Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിങ്കാൻ ബ്ലാസ്റ്റേഴ്സിൽ തുടരും; കരാർ 3.8 കോടി രൂപയ്ക്കെന്ന്; വീണ്ടും വരാൻ തയാറെന്നു ഹോസു

sandesh-sandhesh-jhingan

കൊല്ലം ∙ പ്രാർഥനകൾക്കും കാത്തിരിപ്പിനും ശുഭാന്ത്യം. ടീമിലെ ഏറ്റവും വിശ്വസ്തനായ പ്രതിരോധനിര താരം സന്ദേശ് ജിങ്കാനെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു. സന്ദേശ് ജിങ്കാനുമായി മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സ് ഒപ്പുവച്ചു.

ഇതോടെ 2020 വരെ ജിങ്കാൻ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമാകും. നേരത്തെ മലയാളി താരം സി.കെ.വിനീതിനെ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിരുന്നു. ഇപ്പോൾ ടീമിലുള്ള രണ്ടു താരങ്ങളെ മാത്രമാണ് ഓരോ ഐഎസ്എൽ ടീമിനും പുതിയ സീസണിനായി നിലനിർത്താനാവുക. 

വിനീതുമായി കഴിഞ്ഞദിവസം കരാറിൽ ഒപ്പുവച്ചപ്പോഴും രണ്ടാമത്തെ താരത്തെ സംബന്ധിച്ച അന്തിമതീരുമാനത്തിൽ  ബ്ലാസ്റ്റേഴ്സ് എത്തിയിരുന്നില്ല. സന്ദേശ് ജിങ്കാനെ നിലനിർത്തണമെന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ ഒന്നടങ്കം ആവശ്യപ്പെട്ടുവരികയായിരുന്നു. മധ്യനിരതാരം മെഹ്ത്താബ് ഹുസൈനെ നിലനിർത്തുമെന്ന വാർത്തകളും ഇടയ്ക്കു വന്നു. 

ഔദ്യോഗികമായി മാനേജ്മെന്റ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 3.8 കോടി രൂപയ്ക്കാണു ജിങ്കാനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതെന്നാണു വിവരം. ഒരു ഇന്ത്യൻ പ്രതിരോധനിരക്കാരനു കിട്ടുന്ന ഉയർന്ന പ്രതിഫലങ്ങളിൽ ഒന്നാണിത്. 

കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ജീവിതകാലം മുഴുവൻ ഓർക്കാനുള്ളതാണെന്നും ഈ ബന്ധം ഒരിക്കലും നിലയ്ക്കാതിരിക്കട്ടെയെന്നും ജിങ്കാൻ തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചു.

എന്റെ വീട്ടിലേക്കു തിരിച്ചുവരികയാണെന്നും ജിങ്കാൻ പറയുന്നു. ജിങ്കാനെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനം പുറത്തുവന്നതോടെ ആരാധകർ ആവേശക്കൊടുമുടിയിലാണ്. താങ്ക്യു മാനേജ്മെന്റ് എന്ന ഹാഷ് ടാഗ് ഉണ്ടാക്കിയാണു സ്നേഹപ്രകടനം. 

മുൻ ഇംഗ്ലണ്ട് പരിശീലകൻ സ്വെൻ എറിക്സണെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുവെന്നും വാർത്തകളുണ്ട്. ഇതിനിടെ കേരളത്തിന്റെ പ്രിയതാരം ഹോസു പ്രീറ്റോ വീണ്ടും കേരളത്തിലേക്കെത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

തന്റെ ട്വിറ്റർ വഴിയാണു ഹോസു ഇക്കാര്യം അറിയിച്ചത്. എന്നാൽ മാനേജ്മെന്റ് ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും മറ്റുചിലതാരങ്ങളെ സമീപിച്ചതായി അറിയാമെന്നും ഹോസു ട്വീറ്റ് ചെയ്തു.