റോം ∙ റോമാ സാമാജ്ര്യം കണ്ട അനേകം പടയോട്ടങ്ങളുടെ ചരിത്രത്തിലേക്ക് ഒന്നുകൂടി; കിരീടം മോഹിച്ചു വന്ന ബാർസിലോനയുടെ കറ്റാലൻ കപ്പലിനെ മുക്കി എഎസ് റോമയുടെ പോരാളികൾ ചാംപ്യൻസ് ലീഗ് സെമിഫൈനലിലേക്കു മാർച്ച് ചെയ്തു. ആദ്യപാദത്തിലെ 4–1 ലീഡുമായെത്തിയ ബാർസയെ രണ്ടാം പാദത്തിൽ 3–0നാണ് റോമ അട്ടിമറിച്ചത്. ഇരുപാദങ്ങളിലുമായി സ്കോർ 4–4. ബാർസയുടെ മൈതാനത്തു നേടിയ എവേ ഗോൾ അതോടെ റോമയ്ക്ക് ആനുകൂല്യമായി.
എല്ലാ വഴികളും ഗോളിലേക്ക്
ഒളിംപിക് സ്റ്റേഡിയത്തിൽ ഗോൾ വഴങ്ങാതെ മൂന്നു ഗോളിനെങ്കിലും ജയിക്കണം എന്നു മനസ്സിൽ കുറിച്ചിട്ടിറങ്ങിയ റോമ ഓരോ നിമിഷവും ഗോളിലേക്കുള്ള വഴികൾ മാത്രമാണ് തേടിയത്. ഫ്രാഞ്ചെസ്കോ ടോട്ടിയിൽനിന്ന് ഈ സീസണിൽ റോമയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഡാനിയേൽ ഡിറോസി മധ്യനിരയിൽ റോമയുടെ കപ്പിത്താനായി. ബെൽജിയം താരം രാജ നെയ്ങ്കോളനും ഡച്ച് താരം കെവിൻ സ്ട്രൂറ്റ്മാനും കൂട്ട്. മുന്നേറ്റത്തിൽ പാട്രിക് ഷിക്ക്, എഡിൻ ജെക്കോ എന്നിവർ ബാർസ ഡിഫൻഡർമാരായ ജെറാർദ് പിക്വെയെയും സാമുവൽ ഉംറ്റിറ്റിയെയും നിസ്സാരരാക്കി. പ്രെസ്സിങിലൂടെ ബാർസയെ മുൾമുനയിൽ നിർത്തിയ റോമയുടെ പ്രധാന തന്ത്രം ഹൈ ബോളുകളായിരുന്നു.
ആറാം മിനിറ്റിൽ ഡിറോസി മധ്യനിരയിൽനിന്നു നൽകിയ അത്തരമൊരു പാസിൽ നിന്നാണ് റോമയുടെ ആദ്യഗോൾ പിറന്നത്. ഓഫ്സൈഡിൽ കുരുങ്ങാതെ പന്തിനെ സമർഥമായി നിയന്ത്രിച്ചെടുത്ത ജെക്കോ ബാർസ ഡിഫൻഡർമാരുടെ വെല്ലുവിളി മറികടന്ന് പന്തിനെ ഗോളിലേക്കു വിട്ടു. റോമയുടെ രണ്ടാം ഗോളിനു പിന്നിലും ഡിറോസിയും ജെക്കോയുമായിരുന്നു. ജെക്കോയെ ബോക്സിൽ പിക്വെ ബുദ്ധിശൂന്യമായി വലിച്ചിട്ടതിന് അൽപ്പമൊന്നു ആലോചിച്ച ശേഷം റഫറി മഞ്ഞക്കാർഡും പെനൽറ്റിയും നൽകി. ഡിറോസിയുടെ കിക്കിന്റെ അതേ വശത്തേക്കാണ് ടെർസ്റ്റെഗൻ ചാടിയതെങ്കിലും പന്ത് എത്തിപ്പിടിക്കാനായില്ല.
ഒരു ഗോൾ കൂടി നേടിയാൽ സെമിയിൽ എന്ന സാധ്യതയിൽ റോമ ഉത്തേജിതരായപ്പോൾ ബാർസ മയക്കുവെടിയേറ്റവരെപ്പോലെ തളർന്നു. ആദ്യ പകുതിയിൽ മെസ്സി ബാറിനു മുകളിലൂടെ പറത്തിയ രണ്ട് ഫ്രീകിക്കുകളിലൊതുങ്ങി അവരുടെ അവസരങ്ങൾ. ഇരമ്പിയാർത്ത റോമ പലവട്ടം ഗോളിനടുത്തെത്തി. ഭാഗ്യവും ഗോൾകീപ്പർ ടെർസ്റ്റെഗന്റെ മികവുമാണ് പലവട്ടം ബാർസയെ രക്ഷിച്ചത്. ഒടുവിൽ 82–ാം മിനിറ്റിൽ റോമ കാത്തിരുന്ന നിമിഷം. കോർണറിൽ നിന്നുള്ള പന്തിനെ കോസ്റ്റസ് മനോലാസ് വലയിലേക്കു തലതിരിച്ചു വിട്ടപ്പോൾ ടെർസ്റ്റെഗനു കണക്കു കൂട്ടിയെടുക്കാനായില്ല.