നേർത്ത സിട്രിക് ആസിഡും വീര്യമുള്ള സൾഫ്യൂരിക്ക് ആസിഡും തമ്മിലുള്ള വ്യത്യാസമുണ്ട് ഫുട്ബോളിലെ ലീഗ് ചാംപ്യൻഷിപ്പുകളും നോക്കൗട്ട് ടൂർണമെന്റുകളും തമ്മിൽ. ഒരു വർഷം വരെ നീളുന്ന ലീഗുകൾ പതിയെ നുണഞ്ഞു തീർക്കാനുള്ളതാണ്. പ്ലാൻ എയും പ്ലാൻ ബിയുമായി ജയിച്ചും തോറ്റും കിരീടം ചൂടാവുന്നവ. നോക്കൗട്ട് ചാംപ്യൻഷിപ്പുകൾ അങ്ങനെയല്ല; കരളുറപ്പോടെ ഒറ്റവലിക്കു കുടിച്ചു തീർക്കണം. ഒന്നുകിൽ നിങ്ങൾ മരിക്കും; അല്ലെങ്കിൽ ജയിക്കും! എഎസ് റോമയും ലിവർപൂളും അങ്ങനെ ജയിച്ചവരാണ്. ലീഗ് കിരീടം എന്ന മധുര നാരങ്ങ രുചിച്ചു ചാംപ്യൻസ് ലീഗ് എന്ന സൾഫ്യൂരിക് ആസിഡ് പരീക്ഷിക്കാൻ വന്ന ബാർസിലോനയെയും മാഞ്ചസ്റ്റർ സിറ്റിയെയും അവർ ടെസ്റ്റ് ട്യൂബിലെ രാസപ്രവർത്തനം പോലെ അപ്രത്യക്ഷരാക്കിക്കളഞ്ഞു!
റോമയുടെയും ലിവർപൂളിന്റെയും വിജയം ലോക ഫുട്ബോളിന്റെ ഭാവമാറ്റം കൂടിയാണ്. എല്ലായ്പ്പോഴും തലച്ചോറു കൊണ്ടും ചിന്തകൊണ്ടും കളി ജയിക്കാനാവില്ലെന്ന പാഠം. ചിലപ്പോഴെങ്കിലും ഹൃദയംകൊണ്ടും വികാരംകൊണ്ടും കളിക്കണമെന്ന ബോധ്യം. കഴിഞ്ഞ ചാംപ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ അങ്ങനെ കളിച്ച ബാർസ തന്നെ ഇന്നലെ അതു മറന്നു എന്നത് അദ്ഭുതം.
ലോക ഫുട്ബോളിനെ പുതിയ വ്യാകരണവും തത്വശാസ്ത്രവും പഠിപ്പിച്ച ബാർസയുടെയും വരുംകാലത്തെ സുവർണ ക്ലബ്ബാകുമെന്നു വാഴ്ത്തപ്പെടുന്ന മാഞ്ചസ്റ്റർ സിറ്റിയുടെയും തോൽവികൾ തമ്മിൽ സമാനതകളേറെയുണ്ട്. ‘ഫുട്ബോൾ ഒരു ഫിലോസഫിയാണെന്നു’ കണ്ടെത്തിയ യൊഹാൻ ക്രൈഫിന്റെ അരുമശിഷ്യനായ പെപ്പ് ഗ്വാർഡിയോളയുടെ ചിന്തകളാണ് ബാർസിലോനയെ രൂപപ്പെടുത്തിയതും ഇപ്പോൾ സിറ്റിയെ രൂപപ്പെടുത്തുന്നതും. പക്ഷേ ‘റോമിലെ അദ്ഭുതം’ ബാർസയുടെ തോൽവി എന്നതിനെക്കാളുപരി റോമയുടെ വിജയം തന്നെയാണ്. സിംഹഹൃദയമുള്ള അവരുടെ പോരാളികളുടെ ഇതിഹാസസമാനമായ പോരാട്ടത്തിലൂടെ തന്നെ ഈ മൽസരം ഓർമിക്കപ്പെടണം. ഹോളിവുഡ് സിനിമാ സങ്കൽപങ്ങളോടു ചേരുംപടി ചേരുന്ന ഗ്ലാഡിയേറ്ററുടെ മുഖഭാവമുള്ള ഡാനിയേൽ ഡിറോസി എന്ന പടനായകന്റെ നേതൃത്വത്തിൽ കൊളോസിയം പോലുള്ള സ്റ്റേഡിയോ ഒളിംപിക്കോയിൽ ഒരു കൂട്ടം പോരാളികൾ എഴുതിച്ചേർത്ത വീരഗാഥയാണിത്. പുരാതന റോമിന്റെ ചരിത്രത്തിൽ സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ അടിമകൾ നടത്തിയ വിപ്ലവം പോലെ.
