ബെർലിൻ ∙ 135 ദിവസം നീണ്ട ചികിൽസയ്ക്കു ശേഷം ജർമനിയുടെ ലോകകപ്പ് ഹീറോ മാരിയോ ഗോട്സെ വീണ്ടും കളത്തിൽ. മെറ്റബോളിക് ഡിസോർഡർ ഉൾപ്പെടെയുള്ള ഫിറ്റ്നസ് പ്രശനങ്ങളെ തുടർന്നായിരുനു, ജർമൻ ബുന്ദസ് ലിഗ ക്ലബ്ബായ ബോറൂസിയ ഡോർട്മുണ്ടിന്റെ താരമായ ഗോട്സെ ഇടക്കാല വിശ്രമമെടുത്തത്. താരത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്ന രോഗാവസ്ഥയാണിതെന്നു റിപ്പോർട്ടുണ്ടായിരുന്നെങ്കിലും, ഫലപ്രദമായ ചികിൽസയ്ക്കു ശേഷം വെള്ളിയാഴ്ച മുതൽ ഇരുപത്തിയഞ്ചുകാരൻ ഗോട്സെ പരിശീലനം തുടങ്ങി.
ഇത് എന്റെ രണ്ടാം ജന്മമാണ് – ബോറൂസിയയുടെ പുതിയ കോച്ച് പീറ്റർ ബോസിന്റെ കീഴിൽ പരിശീലനം പുനരാരംഭിച്ചശേഷം ഗോട്സെ ഫെയ്സ്ബുക്കിൽ കുറിച്ചു. ഗോട്സെ എല്ലാമിനി ആദ്യം മുതൽ തുടങ്ങണമെന്നു കോച്ച് ബോസും പറഞ്ഞു.
ഭക്ഷണത്തിന്റെ ദഹനപ്രക്രിയയിലൂടെ ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്ന പ്രവർത്തനമാണു മെറ്റബോളിസം. ഇതിലുണ്ടാകുന്ന താളപ്പിഴയാണു മെറ്റബോളിക് ഡിസോർഡർ. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ എക്സ്ട്രാ ടൈമിൽ ജർമനിയുടെ കിരീടഗോൾ നേടിയതോടെയാണു മാരിയോ ഗോട്സെ ജർമൻ ഫുട്ബോൾ ആരാധകരുടെ വീരപുരുഷനായത്.