ബാർസിലോന∙ ആഘോഷിക്കാൻ മെസ്സിക്ക് ഓരോരോ കാരണങ്ങൾ! മൂന്നാമത്തെ മകൻ സിറോ ജനിച്ച് ആറാം ദിനം മെസ്സി നൂകാംപിനെ ആഘോഷത്തിമർപ്പിലാഴ്ത്തി. മെസ്സിയുടെ സുന്ദരമായ രണ്ടു ഗോളിലും അതിസുന്ദരമായ ഒരു അസിസ്റ്റിലും ചെൽസിയെ 3–0നു തകർത്ത് ബാർസിലോന ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. മെസ്സിയുടെ അസിസ്റ്റിൽനിന്ന് ഒസ്മാൻ ഡെംബെലെയാണ് ബാർസയുടെ ഒരു ഗോൾ നേടിയത്. ഇരുപാദങ്ങളിലുമായി ബാർസയുടെ ജയം 4–1ന്.
ഇതോടെ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുശേഷം ചാംപ്യൻസ് ലീഗിൽ നൂറു ഗോളുകൾ തികയ്ക്കുന്ന താരമായി ലയണൽ മെസ്സി. 123 മൽസരങ്ങളിൽനിന്നാണു മെസ്സി നൂറു ഗോളുകൾ തികച്ചത്. റൊണാൾഡോയ്ക്ക് 137 മൽസരങ്ങൾ വേണ്ടിവന്നു.
തുർക്കിഷ് ക്ലബ് ബെസിക്റ്റാസിനെ ഇരുപാദങ്ങളിലുമായി 8–1നു തകർത്ത് ബയൺ മ്യൂണിക്കും അവസാന എട്ടിലെത്തി. ഇസ്തംബുളിലെ രണ്ടാം പാദത്തിൽ 3–1നാണ് ബയണിന്റെ ജയം. ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് ഇതോടെ പൂർത്തിയായി. റയൽ മഡ്രിഡ്, ബാർസിലോന, ബയൺ മ്യൂണിക്ക്, യുവെന്റസ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, എഎസ് റോമ, സെവിയ്യ എന്നിവരാണ് ക്വാർട്ടറിലെത്തിയ ടീമുകൾ. ക്വാർട്ടർ ഫൈനൽ മൽസരക്രമം ഇന്നറിയാം.
∙ മെസ്സി ഗോൾസ്
നൂകാംപിൽ ‘ഗോഡ് സേവ് ദ് കിങ്’ എന്ന ബാനറുയർത്തിയ ആരാധകരെ കളി തുടങ്ങി 129–ാം സെക്കൻഡിൽ മെസ്സി പ്രത്യഭിവാദ്യം ചെയ്തു. ചെൽസി കളിക്കാരെ കാഴ്ചക്കാരാക്കി മെസ്സിയും സ്വാരെസും ഡെംബെലെയും നടത്തിയ വൺ ടച്ച് മുന്നേറ്റം വെറും എട്ടു ഡിഗ്രി ആംഗിളിൽനിന്നു മെസ്സി തൊടുത്ത ഷോട്ടിൽ ചെൽസി ഗോൾ കീപ്പർ തിബോട്ട് കോർട്ടോയുടെ കാലുകൾക്കിടയിലൂടെ ഗോളിലേക്കു പോയി – മെസ്സിയുടെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ. ആദ്യപാദത്തിൽ 1–1 സമനില പിടിച്ചതിനാൽ ചെൽസിക്ക് അപ്പോഴും പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു.
എന്നാൽ ഡെംബെലെയ്ക്കു രണ്ടാം ഗോൾ ഒരുക്കിക്കൊടുത്തതിനു ശേഷം 63–ാം മിനിറ്റിൽ മെസ്സിയുടെ രണ്ടാം ഗോളിൽ അതു തീർന്നു. പന്തുമായി ഓടിക്കയറിയ സ്വാരെസ് ബോക്സിന് അടുത്തെത്തിയപ്പോഴേക്കും ചെൽസി ഡിഫൻഡർമാർ വഴിയടച്ചു.