വഴിക്കണക്കു പോലെ ഉത്തരം കണ്ടെത്തേണ്ടതാണ് ഫുട്ബോൾ എന്ന ഫിലോസഫിയുടെ വഴിയടച്ച ഹോംവർക്കിലൂടെ കൂടിയാണ് റോമ ഈ വിജയം നേടിയത്. യാഥാസ്ഥിതികനായ ബാർസ കോച്ച് ഏണസ്റ്റോ വെൽവെർദെ ആദ്യപാദത്തിലെ ജയത്തിന്റെ ആലസ്യത്തിൽ ടീമിനെ ഇറക്കിയപ്പോൾ റോമ കോച്ച് യുസേബിയോ ഡി ഫ്രാൻസെസ്കോ തോൽവിയിൽനിന്നു പാഠം പഠിച്ച് 3–5–2 ഫോർമേഷനിലാണ് ടീമിനെ ഇറക്കിയത്. ഒരുനിമിഷം വിശ്രമമില്ലാതെ റോമ പ്രെസ്സ് ചെയ്തു കളിച്ചതോടെ ബാർസ ചിതറി. പലപ്പോഴും വിജയങ്ങളിൽ വാഴ്ത്തപ്പെടാത്ത പോരാളികളാവാറുള്ള ബാർസയുടെ ഡിഫൻഡർമാർ എഡിൻ ജെക്കോയുടെയും പാട്രിക് ഷിക്കിന്റെയും ശാരീരിക കരുത്തിനു മുന്നിൽ നിഷ്പ്രഭരാവുകയും ചെയ്തു. റോമയുടെ രണ്ടാം ഗോളിനു വഴിയൊരുക്കിയ പിക്വെയുടെ ഫൗൾ ഒരു ലോകോത്തര ഡിഫൻഡറിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത്. പ്രതിരോധത്തിലെ പ്രാഥമിക തന്ത്രം പോലും മറന്നു ജെക്കോയെ കൈവലിച്ചിടുകയായിരുന്നു പിക്വെ.
ബാർസയുടെയും സിറ്റിയുടെയും തോൽവിയിൽ പെപ്പ് ഗ്വാർഡിയോള ‘പൊതു ഘടക’മാണെങ്കിൽ റോമയുടെയും ലിവർപൂളിന്റെയും വിജയത്തിലും ‘ഒരേ കണ്ണി’യായി ഒരാളുണ്ട്– ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ. 2015ൽ ചെൽസിയിൽനിന്ന് വായ്പയായി റോമിലെത്തിയ സലായുടെ മികവിലാണ് കഴിഞ്ഞ സെരി എ സീസണിൽ റോമ രണ്ടാം സ്ഥാനത്തെത്തിയത്. ഇറ്റലിയിൽനിന്നു ഇംഗ്ലണ്ടിലെത്തിയപ്പോൾ സലാ ഹൃദയത്തിൽ കൊണ്ടുപോന്നതും ഒരിക്കലും കീഴടങ്ങാൻ കൂട്ടാക്കാത്ത റോമൻ വീര്യം തന്നെ. റോമിലെ ഗ്ലാഡിയേറ്റർമാരെപ്പോലെ, ബ്രിട്ടനിലെ വർക്കിങ് ക്ലാസിന്റെ സ്വന്തം ക്ലബ്ബായ ലിവർപൂളിൽ തന്നെ സലാ വന്നു വീണു എന്നതു കളിയിലെ മറ്റൊരു കാവ്യനീതി. രക്തവീര്യമുള്ള സലായെപ്പോലുള്ളവരാകുമോ ലോക ഫുട്ബോളിലെ വരുംകാല താരങ്ങൾ എന്നതിന് ഉത്തരം തേടാൻ മറ്റൊരു അരങ്ങുണരുന്നുണ്ട്– റഷ്യൻ ലോകകപ്പ്!