കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള ഏക ടീമായ ഗോകുലം കേരള എഫ്സിയുടെ കളിക്കാരെ പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സ് മുൻതാരം സുശാന്ത് മാത്യുവാണു ക്യാപ്റ്റൻ. 25 അംഗ ടീമിൽ മലയാളികൾക്കൊപ്പം ഏഴു വിദേശതാരങ്ങളും മറ്റു സംസ്ഥാനക്കാരായ 11 കളിക്കാരുമുണ്ട്. ബിനോ ജോർജാണ് പരിശീലകൻ.
27ന് ഷില്ലോങ്ങിൽ ഷില്ലോങ് ലജോങ് എഫ്സിയുമായാണ് ടീമിന്റെ ആദ്യമൽസരം. ഡിസംബർ നാലിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ചെന്നൈ സിറ്റി എഫ്സിയുമായി ആദ്യ ഹോം മൽസരം. കോഴിക്കോട്ടെ മൽസരങ്ങളുടെ സീസൺ ടിക്കറ്റുകൾ ഇന്നു മുതൽ സ്റ്റേഡിയത്തിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഗോകുലം ഓഫിസുകളിലും ലഭിക്കും. ക്ലബ് ലോഗോ പ്രകാശനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ, ക്ലബ് പ്രസിഡന്റ് വി.സി. പ്രവീൺ, കെഡിഎഫ്എ സെക്രട്ടറി പി. ഹരിദാസ് എന്നിവർ പങ്കെടുത്തു.