മെൽബൺ∙ മൊത്തം നാണക്കേടിന്റെ ടെസ്റ്റായിപ്പോയി ഓസ്‌ട്രേലിയയ്ക്ക് മെൽബണിലെ ബോക്‌സിങ് ഡേ പൂരം. കളത്തിലും കളത്തിനു പുറത്തും തൊട്ടതെല്ലാം പിഴച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ പാറ്റ് കമ്മിൻസ് ഒഴികെ എല്ലാവരും പരാജയമായി. ഋഷഭ് പന്തിനോടും രോഹിത് ശർമയോടും ഇത്തവണയും നാക്കു കൊണ്ടു യുദ്ധത്തിനു ശ്രമിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്‌നിനു വല്ലാത്ത പെയിൻ തന്നെ മറുപടിയായിക്കിട്ടി. എന്നാൽ ഏറെ നാണക്കേടായത് മുൻ ഓസ്‌ട്രേലിയൻ താരം കെറി ഒകീഫിയുടെ കമന്ററിയാണ്.
ഷെയ്ൻ വോൺ, മാർക് വോ എന്നീ ഇതിഹാസ താരങ്ങൾക്കൊപ്പം കമന്ററി ബോക്സ് പങ്കിട്ട ഒകീഫി വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞ് പണി തന്നെ പോക്കുമെന്ന മട്ടിലായി. ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബോളിങ് പരിശീലകൻ ഭരത് അരുൺ, ക്യാപ്റ്റൻ വിരാട് കോഹ്‌ലി, പേസർ ജസ്പ്രീത് ബുമ്ര എന്നിവർ ഒകീഫിക്കു മറുപടി പറയാൻ കിട്ടിയ അവസരങ്ങൾ വിനിയോഗിച്ചത് ആ കമന്റുകൾ ഇന്ത്യക്കാർക്ക് എത്രമാത്രം മുറിവേറ്റുവെന്നതിനു തെളിവാണ്.
∙ ഒകീഫിയുടെ വാവിട്ട വാക്ക്...
മെൽബൺ ടെസ്റ്റിന്റെ തുടക്കത്തിൽ മായങ്ക് ആഭ്യന്തര ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുണ്ടെന്ന് സഹ കമന്റേറ്റർ ചൂണ്ടിക്കാട്ടിയപ്പോൾ ‘ജലന്തർ റയിൽവേ കന്റീൻ’ സ്റ്റാഫിന് എതിരെയായിരിക്കും അതെന്നു ഒകീഫി കളിയാക്കി പറഞ്ഞിരുന്നു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ അൻപതിനു മുകളിലുള്ള ബാറ്റിങ് ശരാശരി എന്നത് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ നാൽപ്പതിനു താഴെയുള്ള ശരാശരിക്ക് തുല്യമാണെന്ന് മുൻ ഓസീസ് ഓപ്പണർ മാർക് വോയും പറഞ്ഞു.
തീർന്നില്ല, കളിയുടെ നാലാം ദിവസം രവീന്ദ്ര ജഡേജയുടെ പേര് പല തവണ തെറ്റിച്ചു. പുജാരയുടെ ചേതേശ്വറും ഒക്കീഫിന്റെ നാക്കിനു വഴങ്ങിയില്ല. ഇതോടെ, താങ്കളുടെ കുട്ടിക്ക് ചേതേശ്വർ ജഡേജയെന്നു പേരിടുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് സഹ കമന്റേറ്റർ ഷെയ്ൻ വോണിനോട് ആരാഞ്ഞ് അടുത്ത പരിഹാസം.
