മെൽബൺ∙ ടെസ്റ്റ് ക്രിക്കറ്റിൽ പുത്തൻ ഊർജവുമായി കുതിക്കുന്ന ഇന്ത്യ മെൽബണിലെ വിഖ്യാതമായ മൈതാനത്ത് സ്വന്തമാക്കിയത് തങ്ങളുടെ 150–ാം ടെസ്റ്റ് വിജയം! 1932ൽ രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യ ഇതുവരെ കളിച്ചത് 532 മൽസരങ്ങളാണ്. 1932ൽ ഇംഗ്ലണ്ടിനെതിരെ തോൽവിയോടെ അരങ്ങേറിയ ഇന്ത്യ ആദ്യ ടെസ്റ്റ് ജയത്തിനായി കാത്തിരുന്നത് മൂന്നു പതിറ്റാണ്ടാണ്. 1952ൽ ഇംഗ്ലണ്ടിനെതിരെ ചെന്നൈയിലാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയം കുറിച്ചത്. അന്നുതൊട്ടിതുവരെ കളിച്ച 532 മൽസരങ്ങളിൽനിന്നാണ് ഇന്ത്യ ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ 150–ാം വിജയം കുറിച്ചത്. വിജയ ശതമാനം 28.19. മെൽബണിൽ 137 റൺസിനാണ് ഇന്ത്യൻ ജയം.
ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ വിജയങ്ങളുടെ കണക്കിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ 384 ടെസ്റ്റ് വിജയങ്ങളുമായി ഓസ്ട്രേലിയയാണ് ഏറ്റവും മുന്നിൽ. 364 വിജയങ്ങൾ നേടി ഇംഗ്ലണ്ട് രണ്ടാമതുണ്ട്. വെസ്റ്റ് ഇൻഡീസ് (171), ദക്ഷിണാഫ്രിക്ക (162) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
അതേസമയം, ജയിച്ച മൽസരങ്ങളേക്കാൾ ഇപ്പോഴും തോറ്റ മൽസരങ്ങള്‍ തന്നെയാണ് ഇന്ത്യൻ കണക്കിൽ മുന്നിൽ. ഇതുവരെ 165 മൽസരങ്ങളാണ് ഇന്ത്യ തോറ്റത്. തോൽവി ശതമാനം 31.01. ടൈയിൽ അവസാനിച്ചത് ഒരേയൊരു ടെസ്റ്റാണ്. അതേസമയം, 216 ടെസ്റ്റുകള്‍ സമനിലയിൽ അവസാനിച്ചു. അതായത് 40.60 ശതമാനമാണ് ആകെ സമനില.
നായകസ്ഥാനത്ത് ‘വിജയ’ കോഹ്‍ലി
നായക സ്ഥാനത്ത് വിരാട് കോഹ്‍ലി അത്ര പോരാ എന്ന അഭിപ്രായം ശക്തമാകുമ്പോഴും ടീമിനു സമ്മാനിച്ച വിജയങ്ങളുടെ കണക്കിൽ പുത്തൻ ഉയരങ്ങളിലേക്കാണ് കോഹ്‍ലിയുടെ കുതിപ്പ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റനെന്ന ഖ്യാതിക്ക് ഒരു വിജയം മാത്രം അകലെയാണ് കോഹ്‍ലി. ഇതുവരെ 26 വിജയങ്ങളാണ് കോഹ്‍ലിക്കു കീഴിൽ ടെസ്റ്റിൽ ഇന്ത്യ നേടിയത്. 27 വിജയങ്ങൾ സമ്മാനിച്ച മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയാണ് മുന്നിൽ.
അതേസമയം, വിദേശത്തും ജയം ശീലമാക്കാൻ ഇന്ത്യയെ പഠിപ്പിച്ച സാക്ഷാൽ സൗരവ് ഗാംഗുലിയുടെ ഒരു റെക്കോർഡിനും ഒപ്പമെത്തി കോഹ്‍ലി. വിദേശത്ത് ഏറ്റവും കൂടുതൽ െടസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോർഡ് ഇനി ഗാംഗുലിക്കൊപ്പം ഇനി കോഹ്‍ലിക്കും സ്വന്തം. ഇതുവരെ വിദേശത്ത് 24 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി, 11–ാം വിജയമാണ് മെൽബണിൽ സമ്മാനിച്ചത്. അതേസമയം, 28 ടെസ്റ്റുകളിൽനിന്നാണ് ഗാംഗുലി ടീം ഇന്ത്യയ്ക്ക് 11 വിജയങ്ങൾ സമ്മാനിച്ചത്.
മഹേന്ദ്രസിങ് ധോണിക്കു കീഴിൽ 30 ടെസ്റ്റിൽനിന്ന് ആറു വിജയങ്ങളാണ് വിദേശത്ത് ഇന്ത്യ നേടിയത്. അതേസമയം, രാഹുൽ ദ്രാവിഡിനു കീഴിൽ 17 ടെസ്റ്റിൽനിന്ന് അഞ്ചു വിജയങ്ങൾ നേടിയിട്ടുണ്ട്.
ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയം സമ്മാനിക്കുന്ന നായകനുമായി കോഹ്‍ലി. ഈ വർഷം ദക്ഷിണാഫ്രിക്ക (1), ഇംഗ്ലണ്ട് (1), ഓസ്ട്രേലിയ (2) എന്നീ രാജ്യങ്ങളിലായി നാലു വിജയങ്ങളാണ് ഇന്ത്യ നേടിയത്. 1968ൽ ന്യൂസീലൻഡിൽ മൂന്നു ടെസ്റ്റുകള്‍ ജയിച്ച റെക്കോർഡാണ് കോഹ്‍ലിയും സംഘവും തിരുത്തിയത്.
