ഹോളണ്ടിനെ വീഴ്ത്തി ഫ്രാൻസ് വീണ്ടും വിജയവഴിയിൽ; വെയിൽസിനു തോൽവി

ഹോളണ്ടിനെതിരെ ഫ്രാൻസിന്റെ വിജയഗോൾ നേടിയ ഒളിവർ ജിറൗദിന്റെ ആഹ്ലാദം.

പാരിസ് ∙ പത്തു മൽസരങ്ങൾക്കു ശേഷം സ്ട്രൈക്കർ ഒളിവർ ജിരൂദ് ഗോൾ കണ്ടെത്തിയ കളിയിൽ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഫ്രാൻസിനു ജയം. നെതർലൻഡ്സിനെ 2–1നാണ് ലോക ചാംപ്യൻമാർ തോൽപ്പിച്ചത്. ലോകകപ്പിലെ മികച്ച യുവതാരം കൈലിയൻ എംബപ്പെയാണ് ഫ്രാൻസിന്റെ ആദ്യഗോൾ നേടിയത്. വെറ്ററൻ താരം റയാൻ ബാബേൽ ഹോളണ്ടിനായി ഗോൾ മടക്കി. 

75–ാം മിനിറ്റിൽ തന്റെ മുന്നിൽ നിന്ന ഡിഫൻഡറുടെ മുന്നിലേക്കു കാൽവട്ടം ചുറ്റിയാണ് ജിരൂദ് പന്തിനെ ഗോളിലേക്കു തിരിച്ചുവിട്ടത്. പ്രധാന സ്ട്രൈക്കറായിരുന്നെങ്കിലും ലോകകപ്പിലെ ഒരു മൽസരത്തിലും ജിരൂദ് ഗോൾ നേടിയിരുന്നില്ല. ഹോളണ്ടിനെതിരെ ഫ്രാൻസിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. 

മറ്റൊരു മൽസരത്തിൽ ഡെൻമാർക്ക് വെയിൽസിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വെയിൽസിന്റെ വിജയം. സൂപ്പർതാരം ക്രിസ്റ്റ്യൻ എറിക്സന്‍ നേടിയ ഇരട്ടഗോളുകളാണ് ഡെൻമാർക്കിന് വിജയം സമ്മാനിച്ചത്. 32, 63 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു എറിക്സന്റെ ഗോളുകൾ.

നേഷൻസ് ലീഗിലെ മറ്റു മൽസരങ്ങളിൽ യുക്രയ്ൻ സ്ലോവാക്യയെയും (1–0), ബൾഗേറിയ നോർവെയേയും (1–0), ജോർജിയ ലാത്‌വിയയെയും (1–0), മാസിഡോണിയ അർമേനിയയെയും (2–0), സൈപ്രസ് സ്ലോവേനിയയെയും (2–1) തോൽപ്പിച്ചു.