Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശപ്പാടത്ത് മലപ്പുറം

Mud-football ഇതു മലപ്പുറത്തിന്റെ ആവേശം.... മലപ്പുറം വെസ്റ്റ് കോഡൂരിൽ കഴിഞ്ഞ വർഷം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച മഡ്ഫുട്ബോളിൽ നിന്ന്. ചിത്രം: സമീർ എ. ഹമീദ്

പാടത്തു ചേറു നിറഞ്ഞാൽപ്പിന്നെ മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾക്കു വീട്ടിൽ ഇരുന്നാൽ ഇരിപ്പുറയ്ക്കില്ല..! പാടത്തെ ചേറിനോടും തകർത്തു പെയ്യുന്ന മഴയോടും പടവെട്ടി കാൽപ്പന്തു തട്ടാൻ തലയുയർത്തി നിൽക്കുന്ന ചെറുപ്പക്കാർക്കു മഴക്കാലമെന്നാൽ മഡ് ഫുട്ബോളിന്റെ സീസണാണ്. ചെളിയിൽ വീണുരുണ്ടും പാടത്തിലൂടെ തെന്നിയോടിയും ഗോളടിക്കാൻ താരങ്ങൾ വെമ്പൽകൊള്ളുമ്പോൾ പാടത്തിനിരുവശത്തും കാണികൾ തിങ്ങിനിറയും ... ആർത്തിരമ്പിപെയ്യുന്ന മഴയുടെ വായടപ്പിക്കാൻ പോന്ന ആർപ്പുവിളികളുമായി! 

‘മഴക്കളി’യായതിനാൽ മഡ്ഫുട്ബോളിൽ നിയമങ്ങൾക്ക് ചില മാറ്റങ്ങളുണ്ട്. മത്സരങ്ങളിൽ കളിക്കാർക്ക് ബൂട്ട് ഉപയോഗിക്കാനാകില്ല എന്നതാണ് ആദ്യത്തേത്. ടീമിലെ കളിക്കാരുടെ എണ്ണം ടൂർണമെന്റുകൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. സെവൻസിൽ തുടങ്ങി മൂന്നു പേർ മാത്രമിറങ്ങുന്ന ‘ത്രീസ്’ ടൂർണമെന്റുകൾ വരെ മലപ്പുറത്ത് സജീവമാണ്. കളി നിയന്ത്രിക്കുന്ന റഫറിമാരുടെ എണ്ണം രണ്ട്. കളി പരുക്കനായാൽ സാധാരണ ടൂർണമെന്റുകളിലെ പോലെ മഞ്ഞക്കാർഡും ചുവപ്പുകാർഡും റഫറിക്ക് ഉപയോഗിക്കാം.

15 മിനിറ്റോ 20 മിനിറ്റോ ആണ് ഹാഫ്ടൈം ദൈർഘ്യം. കളിക്കിടെ റഫറിയുടെ സമ്മതമില്ലാതെ തന്നെ ടീമുകൾക്ക് സബ്സ്റ്റിറ്റ്യൂഷനുകൾ നടത്താം. ഇതിന് പരിധിയില്ല. കളിക്കിടെ കണ്ണിലേക്കു ചെളി തെറിച്ചാൽ കണ്ണു വ‍ൃത്തിയാക്കാൻ ഗ്രൗണ്ടിനോടു ചേർന്നു തന്നെ വെള്ളം തയാറാക്കിവച്ചിരിക്കും. റഫറിയുടെ സമ്മതമില്ലാതെ തന്നെ കളിക്കിടെ ഇതുപയോഗിക്കാം. ഒന്നോ രണ്ടോ ദിവസം കൊണ്ടു പൂർത്തിയാകുന്ന തരത്തിലായിരിക്കും ടൂർണമെന്റുകളുടെ ക്രമീകരണം. 2015 മുതൽ മലപ്പുറം ഡിടിപിസി കായികപ്രേമികൾക്കായി മഡ് ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നുണ്ട്.