Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസ്‍ലൻഡിനെതിരെ 85 മിനിറ്റ് വരെ 2–0നു പിന്നിൽ; ‘സമനില’ തെറ്റാതെ ഫ്രാൻസ് – വിഡിയോ

mbappe-goal-celebration ഫ്രാൻസിനായി സമനില ഗോൾ നേടിയ എംബപെയുടെ ആഹ്ലാദം.

പാരിസ്∙ ലോകകപ്പ് ഫുട്ബോൾ കിരീടവിജയത്തിനുശേഷമുള്ള ആദ്യ തോൽവിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ഫ്രാൻസ്. ഐസ്‌ലൻഡിനെതിരായ രാജ്യാന്തര സൗഹൃദ മൽസരത്തിൽ 85 മിനിറ്റു വരെ രണ്ടു ഗോളുകൾക്കു പിന്നിലായിരുന്ന ഫ്രാൻസ്, അവസാന അഞ്ചു മിനിറ്റിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് ‘സമനില തെറ്റാതെ’ രക്ഷപ്പെട്ടത്. പകരക്കാരനായി കളത്തിലിറങ്ങിയ യുവതാരം കിലിയൻ എംബപെയാണ് ഒരു ഗോളിനു വഴിയൊരുക്കിയും രണ്ടാം ഗോൾ നേടിയും സ്വന്തം നാട്ടിൽ തോൽവി മുന്നിൽ കണ്ട ഫ്രാൻസിനെ രക്ഷപ്പെടുത്തിയത്. ഇനി നേഷൻസ് ലീഗിൽ ജർമനിക്കെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മൽസരം. ഐസ്‍ലൻഡ് ആകട്ടെ സ്വിറ്റ്സർലൻഡിനെയും നേരിടും.

മൽസരത്തിൽ ആധിപത്യം ഫ്രാൻസിനായിരുന്നെങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി നേടിയ ഇരട്ടഗോളുകളുടെ കരുത്തിലാണ് ഐസ്‍ലൻഡ് മൽസരത്തിൽ ലീഡു നേടിയത്. പോൾ പോഗ്ബ, അന്റോയിൻ ഗ്രീസ്മൻ തുടങ്ങി പ്രമുഖ താരങ്ങളെയെല്ലാം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിട്ടും ഗോൾ മടക്കാൻ സാധിക്കാതെ ഉഴറിയ ഫ്രാൻസിന്, 62–ാം മിനിറ്റിൽ ഗ്രീസ്മനു പകരം കളത്തിലിറങ്ങിയ എംബപെ രക്ഷകനായി.

ബിർകിർ ബാർനസനിലൂടെ 30–ാം മിനിറ്റിലാണ് ഐസ്‍ലൻഡ് ലീഡ് നേടിയത്. ആൽഫ്രഡ് ഫിൻബോഗസൻ കോർണറിനു സമീപത്തുനിന്ന് ഉയർത്തിനൽകിയ പന്ത് മികച്ചൊരു ഷോട്ടിലൂടെ വലയിലെത്തിച്ചാണ് ബാർനസൻ ഐസ്‍ലൻഡിനു ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതി തുടങ്ങി അധികം വൈകും മുൻപ് ആർനസനിലൂടെ ഐസ്‍ലൻഡ് ലീഡ് വർധിപ്പിച്ചു. ജിൽഫി സിഗുഡ്സന്റെ കോർണർ കിക്കിനു തലവച്ച ആർനസൻ അനായാസം ലക്ഷ്യം കണ്ടു.

തിരിച്ചടിക്കാനുള്ള ഫ്രഞ്ച് പടയുടെ ശ്രമം പാളുന്നതിനിടെയാണ് ഗ്രീസ്മനെ പിൻവലിച്ച് പരിശീലകൻ ദിദിയർ ദെഷാം തുരുപ്പുചീട്ടായ എംബപെയെ രംഗത്തിറക്കിയത്. ആദ്യ ഗോളിനു വഴിയൊരുക്കിയും രണ്ടാം ഗോൾ സ്വന്തമാക്കിയും എംബപെ പരിശീലകന്റെ വിശ്വാസം കാത്തു.

86–ാം മിനിറ്റിൽ എംബപെയുടെ മികച്ചൊരു മുന്നേറ്റം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം പോസ്റ്റിൽ പന്തെത്തിച്ച എയ്ജോൽഫിസനാണ് ഫ്രാൻസിന് ആദ്യ ഗോൾ സമ്മാനിച്ചത്. നാലു മിനിറ്റിനുശേഷം ഫ്രാൻസിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബപെ ടീമിനു വിജയതുല്യമായ സമനിലയും സമ്മാനിച്ചു.