കോലി, റൂട്ട്, സ്മിത്ത്, കെയ്ൻ ഒന്നിച്ചു ഫോം നിഴലിൽ; അടുത്ത ഫാബ്ഫോർ പണിപ്പുരയിൽ ?
വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ; ലോക ക്രിക്കറ്റിലെ ഫാബ് ഫോർ എന്നറിയപ്പെടുന്ന നാല് സൂപ്പർ താരങ്ങൾക്കുo ഇപ്പോൾ അത്ര നല്ല കാലമല്ല. Fab Four, Jose Buttler, Babar Azam, K.L. Rahul, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ; ലോക ക്രിക്കറ്റിലെ ഫാബ് ഫോർ എന്നറിയപ്പെടുന്ന നാല് സൂപ്പർ താരങ്ങൾക്കുo ഇപ്പോൾ അത്ര നല്ല കാലമല്ല. Fab Four, Jose Buttler, Babar Azam, K.L. Rahul, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ; ലോക ക്രിക്കറ്റിലെ ഫാബ് ഫോർ എന്നറിയപ്പെടുന്ന നാല് സൂപ്പർ താരങ്ങൾക്കുo ഇപ്പോൾ അത്ര നല്ല കാലമല്ല. Fab Four, Jose Buttler, Babar Azam, K.L. Rahul, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ; ലോക ക്രിക്കറ്റിലെ ഫാബ് ഫോർ എന്നറിയപ്പെടുന്ന നാല് സൂപ്പർ താരങ്ങൾക്കുo ഇപ്പോൾ അത്ര നല്ല കാലമല്ല. ഇതിൽ ജോ റൂട്ട്, ടെസ്റ്റ് ക്രിക്കറ്റിൽ മികവുതുടരുന്നുണ്ടെങ്കിലും ഏകദിന, ട്വന്റി 20 ടീമുകൾ ഇടം നേടിയിട്ട് കാലങ്ങളായി (ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് റൂട്ട് ഏറെക്കുറെ വിരമിച്ച മട്ടാണ്). 2019 നു ശേഷം 3 ഫോർമാറ്റിലും ഒരു സെഞ്ചറി കണ്ടെത്താൻ വിരാട് കോലിക്ക് സാധിച്ചിട്ടില്ല. സ്റ്റീവ് സ്മിത്തും ഒരു സെഞ്ചറിക്കായുള്ള കാത്തിരിപ്പുതുടങ്ങിയിട്ട് ഏതാണ്ട് 3 വർഷമായി. വില്യംസൻ ശരാശരിയിൽ മാത്രം ഒതുങ്ങിയ വർഷങ്ങൾ.
ഇങ്ങനെ ഏതാണ്ട് 10 വർഷക്കാലമായി ലോക ക്രിക്കറ്റ് അടക്കിഭരിക്കുന്ന നാല് താരങ്ങളും ഒരേ കാലഘട്ടത്തിൽ തങ്ങളുടെ ഫോമിന്റെ നിഴൽ മാത്രമായി ചുരുങ്ങുന്നത് ഇതാദ്യമായി ആയിരിക്കാം. അതുകൊണ്ടു തന്നെ ക്രിക്കറ്റ് ലോകം തങ്ങളുടെ പുതിയ ഫാബ് ഫോറിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. നിലവിലെ ഫാബ് ഫോറിനു പകരമാവില്ലെങ്കിലും ഏകദിന , ട്വന്റി 20 ക്രിക്കറ്റിലെങ്കിലും ഇവർക്ക് താൽക്കാലിക പകരക്കാരാകാനുള്ള കഴിവ് പുതിയ ഫാബ് ഫോറിന് ഉണ്ടന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ വാദം.
∙ ഫാബ് ഫോർ 2.0
പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ , ഇംഗ്ലിഷ് താരം ജോസ് ബട്‌ലർ , ദക്ഷിണാഫ്രിക്കയുടെ റാസി വാൻഡർ ദസ്സൻ എന്നിവരാണ് നിലവിലെ അപ്രഖ്യാപിത ഫാബ് ഫോർ . നിലവിലെ ബാറ്റിങ് ഫോമും ഐസിസി ബാറ്റിങ് റാങ്കിങ്ങും പരിഗണിച്ചാണ് ഇവരെ ഫാബ് ഫോറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ശ്രേയസ് അയ്യർ, ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡി കോക്, വെന്റിൻഡീസിന്റെ ഷായ് ഹോപ്, ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ്, പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ഫാബ് ഫോറിൽ കയറിപ്പറ്റാൻ ഇവർക്കു തൊട്ടുപുറകേയുണ്ട്.
