സൂറിക് ∙ ഫുട്ബോൾ ലോക കപ്പിനായുള്ള നാലു വർഷത്തെ കാത്തിരിപ്പിന് ഒരു ഇടക്കാലാശ്വാസം നൽകാനുള്ള ശ്രമത്തിലാണു ഫിഫ. രണ്ടു വർഷം കൂടുമ്പോൾ ലോകത്തെ മികച്ച എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന മിനി ലോകകപ്പ് എന്ന ആശയം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ മൂന്നോട്ടുവച്ചു കഴിഞ്ഞു.
ആശയം യാഥാർഥ്യമായാൽ ‘ഫൈനൽ 8’ എന്ന പേരിലാകും ടൂർണമെന്റ് അറിയപ്പെടുക. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നു ലീഗ് മത്സരങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അവസാന എട്ടു ടീമുകളുടെ ഫൈനൽ റൗണ്ട് പോരാട്ടത്തിനാകും ടൂർണമെന്റ് വേദിയാവുക.
നിലവിൽ ഫുട്ബോൾ ലോകകപ്പിനു മുൻപു നടത്താറുള്ള കോൺഫെഡറേഷൻസ് കപ്പ് ഇതോടെ അപ്രത്യക്ഷമാകും. നിർദേശങ്ങൾ ഫിഫ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും ഇൻഫെന്റിനോയുടെ കത്തിൽ പറയുന്നു.