പോരാട്ടങ്ങളേറെ കണ്ട ഒരു യോദ്ധാവിന്റെ നിർവികാരതയോടെ റസൽ ക്രോ തകർത്തഭിനയിച്ച ‘ഗ്ലാഡിയേറ്റർ’ ആണ് ലൂക്ക മോഡ്രിച്ചിന്റെ ഇഷ്ട സിനിമ. പക്ഷേ, മോഡ്രിച്ച് അങ്ങനെയാണോ..? അല്ലേയല്ല– മൽസരക്കളത്തിലും പുരസ്കാര വേദിയിലും മോഡ്രിച്ചിന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതാണ്. അതുകൊണ്ടാണ് റഷ്യൻ ലോകകപ്പ് ഫൈനലിനു ശേഷം മോഡ്രിച്ച് വിങ്ങിപ്പൊട്ടി നിന്നപ്പോൾ ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ മോഡ്രിച്ചിനെ വാൽസല്യത്തോടെ ചേർത്തുപിടിച്ചത്. ലണ്ടനിൽ കഴിഞ്ഞ ദിവസം രാത്രി ഫിഫ ദ് ബെസ്റ്റ് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ലോഭമില്ലാതെ ലോകം കയ്യടിച്ചത്!
മോഡ്രിച്ചിന്റെ കളിയും അങ്ങനെതന്നെ. മെസ്സിയോടുള്ള താരാരാധന പോലെയോ റൊണാൾഡോയോടുള്ള വീരാരാധന പോലെയോ മോഡ്രിച്ചിനെ കണ്ടുനിൽക്കാനാവില്ല. കവിതയോ കരുത്തോ അല്ലത്; കഠിനാധ്വാനമാണ്. 2012ൽ ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിൽ നിന്ന് റയൽ മഡ്രിഡിലേക്കു കൂടുമാറിയപ്പോൾ ചരിത്രപരമായ ഒരു മണ്ടത്തരമായാണ് പലരും വിലയിരുത്തിയത്. റയൽ പോലൊരു താരപ്പകിട്ടുള്ള ക്ലബ്ബുമായി മോഡ്രിച്ച് ചേർന്നുപോകുമോ എന്നതായിരുന്നു അതിനു കാരണം.
എന്നാൽ ഗാലക്റ്റിക്കോ തലമുറയ്ക്കു ശേഷം റയൽ മഡ്രിഡിനെ മുന്നോട്ടു കൊണ്ടുപോയ എൻജിനുകളിലൊന്നായി മോഡ്രിച്ച്. റയലിനൊപ്പം നാലു ചാംപ്യൻസ് ലീഗ് കിരീടങ്ങളാണ് മോഡ്രിച്ച് നേടിയത്. ‘റൊണാൾഡോ യുഗ’വുമായി ചേർന്നുപോയതിനാൽ അതിനു വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്നു മാത്രം.
ക്രൊയേഷ്യൻ ഫുട്ബോൾ ടീം പക്ഷേ മോഡ്രിച്ചിനു നൽകിയത് മറ്റൊരു വ്യക്തിത്വമാണ്. മൈതാനത്ത് ചടുലമായി കളിക്കുമെങ്കിലും അതിനപ്പുറം എപ്പോഴും ഉത്തരങ്ങൾ തെറ്റുമോ എന്ന സഭാകമ്പത്തോടെ സംസാരിക്കുന്ന മോഡ്രിച്ചിന് അവർ അമരക്കാരന്റെ സ്ഥാനം നൽകി. മോഡ്രിച്ച് കളിയിൽ ടീമിനു നൽകുന്നതിന് അതു പോലെ അവർ തിരിച്ചുനൽകി. അദ്ദേഹം വീണുപോയപ്പോൾ അവർ പിടിച്ചെഴുന്നേൽപ്പിച്ചു. എന്തൊരു ടീം, എന്തൊരു ക്യാപ്റ്റൻ! ക്രൊയേഷ്യയെ മാർക്ക് ചെയ്തു നിൽക്കുന്ന യുദ്ധചരിത്രം പോലെ അവിടത്തെ രാഷ്ട്രീയ ടാക്കിളുകളിൽ പെട്ടുപോയവനാണ് മോഡ്രിച്ചും.
ക്രൊയേഷ്യൻ ഫുട്ബോളിലെ ഏകാധിപതിയായ സ്രാവ്കോ മാമിച്ചിനു വേണ്ടി കള്ളംപറഞ്ഞു എന്നതാണ് മോഡ്രിച്ചിനെതിരെയുള്ള കുറ്റം. മെസ്സിയെയോ റൊണാൾഡോയെയോ പോലെ താരപ്രഭയുള്ള താരമല്ല മോഡ്രിച്ച്. പക്ഷേ, ഫുട്ബോളിനെ ഒരു പതിറ്റാണ്ടിനുശേഷം ഒറ്റ ടച്ചിൽ ഭൂമിയിലേക്കെടുത്ത ഫുട്ബോളർ ആണ് ഈ മുപ്പത്തിമൂന്നുകാരൻ.