∙ ബാബറിന്റെ കാലം
കിങ് ഓഫ് ക്രിക്കറ്റ് വിരാട് കോലിയാണെങ്കിൽ പ്രിൻസ് ഓഫ് ക്രിക്കറ്റ് നിലവിൽ പാക്കിസ്ഥാൻ സൂപ്പർതാരം ബാബർ അസമാണ്. ഏതാനും വർഷങ്ങൾ മുൻപുവരെ വിരാട് കോലി സ്വന്തമാക്കി വച്ചിരുന്ന എല്ലാ റെക്കോർഡുകളും ഒന്നൊന്നായി ബാബർ വെട്ടിപ്പിടിക്കുന്ന കാഴ്ചയ്ക്കാണ് ഏതാനും കാലമായി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. നിലവിൽ ഐ സിസിയുടെ ഏകദിന , ട്വന്റി ട്വന്റി ബാറ്റിങ് റാങ്കിങ്ങുകളിൽ ഒന്നാമനാണ് ബാബർ . ടെസ്റ്റിൽ നാലാം റാങ്കും.
ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഐസിസി റാങ്കിങ്ങിൽ ആദ്യ 5ൽ ഇടം പിടിച്ചിരിക്കുന്ന ഏക താരം എന്ന റെക്കോർഡ് നിലവിൽ ബാബറിന് സ്വന്തം , ഒരു കാലത്ത് വിരാട് കോലി മാത്രം കുത്തകയായി കൊണ്ടു നടന്നിരുന്ന നേട്ടം. ഇതുപോലെ ക്രിക്കറ്റിൽ, പ്രത്യേകിച്ച് ഏകദിന, ട്വന്റി ഫോർമാറ്റുകളിൽ കോലി കയ്യടക്കിവച്ചിരുന്ന പല നേട്ടങ്ങളും ഇന്ന് ബാബറിനു സ്വന്തമാണ്. അതുകൊണ്ടു തന്നെ ഫാബ് ഫോറിൽ കോലിക്ക് പകരക്കാരനാകാൻ എന്തു കൊണ്ടും യോഗ്യൻ ബാബർ തന്നെ.
∙ ജോസ് ബട്‌ലർ
ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് ലോക ക്രിക്കറ്റിൽ നിന്നു വിരമിച്ചതോടെ ക്ലാസും മാസും ചേർന്ന വെടിക്കെട്ട് ഇന്നിങ്സുകൾ അന്യം നിന്നു പോകുമെന്നു ഭയന്ന ക്രിക്കറ്റ് ആരാധകർക്കുള്ള ബാക്കപ് ഓപ്ഷനായിരുന്നു ഇംഗ്ലിഷ് ബാറ്റർ ജോസ് ബട്‌ലർ. ഐപിഎലിൽ രാജസ്ഥാൻ റോയൽസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ജോസേട്ടനായി മാറിയ ബട്‌ലർ, കഴിഞ്ഞ ഐപിഎലിൽ നടത്തിയ വെടിക്കെട്ടുകൾ മാത്രം മതി ഫാബ് ഫോറിൽ ഇടം നൽകാൻ.
4 സെഞ്ചറികളാണ് കഴിഞ്ഞ ഐപിഎൽ സീസണിൽ ബട്‌ലർ അടിച്ചു കൂട്ടിയത്. അതിനുശേഷം നടന്ന ഇംഗ്ലണ്ട് - നെതർലൻഡ്സ് ഏകദിന പരമ്പരയിലും ബട്‌ലറുടെ സംഹാര താണ്ഡവം ക്രിക്കറ്റ് ലോകം കണ്ടതാണ്. റാങ്കിങ് പട്ടികയിലൊന്നും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും താൻ കളിക്കുന്ന ടീമിന് എന്താണോ ആവശ്യം അതു കൃത്യമായി നൽകാൻ ബട്‌ലർക്കു കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഫാബ് ഫോറിൽ ബട്‌ലർ സ്ഥാനം പിടിക്കുന്നതും.
