മെൽബൺ∙ ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യൻ വിജയം വാർത്തകളിൽ നിറയുമ്പോഴും ക്രിക്കറ്റ് ലോകം നെഞ്ചേറ്റുന്നത് ആ ബാലനെയാണ്. മൽസരത്തിൽ ടിം പെയ്നൊപ്പം ഓസീസിനെ നയിച്ച ഏഴു വയസ്സുകാരൻ ആർച്ചി ഷില്ലെറിനെ. മെൽബൺ ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിനുശേഷം ഓസീസ് താരങ്ങൾക്കൊപ്പം ഇന്ത്യന്‍ ടീമിനും മാച്ച് ഒഫീഷ്യല്‍സിനും ഹസ്തദാനം നല്‍കുന്ന ഷില്ലെറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ച അലയൊലികൾ അവസാനിക്കുന്നില്ല. അതീവ ഗൗരവത്തോടെ ഇന്ത്യൻ താരങ്ങൾക്ക് ഒന്നൊന്നായി ഹസ്തദാനം നൽകി നടന്നുനീങ്ങുന്ന ഷില്ലെറിന്റെ വിഡിയോ ആരുടെയും മനം നിറയ്ക്കും.
ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഓസീസ് ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചില്ലെങ്കിലും ഓസ്‌ട്രേലിയയുടെ നായകനായിരുന്നു ഈ ഏഴു വയസ്സുകാരന്‍. ഇന്ത്യന്‍ താരങ്ങളും ടീം സ്റ്റാഫും വലിയ ബഹുമാനത്തോടെയാണ് മൽസരശേഷം ആര്‍ച്ചിക്ക് ഹസ്തദാനം നല്‍കിയത്. ഇന്ത്യന്‍ ടീം ആർച്ചിയോട് കാണിച്ച ആദരവിനെ ആദം ഗില്‍ക്രിസ്റ്റും മിച്ചല്‍ ജോണ്‍സണ്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു.
∙ ആരാണ് ആർച്ചി ഷില്ലെർ?
ഹൃദയസംബന്ധമായ അസുഖം മൂലം ഏഴ് വയസ്സിനിടെ ഒട്ടേറെ തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായ കൊച്ചു താരമാണ് ആർച്ചി ഷില്ലെർ. ഗുരുതര രോഗവസ്ഥയിലുള്ള കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രവർത്തിക്കുന്ന ‘മേക്ക് എ വിഷ് ഫൗണ്ടേഷൻ ’ എന്ന സംഘടനയുടെ ശ്രമഫലമായാണ് കടുത്ത ക്രിക്കറ്റ് ആരാധകനായ ആർച്ചി ദേശീയ ടീമിലെത്തുന്നത്. ഇതിനിടെ പലവട്ടം ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ ഹൃദയത്തിൽ ആർച്ചി താലോലിച്ചിരുന്ന സ്വപ്നം യാഥാർഥ്യമായി. സ്റ്റീവ് വോ, പോണ്ടിങ്, ക്ലാര്‍ക്ക് തുടങ്ങിയ മഹാരഥന്‍മാര്‍ അലങ്കാരമാക്കിയ ക്യാപ്റ്റന്‍ സ്ഥാനം. പവലിനയനിലെ പ്രതിഭാധാരാളിത്തം കൊണ്ട് പലര്‍ക്കും അന്യമായ ബാഗി ഗ്രീന്‍ ക്യാപ്പ്!
മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ആർച്ചിയുടെ ഹൃദയത്തിലെ തകരാർ ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. തുടർന്നു 3 വട്ടം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഏഴു വയസിനിടെയുള്ള ഭൂരിഭാഗം സമയവും ആർച്ചി ചെലവിട്ടത് ആശുപത്രിക്കിടക്കയിലാണ്. ഒക്ടോബറിൽ പാക്കിസ്ഥാനെതിരെയുള്ള ഓസീസിന്റെ ടെസ്റ്റ് പര്യടനത്തിനിടെ അർച്ചിയുടെ അമ്മ സാറയുടെ ഫോണിലേക്ക് ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗറുടെ വിഡിയോ കോൾ എത്തി. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമിലേക്കു ‘തിരഞ്ഞെടുക്കപ്പെട്ട’ കാര്യം ലാംഗർ തന്നെ സാറയെ അറിയിച്ചു.
ക്രിക്കറ്റ് പ്രേമിയായ ആർച്ചിയുടെ മുഖത്തു പുഞ്ചിരി വിടർത്താൻ ഓസീസ് ക്രിക്കറ്റ് ബോർഡും പച്ചക്കൊടി കാട്ടിയതോടെ കാര്യങ്ങൾ നീങ്ങിയതു പെട്ടെന്നാണ്. അഡലെയ്ഡ് ടെസ്റ്റിനു മുൻപ് ഓസീസ് ടീം അംഗങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിയ ആർച്ചി ഓസീസ് നായകൻ ടിം പെയ്നൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തതിനു ശേഷമാണു മടങ്ങിയത്. പിന്നീട് ബോക്സി ഡേ ടെസ്റ്റിൽ ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ എന്നിവർക്കൊപ്പം ടോസിടാനും ആർച്ചി കളത്തിലെത്തി.