇൻസ്വിങർ. പിന്നോട്ടു വലിഞ്ഞ ഹെയ്സൽവുഡിനെ വിട്ടില്ല. പന്ത് ബാറ്റിൽ തട്ടി ഓഫ്സ്റ്റംപിൽ. ബുമ്രയ്ക്ക് ആറു വിക്കറ്റ്. ഓസീസ് 151 പുറത്ത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിങ്സ് – ഏഴിന് 443 ഡിക്ലയേഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് – ഹാരിസ് സി ഇഷാന്ത് ബി ബുമ്ര–22, ഫിഞ്ച് സി മായങ്ക് ബി ഇഷാന്ത്–8, ഖവാജ സി മായങ്ക് ബി ജഡേജ–21, ഷോൺ മാർഷ് എൽബി ബി ബുമ്ര–19, ട്രാവിഡ് ഹെഡ് ബി ബുമ്ര–20, മിച്ചൽ മാർഷ് സി രഹാനെ ബി ജഡേജ–9, പെയ്ൻ സി പന്ത് ബി ബുമ്ര–22, കമ്മിൻസ് ബി ഷമി–17, സ്റ്റാർക് നോട്ടൗട്ട്–7, ലയൺ എൽബി ബുമ്ര–0, ഹെയ്സൽവുഡ് ബി ബുമ്ര–0, എക്സ്ട്രാസ്–6. ആകെ 66.5 ഓവറിൽ 151നു പുറത്ത്.
വിക്കറ്റ് വീഴ്ച: 1–24, 2–36, 3–53, 4–89, 5–92, 6–102, 7–138, 8–147, 9–151, 10–151.
ബോളിങ്: ഇഷാന്ത് 13–2–41–1, ബുമ്ര 15.5–4–33–6, ജഡേജ 25–8–45–2, ഷമി 10–2–27–1, വിഹാരി 3–2–1–0.
ഇന്ത്യ രണ്ടാം ഇന്നിങ്സ്– വിഹാരി സി ഖവാജ ബി കമ്മിൻസ്–13, മായങ്ക് നോട്ടൗട്ട്–28, പൂജാര സി ഹാരിസ് ബി കമ്മിൻസ്–0, കോഹ്‌ലി സി ഹാരിസ് ബി കമ്മിൻസ്–0, രഹാനെ സി പെയ്ൻ ബി കമ്മിൻസ്–1, രോഹിത് സി ഷോൺ മാർഷ് ബി ഹെയ്സൽവുഡ്–5, ഋഷഭ് പന്ത് നോട്ടൗട്ട്–6, എക്സ്ട്രാസ്–1. ആകെ 27 ഓവറിൽ അഞ്ചിന് 54.
വിക്കറ്റ് വീഴ്ച: 1–28, 2–28, 3–28, 4–32, 5–44
ബോളിങ്: സ്റ്റാർക് 3–1–11–0, ഹെയ്സൽവുഡ് 8–3–13–1, ലയൺ 10–1–19–0, കമ്മിൻസ് 6–2–10–4.