ക്രിസ്റ്റ്യാനോ മാത്രമല്ല പോർച്ചുഗൽ; അവരുടെ അണ്ടർ 19 ടീമിന് യൂറോകപ്പ് കിരീടം

പോർച്ചുഗൽ ടീം കിരീടവുമായി.

ഫിൻല‍ൻഡ്∙ പോർച്ചുഗലെന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നും ക്രിസ്റ്റ്യാനോയ്ക്കൊപ്പം പോർച്ചുഗൽ ഫുട്ബോളും വിസ്മൃതിയിലാകുമെന്നും വിശ്വസിക്കുന്നവരെ, നിങ്ങൾക്ക് തെറ്റി! പോർച്ചുഗൽ ഫുട്ബോളിന്റെ ഭാവിയിലേക്ക് തെളിമയോടെ വെളിച്ചം വീശി അണ്ടർ 19 യൂറോകപ്പ് കിരീടം പോർച്ചുഗലിന്. പൊരുതിക്കളിച്ച ഇറ്റലിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം ചൂടിയത്.

മുഴുവൻ സമയത്തും ഇരുടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മൽസരം അധികസമയത്തേക്ക് നീണ്ടത്. ഇറ്റലിക്കായി മോയിസ് കീൻ ഇരട്ടഗോൾ നേടിയപ്പോൾ, ജോട്ട, ഫ്രാൻസിസ്കോ ട്രിൻകാവോ എന്നിവരുടെ വകയായിരുന്നു പോർച്ചുഗലിന്റെ ഗോളുകൾ.

അധികസമയത്ത് തന്റെ രണ്ടാം ഗോൾ കണ്ടെത്തിയ ജോട്ട പോർച്ചുഗലിന് വീണ്ടും ലീഡ് സമ്മാനിച്ചു. അധികസമയത്തിന്റെ ഇടവേളയ്ക്കു തൊട്ടുമുൻപായിരുന്നു ഇത്. എന്നാൽ, ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ ജിയാൻലൂക്ക സ്കമാക്ക ഇറ്റലിക്ക് സമനില സമ്മാനിച്ചു.

കലാശപ്പോര് ഷൂട്ടൗട്ടിലേക്ക് നീളുമെന്ന പ്രതീതി ഉയർന്നെങ്കിലും, പകരക്കാരനായെത്തിയ പെഡ്രോ ക്വറേയ 110–ാം മിനിറ്റിൽ പോർച്ചുഗലിനായി വിജയഗോൾ നേടി. 101–ാം മിനിറ്റിൽ കളത്തിലിറങ്ങിയ പെഡ്രോ ഒൻപതു മിനിറ്റിനുള്ളിൽ ഗോൾ കണ്ടെത്തിയാണ് ടീമിന് വിജയം സമ്മാനിച്ചത്. 1999നുശേഷം ആദ്യമായാണ് പോർച്ചുഗൽ അണ്ടർ 19 യൂറോകപ്പിൽ കിരീടം ചൂടുന്നത്.