Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിക്കെടുക്കും മുൻപേ ഉയർന്നുപൊങ്ങി പന്ത്; റൊണാള്‍ഡോയുടെ മാജിക് പെനൽറ്റി - വിഡിയോ

cristiano-goal

മഡ്രിഡ്∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ പെനൽറ്റി കിക്കിൽ എന്തെങ്കിലും മാജിക്? ചാംപ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ ക്രിസ്റ്റ്യാനോ നേടിയ പെനൽറ്റി ഗോളിനു പിന്നിലെ ശാസ്ത്രവും ഇന്ദ്രജാലവും അന്വേഷിച്ചു തല പുകയ്ക്കുകയാണിപ്പോൾ ഫുട്ബോൾ പ്രേമികൾ.

സംഭവം ഇങ്ങനെ: പെനൽറ്റി സ്പോട്‌കിക്ക് എടുക്കുന്നതിനു മുൻപു ക്രിസ്റ്റ്യാനോ അൽപനേരം കണ്ണടച്ചു ധ്യാനിക്കുന്നു. തുടർന്ന്, സ്പോട്‌കിക്കിനായി ഓടിയെത്തിയ താരം, പന്തിനടുത്തു തന്റെ ഇടതുകാൽ ശക്തിയായി വച്ചപ്പോൾ, ടർഫിൽനിന്നു പന്ത് അൽപമുയർന്നു. അടുത്ത സെക്കൻഡിൽ ക്രിസ്റ്റ്യാനോയുടെ വലംകാലൻ ഷോട്ട് പിഎസ്ജി ഗോൾകീപ്പർ അൽഫോൻസ് അരിയോളയെ മറികടന്നു വലയിൽ!

സമൂഹ മാധ്യമങ്ങളിൽ തീപ്പൊരിയിട്ടു കഴിഞ്ഞു ക്രിസ്റ്റ്യാനോയുടെ ആ ഗോൾ. എന്തു മന്ത്രവാദമാണു ഷോട്ടെടുക്കും മുൻപു ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയതെന്ന മട്ടിലാണു പ്രചാരണങ്ങൾ.

ക്രിസ്റ്റ്യാനോ കിക്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം സൂം ചെയ്യുമ്പോൾ ഒരു കാര്യം വ്യക്തം. കിക്ക് എടുക്കുന്നതിന് ഓടിയെത്തിയ ക്രിസ്റ്റ്യാനോ ഇടതുകാൽ പന്തിനു സമീപം നിലത്തേക്കു കുത്തുമ്പോൾ, അതിന്റെ ശക്തിയിൽ ടർഫിൽനിന്നു പന്ത് അൽപമൊന്നുയരുന്നതു കാണാം. ഉയർന്ന പന്തു താഴുന്നതിനു മുൻപേ, വലംകാൽ ഷോട്ട്. ഷോട്ടിന്റെ അതേദിശയിൽ ചാടിയിട്ടു പോലും പിഎസ്ജി ഗോളിക്കു തടയാൻ കഴിയാത്തത്ര വേഗമായിരുന്നു പന്തിന്.

ഇതേക്കുറിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പഴയ കൂട്ടാളി, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാന്റ് വിശദീകരണവുമായെത്തി. മാൻ. യുണൈറ്റഡിൽ പരിശീലിക്കുന്ന കാലത്തു ക്രിസ്റ്റ്യാനോ ഇതു പരീക്ഷിക്കാറുണ്ടായിരുന്നത്രേ. അൽപമൊരു തമാശയാണു സംഗതിയെങ്കിലും ഇതൊക്കെ നടപ്പാക്കാൻ ക്രിസ്റ്റ്യാനോയ്ക്കേ സാധിക്കൂ! – ഫെർഡിനാന്റ് ട്വിറ്ററിൽ കുറിച്ചു.