∙ കെ.എൽ. രാഹുൽ
രോഹിത് ശർമയും വിരാട് കോലിയും ഫോം ഔട്ട് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നേറ്റ നിരയിൽ ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരം കെ. എൽ. രാഹുലാണ്. ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒരേ മികവോടെ ബാറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് രാഹുലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
ഐപിഎലിൽ തുടർച്ചയായി മൂന്ന് സീസണുകളിൽ 600 മുകളിൽ റൺസ് സ്കോർ ചെയ്യുന്ന ആദ്യതാരമെന്ന റെക്കോർഡിന് ഉടമയാണ് രാഹുൽ. മെല്ലെപ്പോക്കിന്റെ പേരിൽ ഇടയ്ക്ക് വിമർശനം കേൾക്കാറുണ്ടെങ്കിലും രാഹുലിന്റെ കളിമികവിന്റെ കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. അതുകൊണ്ടു തന്നെ ഫാബ് ഫോറിൽ ഒരു ഇന്ത്യൻ സാന്നിധ്യമുണ്ടെങ്കിൽ അതിന് രാഹുലിനെക്കാൾ യോഗ്യൻ മറ്റൊരാളില്ല.
∙ വാൻ ഡർ ദസ്സൻ
ബാബർ, ബട്‌ലർ, രാഹുൽ എന്നീ പേരുകൾ ഏറെക്കുറെ എല്ലാ ക്രിക്കറ്റ് ആരാധകൾക്കും പരിചിതമാണെങ്കിലും ഫാബ് ഫോറിലെ അവസാനക്കാരൻ ദക്ഷിണാഫ്രിക്കയുടെ വാൻ ദർ ദസ്സന്റെ പേര് ക്രിക്കറ്റ് ലോകം കേൾക്കാൻ തുടങ്ങിയിട്ട് വളരെക്കുറച്ച് കാലമേ ആയിട്ടുള്ളൂ. എന്നാൽ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ മധ്യനിരയിലെ വിശ്വസ്തനാകാൻ ദസ്സന് സാധിച്ചിട്ടുണ്ട്. നിലവിൽ ഐസിസി ഏകദിന, ട്വന്റി 20 റാങ്കിങ്ങുകളിൽ ആദ്യ 10ൽ ദസ്സന്റെ പേരുണ്ട്.
സാഹചര്യത്തിനനുസരിച്ച് തന്റെ സ്ട്രൈക്ക് റേറ്റ് കൂട്ടിയും കുറച്ചും ആവശ്യാനുസരണം കളിക്കാൻ സാധിക്കുമെന്നതാണ് ദസ്സന്റെ ഏറ്റവും വലിയ പ്രത്യേകത. വരും കാലങ്ങളിൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഉയർന്നു കേൾക്കാൻ പോകുന്ന ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പേര് വാൻ ദർ ദസ്സന്റേത് ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
∙ഫൈനൽ അല്ല
പുതിയ ഫാബ് ഫോറിന്റെ ലിസ്റ്റ് 'ഫൈനൽ' ആണോ എന്ന കാര്യത്തിൽ ക്രിക്കറ്റ് ആരാധകർക്ക് യാതൊരു ഉറപ്പുമില്ല. കാരണം ഒന്നോ രണ്ടോ വർഷത്തെ കളിമികവു കൊണ്ടല്ല കോലിയും സ്മിത്തും വില്യംസനും റൂട്ടുമെല്ലാം ഫാബ് ഫോറിൽ ഇടം പിടിച്ചത്. ഒരു ദശാബ്ദത്തിൽ ഏറെയായി ഒരേ ഫോമിൽ രാജ്യാന്തര ക്രിക്കറ്റിൽ നടത്തുന്ന പ്രകടന മികവാണ് ഇവർക്ക് ഈ സ്ഥാനം നേടിക്കൊടുത്തത്. അതുകൊണ്ടു തന്നെ കുറഞ്ഞത് ഒരു 5 വർഷമെങ്കിലും ഇതേ ഫോമിൽ തുടരാനായാൽ മാത്രമേ പുതിയ ഫാബ് ഫോറിന് ആ പട്ടം യഥാർഥത്തിൽ ചാർത്തിക്കിട്ടൂ.
English Summary: Jose Buttler, Babar Azam, K.L. Rahul, Rassie Van der Dussen emerging to be the next Fab 4 in limited over format?