സൂറിക്ക്∙ ഒന്നുകിൽ മെസ്സി, അല്ലെങ്കിൽ റൊണാൾഡോ; ഒരു പതിറ്റാണ്ടായി ഇതായിരുന്നു അവസ്ഥ. ഇത്തവണ അതു മാറുമോ..? ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ഫിഫ ദ് ബെസ്റ്റ്’ പുരസ്കാരത്തിന്റെ പത്തംഗ പട്ടിക പുറത്തുവന്നതോടെ ലോകം പതിവില്ലാത്ത ആകാംക്ഷയിലാണ്.
ലോക ഫുട്ബോൾ പുതിയൊരു യുഗത്തിലേക്കു കടന്ന റഷ്യൻ ലോകകപ്പിനുശേഷമുള്ള ആദ്യ ദ് ബെസ്റ്റ് പുരസ്കാരം എന്നതുതന്നെ ഇത്തവണത്തെ പ്രത്യേകത. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം ലോകകപ്പിന്റെ താരങ്ങളായ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്, ഫ്രാൻസ് താരം കിലിയൻ എംബപെ എന്നിവരും പട്ടികയിലുണ്ട്.
ആരാധകരേ ഇതിലേ...
ആരാധകർ, മാധ്യമ പ്രവർത്തകർ, ഫിഫയിൽ അംഗമായിട്ടുള്ള എല്ലാ ദേശീയ ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ എന്നിവർക്കു വോട്ടുകൾ ചെയ്യാം. എല്ലാവരുടെയും വോട്ടിനു തുല്യ പ്രാധാന്യമാണ്. ആരാധകർക്ക് ഇപ്പോൾത്തന്നെ ഫിഫ വെബ്സൈറ്റിൽ മുൻഗണനാക്രമത്തിൽ മൂന്നു വോട്ടുകൾ ചെയ്യാം. ഓഗസ്റ്റ് 10 വരെയാണു വോട്ട് ചെയ്യാനുള്ള കാലയളവ്.
എല്ലാവിഭാഗം വോട്ടുകളും കണക്കിലെടുത്തു മുന്നിലെത്തിയ മൂന്നംഗ താരങ്ങളുടെ പട്ടിക ഫിഫ പിന്നീടു പുറത്തുവിടും. ഇവരിൽനിന്നുള്ള ജേതാവിനെ സെപ്റ്റംബർ 24നു ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.
പട്ടികയിൽ ഇവർ
1 ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ, റയൽ മഡ്രിഡ്)
∙ റയലിനൊപ്പം യുവേഫ ചാംപ്യൻസ് ലീഗ് കിരീടം
∙ 2017–18 സീസണിലെ ചാംപ്യൻസ് ലീഗ് ടോപ് സ്കോറർ (15)
∙ റയലിനൊപ്പം ഫിഫ ക്ലബ് ലോകകപ്പ്
2 കെവിൻ ഡിബ്രൂയ്നെ (ബൽജിയം, മാഞ്ചസ്റ്റർ സിറ്റി)
∙ ബൽജിയത്തെ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിച്ചു
∙ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം
∙ പ്രീമിയർ ലീഗ് സീസണിൽ കൂടുതൽ അസിസ്റ്റുകൾ (18)
3 അന്റോയ്ൻ ഗ്രീസ്മാൻ (ഫ്രാൻസ്, അത്‌ലറ്റിക്കോ മഡ്രിഡ്)
∙ ഫ്രാൻസിനൊപ്പം ലോകകപ്പ്
∙ ലോകകപ്പിൽ സിൽവർ ബൂട്ട്, ബ്രോൺസ് ബോൾ
∙ അത്‌ലറ്റിക്കോയ്ക്കൊപ്പം യുവേഫ യൂറോപ്പ ലീഗ്
4 ഏദൻ ഹസാർഡ് (ബൽജിയം, ചെൽസി)
∙ ബൽജിയത്തെ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിച്ചു
∙ ലോകകപ്പിൽ മികച്ച രണ്ടാമത്തെ താരത്തിനുള്ള സിൽവർ ബോൾ
∙ ചെൽസിക്കൊപ്പം ഇംഗ്ലിഷ് എഫ്എ കപ്പ്
5 ഹാരി കെയ്ൻ (ഇംഗ്ലണ്ട്, ടോട്ടനം)
∙ ലോകകപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട്
∙ 1990നു ശേഷം ഇംഗ്ലണ്ടിനെ ആദ്യമായി സെമിഫൈനലിൽ എത്തിച്ചു
∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണിൽ 30 ഗോളുകൾ
6 കിലിയൻ എംബപെ (ഫ്രാൻസ്, പിഎസ്ജി)
∙ ഫ്രാൻസിനൊപ്പം ലോകകപ്പ്, ലോകകപ്പിലെ മികച്ച യുവതാരം
∙ പെലെയ്ക്കുശേഷം ഫൈനലിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം
∙ പിഎസ്ജിക്കൊപ്പം ട്രിപ്പിൾ കിരീടം
7 ലയണൽ മെസ്സി (അർജന്റീന, ബാർസിലോന)
∙ ബാർസിലോനയ്ക്കൊപ്പം സ്പാനിഷ് ലീഗും കിങ്സ് കപ്പും
∙ ലാ ലിഗയിൽ ടോപ് സ്കോറർ (34)
∙ ലാ ലിഗയിൽ കൂടുതൽ അസിസ്റ്റുകൾ (സംയുക്തം–12)
8 ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ, റയൽ മഡ്രിഡ്)
∙ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച ക്യാപ്റ്റൻ
∙ ലോകകപ്പിൽ മികച്ചതാരത്തിനുള്ള ഗോൾഡൻ ബോൾ
∙ റയൽ മഡ്രിഡിനൊപ്പം ചാംപ്യൻസ് ലീഗും ക്ലബ് ലോകകപ്പും
9 മുഹമ്മദ് സലാ (ഈജിപ്ത്, ലിവർപൂൾ)
∙ ലിവർപൂളിനെ ചാംപ്യൻസ് ലീഗ് ഫൈനലിലെത്തിച്ചു
∙ പ്രീമിയർ ലീഗ് സീസണിൽ 32 ഗോളുകൾ, റെക്കോർഡ്
∙ ചാംപ്യൻസ് ലീഗ് ടോപ് സ്കോറർമാരിൽ രണ്ടാമത്
10 റഫേൽ വരാൻ (ഫ്രാൻസ്, റയൽ മഡ്രിഡ്)
∙ ഫ്രാൻസിനൊപ്പം ലോകകപ്പ്
∙ ഏഴു ലോകകപ്പ് മൽസരങ്ങളിലും തിളങ്ങി
∙ റയൽ മഡ്രിഡിനൊപ്പം ചാംപ്യൻസ് ലീഗും ക്ലബ് ലോകകപ്പും