Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്ത്രങ്ങളുടെ അമരത്ത് ബാലനല്ല സതീവൻ

Satheevan Balan-Kerala coach സതീവൻ ബാലൻ

കൊൽക്കത്ത ∙ കാൽപന്തിലെ സന്തോഷം തിരിച്ചുപിടിച്ച കേരളത്തിന്റെ മുന്നേറ്റം കൂട്ടായ്മയു‍ടെ വിജയം. ടീം മാനേജമെന്റും സ്റ്റാഫും കളിക്കാരും ഒത്തുചേർന്നുള്ള പ്രവർത്തനത്തിന്റെ വിജയമധുരമായി കേരളത്തിന്റെ സന്തോഷ് ട്രോഫി നേട്ടം. തന്ത്രജ്ഞനായ പരിശീലകന്റെ കയ്യൊപ്പുകൂടി പതിഞ്ഞ വിജയമായിരുന്നു കേരളത്തിന്റേത്. 

സതീവൻ ബാലനെന്ന അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന കുറിയ മനുഷ്യനാണു സന്തോഷ് ട്രോഫിയിൽ കേരളത്തിനു തലപ്പൊക്കം നൽകിയത്. സമീപകാലത്തെ ഏറ്റവും യുവത്വമുള്ള ടീമുമായി പോരാട്ടത്തിനെത്തിയ സതീവൻ നിശ്ചയിച്ച വഴിയിൽ കളി നടന്നതോടെ കേരളത്തിന്റെ സന്തോഷം കൂടിക്കൂടി വന്നു. ആക്രമണമാണു മികച്ച പ്രതിരോധം എന്നു വിശ്വസിക്കുന്ന പരിശീലകനാണു സതീവൻ. 

നേട്ടങ്ങൾ ഒരുപിടി സ്വന്തംപേരിൽക്കുറിച്ചാണു സന്തോഷ് ട്രോഫി ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ പരിശീലനം നേടിയിട്ടുള്ള സതീവൻ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു. സതീവൻ ബാലന്റെ അണ്ടർ 19 ടീം വെയിൽസിൽ നടന്ന ഇയാൻ കപ്പ് ചാംപ്യന്മാരാവുകയും പാക്കിസ്ഥാനിൽ നടന്ന സാഫ് കപ്പിൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്തു. യൂത്ത് ഡവലപ്മെന്റിൽ ഏറെ പ്രാവീണ്യമുള്ള പരിശീലകൻകൂടിയാണ്. ക്യൂബയിൽ പരിശീലനത്തിൽ ഉപരിപഠനം നേടിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയെ മൂന്നുവർഷം ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യന്മാരാക്കിയതിന്റെ പിന്നിലും ഈ തിരുവനന്തപുരത്തുകാരനുണ്ട്. 2013ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം സഹപരിശീലകനായിരുന്നു. തിരുവനന്തപുരം മരപ്പാലം വിശ്വവിഹാറിലാണു താമസം. 

കാസർകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ ഫുട്ബോൾ താരവുമായ പി.സി.ആസിഫാണു കേരളത്തിന്റെ മാനേജർ. ടീമിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിൽ മികവു പുലർത്തിയ ആസിഫ് കേരളടീമിനായി സൗകര്യങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധവച്ചു. കൊൽക്കത്തയ്ക്കു പുറത്തു സംഘാടകർ പരിശീലന മൈതാനം അനുവദിച്ചപ്പോൾ ആസിഫിന്റെ ഇടപെടലിലാണു നഗരമധ്യത്തിൽത്തന്നെയുള്ള സൈന്യത്തിന്റെ മൈതാനത്ത് കേരളതാരങ്ങൾക്കു പരിശീലനം നടത്താൻ അവസരമൊരുക്കിയത്. ഷാഫി അലിയാണു കേരളത്തിന്റെ സഹപരിശീലകൻ. എസ്.അരുൺ രാജ് ഫിസിയോയും.