ബാർസിലോന∙ ലാ ലീഗ സീസണിലെ ആദ്യ പോരാട്ടത്തില്‍ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും ജയം. ബാര്‍സ, റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കു തോല്‍പിച്ചു. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഡിപോര്‍ട്ടിവോയെ തോല്‍പ്പിച്ചാണ് റയല്‍ മഡ്രിഡ് വരവറിയിച്ചത്.
ബാര്‍സിലോന ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ബാര്‍സ ടീം മല്‍സരത്തിനിറങ്ങിയത്. ജഴ്സിയില്‍ സ്വന്തം പേരിനുപകരം ബാർസിലോന എന്ന് എഴുതിയായിരുന്നു നൂകാംപിലെ മൈതാനത്തു ബാർസ താരങ്ങള്‍ ഇറങ്ങിയത്. റാംബ്‌ലാസില്‍ ജീവന്‍ പൊലിഞ്ഞവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ അവര്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. റിയല്‍ ബെറ്റിസും പതിവില്‍നിന്നു വ്യത്യസ്തമായി പ്രത്യേകം ജഴ്സിയണിഞ്ഞു.
മെസിയുടെ ഫ്രീ കിക്കില്‍ ഊര്‍ജം ഉള്‍ക്കൊണ്ട മല്‍സരത്തില്‍ റിയല്‍ ബെറ്റിസ് താരം അലിന്‍ ടോസ്കയുടെ വക സെല്‍ഫ് ഗോളായിരുന്നു ആദ്യം. തൊട്ടടുത്ത നിമിഷം ബാഴ്സയുടെ ലീഡുയര്‍ത്തി സെര്‍ജി റോബര്‍ട്ടോ രണ്ടാമത്തെ ഗോളടിച്ചു. തുടര്‍ന്നങ്ങോട്ട് ഗോള്‍ രഹിതമായിരുന്നു മല്‍സരം. മെസിയടക്കമുള്ളവരുടെ ശ്രമങ്ങള്‍ പാഴായി. മല്‍സരം 2-0ന് ബാഴ്സയ്ക്ക് സ്വന്തമായി.
ബാർസിലോന രണ്ടടിച്ചപ്പോള്‍ ഡിപോര്‍ട്ടിവോയെ തകര്‍ത്ത് മൂന്നു ഗോളുകള്‍ വലയ്ക്കുള്ളിലാക്കിയായിരുന്നു റയല്‍ മഡ്രിഡ് വരവറിയിച്ചത്. 20–ാം മിനിറ്റില്‍ ഗരെത് ബെയ്ല്‍ ആദ്യ ഗോളിലുടെ റയല്‍ ആരാധകരെ ആവേശം കൊള്ളിച്ചു. 27–ാം മിനിറ്റില്‍ കാസിമെരോയുടെ മനോഹരമായ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതിയില്‍ ടോണി ക്രൂസിന്റെ വകയായിരുന്നു റയലിന്റെ മൂന്നാമത്തെ ഗോള്‍. ലെവന്റെയാണ് അടുത്ത മല്‍സരത്തില്‍ റയലിന്റെ എതിരാളി. ബാർസയ്ക്ക് അലാവസാണ് അടുത്ത എതിരാളികള്‍.