ബൂം ബൂം ബുമ്ര!
പരമ്പരയിൽ ഇതുവരെ ഓസീസിനെ വിറപ്പിച്ച ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയാണ് മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച്. മെൽബണിൽ ആദ്യ ഇന്നിങ്സിൽ ഓസീസിന്റെ ആറു വിക്കറ്റുകൾ പിഴുത ബുമ്ര, രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റും പോക്കറ്റിലാക്കി. രണ്ട് ഇന്നിങ്സിലുമായി 86 റൺസ് വഴങ്ങി ഒൻപതു വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടേത് ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ പേസ് ബോളറുടെ ഏറ്റവും മികച്ച പ്രകടനമാണ്. 1985ൽ 109 റൺസ് വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തിയ കപിൽ ദേവിന്റെ റെക്കോർഡാണ് ബുമ്ര മറികടന്നത്. 1999ൽ സച്ചിൻ തെൻഡുൽക്കറിനുശേഷം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി ബുമ്ര.
ഈ കണക്കുകളും നോക്കൂ...
∙ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വിജയമാണ് മെൽബണിലേത്. ഇവിടെ 137 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. 2009 – ഇന്നിങ്സിനും 144 റൺസിനും, 1994 – ഇന്നിങ്സിനും 119 റൺസിനും, 1952 – ഇന്നിങ്സിനും എട്ടു റൺസിനും എന്നിവയാണ് വലിയ വിജയങ്ങൾ.
∙ ഈ വർഷം ഇന്ത്യൻ പേസ് ബോളർമാർ മാത്രം 14 ടെസ്റ്റുകളിൽനിന്ന് വീഴ്ത്തിയത് 179 വിക്കറ്റാണ്. ഇതും റെക്കോർഡാണ്. ഏഷ്യൻ രാജ്യങ്ങളിൽനിന്ന് മുൻപ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാൻ ആർക്കുമായിട്ടില്ല.
∙ അരങ്ങേറ്റ വർഷത്തിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര മാറി. ഈ വർഷം ടെസ്റ്റിൽ അരങ്ങേറിയ ബുമ്ര 48 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. 1981ൽ 54 വിക്കറ്റ് വീഴ്ത്തിയ ആൽഡെർമാനാണ് ഒന്നാമത്. 1988ൽ 49 വിക്കറ്റുമായി കോർട്‌ലി ആംബ്രോസ് രണ്ടാമതുണ്ട്.
∙ ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഇഷാന്ത് ശർമ ആറാം സ്ഥാനത്തെത്തി. 267 വിക്കറ്റുകളാണ് ഇഷാന്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. അനിൽ കുംബ്ലെ (619), കപിൽ ദേവ് (434), ഹർഭജൻ സിങ് (417), ആർ.അശ്വിൻ (342), സഹീർ ഖാൻ (311) എന്നിവരാണ് മുന്നിലുള്ളത്.
∙ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ താരങ്ങളെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് മാറി. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു ടെസ്റ്റുകളിൽനിന്ന് 20 പേരെയാണ് പന്തു പുറത്താക്കിയത്. പാക്കിസ്ഥാനെതിരെ 1954–55ൽ 10 പേരെ പുറത്താക്കിയ താംനെ, പാക്കിസ്ഥാനെതിരെ തന്നെ 1979–80ൽ 10 പേരെ പുറത്താക്കിയ സയ്യിദ് കിർമാനി എന്നിവരെയാണ് പന്തു പിന്നിലാക്കിയത്.
∙ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടൂതൽ താരങ്ങളെ പുറത്താക്കിയതിന്റെ റെക്കോർഡും പന്തിനു സ്വന്തം, 2008ൽ ഓസ്ട്രേലിയയുടെ ബ്രാഡ് ഹാഡിൻ 42 പേരെ പുറത്താക്കിയ ശേഷം ഈ വർഷം പന്തും സമാന നേട്ടം കൈവരിച്ചു.
∙ ടോസ് ജയിച്ചാൽ മൽസരം ജയിക്കുന്ന ക്യാപ്റ്റനെന്ന കോഹ്‍ലിയുടെ റെക്കോർഡ് ഒന്നുകൂടി ഭദ്രമായ വർഷമാണ് കടന്നുപോകുന്നത്. ടെസ്റ്റിൽ ഇതുവരെ 21 തവണയാണ് കോഹ്‍ലി ടോസ് ജയിച്ചത്. അതിൽ 18 മൽസരങ്ങളും ഇന്ത്യ ജയിച്ചു. മൂന്നെണ്ണം സമനിലയിൽ അവസാനിച്ചു. വിദേശത്ത് കോഹ്‍ലി ടോസ് ജയിച്ച 9 മൽസരങ്ങളിൽ എട്ടും ഇന്ത്യ ജയിച്ചു. ഒരെണ്ണം മാത്രം സമനിലയിലായി.
∙ പത്തിൽ കൂടുതൽ ടെസ്റ്റ് മൽസരങ്ങൾ നടന്ന വർഷങ്ങളിൽ ഏറ്റവും കുറച്ച് സമനിലകൾ സംഭവിച്ച വർഷം കൂടിയായി ഇത്. ഈ വർഷം ഇതുവരെ നടന്ന 48 ടെസ്റ്റുകളിൽ അഞ്ചെണ്ണം മാത്രമാണ് സമനിലയിൽ അവസാനിച്ചത്. 2002ൽ 46 ടെസ്റ്റിൽനിന്ന് എട്ടെണ്ണം സമനിലയിൽ അവസാനിച്ചതാണ് ഇതിനു മുൻപത്തെ കുറഞ്ഞ സമനിലക്കളി.