∙ തിരിച്ചടിച്ച് ശാസ്ത്രി, കോഹ്‍ലി, ബുമ്ര
ഇത്രയുമായപ്പോഴേക്കും ഇന്ത്യക്കാർ സമൂഹമാധ്യമങ്ങളിലൂടെ ഒക്കീഫിനു പൊങ്കാലയിടൽ തുടങ്ങി. മൽസരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ബുമ്രയും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റാണ് നേട്ടത്തിന്റെ ആണിക്കല്ലെന്നു എടുത്തു പറഞ്ഞത് വേറെയാരെയും ഉദ്ദേശിച്ചല്ല. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തിന്റെ മികവാണ് ഈ വിജയത്തിനു പ്രാപ്തരാക്കിയതെന്നായിരുന്നു ക്യാപ്റ്റന്റെ വാക്കുകൾ.
‘‘ഞങ്ങളുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഒന്നാന്തരമാണ്. ബോളർമാരെ വെല്ലുവിളിക്കുന്നതാണത്. അതു കൊണ്ടാണ് ഞങ്ങൾ ജയിച്ചതും..’’– കോഹ്‌ലി പറഞ്ഞു. മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ ബുമ്രയും രഞ്ജി ട്രോഫി ക്രിക്കറ്റാണ് അക്ഷീണം അധ്വാനിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്നു പറഞ്ഞു.
മെൽബൺ ടെസ്റ്റിൽ മായങ്ക് അർധ സെഞ്ചുറി നേടിയതിനു പിന്നാലെ തന്നെ കോച്ച് രവി ശാസ്ത്രി ഒകീഫിക്ക് മറുപടി നൽകിയിരുന്നു. ‘ഒകീഫി ഒരു കോഫി ഷോപ്പ് തുടങ്ങുമ്പോൾ മായങ്ക് അവിടെ വരും. എന്നിട്ട് നമുക്ക് നോക്കാം; ഇന്ത്യൻ കോഫിയാണോ ഓസ്ട്രേലിയൻ കോഫിയാണോ മികച്ചതെന്ന്..’ എന്നാണ് ശാസ്ത്രി പറഞ്ഞത്. ബോളിങ് പരിശീലകൻ ഭരത് അരുൺ മറുപടി കളത്തിൽ നൽകുമെന്നാണ് പറഞ്ഞത്.
∙ കത്തിലൂടെ ‘കരഞ്ഞ്’ ഒകീഫി
കാര്യങ്ങൾ ഇത്രയും മോശമായതോടെ ഒകീഫി മൽസരശേഷം വിശദമായ മറുപടിയുമായെത്തി. ഞാനിങ്ങനത്തെ ആളല്ലെന്നു വിലപിക്കുന്നതായിരുന്നു ഇന്ത്യൻ ടീമിനെയും ഇന്ത്യൻ ആരാധകരെയും അഭിസംബോധന ചെയ്യുന്ന തുറന്ന കത്ത്. തനിക്കെതിരായ കമന്റുകൾ കണ്ടു തകർന്നു പോയെന്നാണ് ഒകീഫി പറയുന്നത്.
‘ഗൗരവമായ കമന്ററിയിൽ നിന്നു വ്യത്യസ്തമായി കാര്യങ്ങൾ പറയുന്നതാണ് എന്റെ രീതി. ഇന്ത്യൻ ക്രിക്കറ്റിനെ അവമതിക്കുന്നതായിരുന്നില്ല ആ വാക്കുകൾ. ക്രിക്കറ്റിങ് നേഷൻ എന്ന നിലയിൽ ഇന്ത്യയെ ഞാൻ ബഹുമാനിക്കുന്നു. ചേതേശ്വർ പൂജാരയും രവീന്ദ്ര ജഡേജയും മികച്ച ക്രിക്കറ്റർമാരാണ്. മാസങ്ങളായി അവരെക്കുറിച്ച് പഠിച്ച് തയാറെടുത്ത ശേഷമാണ് കമന്ററിക്ക് ഇറങ്ങിയത്. എന്നാൽ തക്കസമയത്ത് നാക്കുളുക്കി. അതാണ് സംഭവിച്ചത്. അല്ലാതെ അപമാനിച്ചതല്ല’ – ഒകീഫി കത്തിലൂടെ ‘കരയുന്നു’.