അതോടെ സ്വാരെസ് മെസ്സിക്കു പന്ത് മറിച്ചു. മോസസിനെ മറികടന്നു മെസ്സി തൊടുത്ത ഷോട്ട് ഒരിക്കൽക്കൂടി കോർട്ടോയുടെ കാലുകൾക്കിടയിലൂടെ പോയി. മെസ്സി തൊട്ടതെല്ലാം പൊന്നാക്കിയപ്പോൾ ചെൽസി താരങ്ങൾക്ക് എല്ലാം പിഴച്ചു. മാർക്കോ അലോൻസോയുടെ ഒരു ഫ്രീകിക്ക് ബാർസ ഗോൾ കീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റെഗന്റെ കയ്യെത്താ ദൂരത്തായിരുന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. അലോൻസോയെ ഒരുവട്ടം ജെറാർദ് പിക്വെ വീഴ്ത്തിയതിനു റഫറി പെനൽറ്റി നൽകിയതുമില്ല. വില്ലിയനും ഹസാർഡുമെല്ലാം അധ്വാനിച്ചു കളിച്ചപ്പോൾ മുൻ ബാർസ താരം കൂടിയായ സെസ്ക് ഫാബ്രിഗാസ് പാടേ നിറം മങ്ങി.
∙ മെസ്സി നിമിഷം
കളിയിൽ മെസ്സിയുടെ ഏറ്റവും സുന്ദരനിമിഷം പക്ഷേ രണ്ടു ഗോളുമല്ല; അത് 27–ാം മിനിറ്റിൽ ആരും കാണാത്ത വഴിയിലൂടെ ഡെംബെലെയ്ക്കു വച്ചു നീട്ടിയ പന്താണ്. മധ്യവരയ്ക്കടുത്തു നിന്ന് ഫാബ്രിഗാസിൽനിന്നു പന്തു റാഞ്ചിയ മെസ്സി അതുമായി കുതിക്കുമ്പോൾത്തന്നെ നൂകാംപിലെ ഗാലറി ഇരിപ്പിടങ്ങളിൽനിന്ന് എഴുന്നേറ്റിരുന്നു – ദൈവമേ, ഗോളിലേക്കുള്ള ഓട്ടമാണല്ലോ അത്! തടയാനെത്തിയ ചെൽസി ഡിഫൻഡർമാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് മെസ്സി ബോക്സിനടുത്തെത്തുമ്പോൾ സ്വാരെസ് സമാന്തരമായി ഓടിയെത്തിയിരുന്നു.
പക്ഷേ, മൈതാനത്തെ 21 താരങ്ങളും ഗാലറിയിലെ പതിനായിരങ്ങളും ടിവിയിൽ കളി കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിനുപേരും കാണാത്ത കാഴ്ച മെസ്സി കണ്ടു – വലതു പാർശ്വത്തിലൂടെ ഓടിയെത്തുന്ന ഒസ്മാൻ ഡെംബെലെ. ഡെംബെലെ ഓടിയെത്തുന്നതിനായി അൽപനേരം ചെൽസി ഡിഫൻഡർമാരെ വെട്ടിച്ചു കാത്തുനിന്ന മെസ്സി ഒടുവിൽ സ്കെയിലുവച്ചു വരച്ചപോലെ ക്രോസ് നൽകി. ഒറ്റനിമിഷംകൊണ്ടു ചെൽസി താരങ്ങളെല്ലാം ചിത്രത്തിൽനിന്നു പുറത്ത്. ഒന്നിച്ചു കളിച്ച് മെസ്സിയുടെ മനസ്സറിയാവുന്ന സ്വാരെസ് പോലും അമ്പരന്നുപോയി. പന്തിനെ ഒന്നു പാകപ്പെടുത്തി ഫ്രഞ്ച് താരം തൊടുത്ത ഷോട്ട് ഗോൾവലയുടെ മുകൾഭാഗം തൊട്ടു.
∙ അന്റോണിയോ കോണ്ടെ: അൻപതു വർഷങ്ങൾക്കിടെ ജനിക്കുന്ന അൽഭുത നക്ഷത്രമാണ് ലയണൽ മെസ്സി. മെസ്സിയെപ്പോലൊരു താരത്തെ സ്വന്തമാക്കാൻ ഏതൊരു ടീമിനും ആഗ്രഹമുണ്ടാകും. പക്ഷേ, മെസ്സിക്ക് അങ്ങനെയൊരു ആഗ്രഹം കാണില്ല. അദ്ദേഹം ബാർസയിൽ തന്നെ കളിയവസാനിപ്പിക്കും എന്നാണ് ഞാൻ കരുതുന്നത്..(ചെൽസി പരിശീലകൻ)