ഒരു യൂറോ കപ്പ്, രണ്ടു യുവേഫ ചാംപ്യൻസ് ലീഗ്– നാലു വർഷം കൊണ്ട് ഫ്രാൻസിനൊപ്പവും അത്‌ലറ്റിക്കോ മഡ്രിഡിനൊപ്പവും മൂന്നു ഫൈനലുകൾ തോറ്റപ്പോൾ അന്റോയ്ൻ ഗ്രീസ്മാൻ കരുതിക്കാണില്ലേ– എന്താണ് എനിക്കു മാത്രമിങ്ങനെയെന്ന്! ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അപ്പോൾ കിരീടനേട്ടങ്ങൾ ആഘോഷിക്കുകയായിരുന്നു. 2016ൽ ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ, ഫിഫ ബെസ്റ്റ് പുരസ്കാര പട്ടികയിലും അവർക്കു പിന്നിൽ മൂന്നാമതായിപ്പോയി ഗ്രീസ്മാൻ.
പക്ഷേ കാലം ഗ്രീസ്മാനു വേണ്ടി കാത്തുവച്ചതെന്താണെന്ന് ഇന്നലെ ലുഷ്നികിയുടെ ആകാശത്ത് മഴവില്ലു പോലെ തെളിഞ്ഞു. മെസ്സി, റൊണാൾഡോ എന്നിവർക്കില്ലാതെപോയ ലോക കിരീടം! ഒരു ഫുട്ബോളറുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നേട്ടം. ഫ്രാൻസിന്റെ രണ്ടു ലോകകപ്പുകളുടെ പ്രതീകമായി രണ്ടു നക്ഷത്രങ്ങൾ ഇനി ഗ്രീസ്മാന്റെയും പോഗ്ബയുടെയും കാന്റെയുടെയും എംബപെയുടെയുമെല്ലാം ജഴ്സിയിൽ കാണാം...
∙ മാറിയ കളി
പന്തു കൈവശം വച്ചുള്ള പൊസഷൻ ഫുട്ബോളിന്റെ കാലം കഴിഞ്ഞു എന്നത് ഫുട്ബോൾ പണ്ഡിറ്റുകൾ കുറേ നാളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാലം. അപ്പോഴൊക്കെയും ജർമനിയും സ്പെയിനും അതിനെ നിഷേധിച്ചു. പക്ഷേ അവർ ശരിക്കു പഠിച്ച ലോകകപ്പായി ഇത്. ജർമനി ഗ്രൂപ്പിൽ തന്നെ മടങ്ങിയതിന് മറ്റു പല കാരണങ്ങളുമുണ്ടാകാം. പക്ഷേ സ്പെയിന്റെ തോൽവി ശരിക്കും അവരുടെ ഗെയിം പ്ലാനിൽ തന്നെയായിരുന്നു. പാസിങ് എന്ന അഡിക്‌ഷനിൽ കുരുങ്ങിപ്പോയ അവർ ഗോളിലേക്കുള്ള വഴി മറന്നു. റഷ്യയ്ക്കെതിരെ പ്രീ–ക്വാർട്ടറിൽ അവർ കളിച്ചത് 1115 പാസുകൾ. അതിൽ 90 ശതമാനവും ലക്ഷ്യത്തിലെത്തി. എന്നിട്ടും നിശ്ചിത സമയത്തും അധികസമയത്തും ജയിക്കാനായില്ല. അവസാനം ഷൂട്ടൗട്ടിൽ തോറ്റുപോവുകയും ചെയ്തു.
പന്തു കൂടുതൽ നേരം കൈവശം വച്ച ടീമുകൾ തോറ്റുപോയത് ഈ ലോകകപ്പിന്റെ ട്രെൻഡുകളിലൊന്നായി. അവസാനം ഫൈനലിലും ബോൾ പൊസഷൻ കൂടുതൽ തോറ്റുപോയ ക്രൊയേഷ്യയ്ക്കു തന്നെ!
∙ പുതിയ യുഗപ്പിറവി
പുതിയൊരു ഫുട്ബോൾ ക്രമം നിർമിച്ചു എന്നതാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ സ്വാധീനം. രാജ്യാന്തര ഫുട്ബോളിലും ക്ലബ് ഫുട്ബോളിലും മെസ്സി–റൊണാൾഡോ യുഗത്തിന് അവസാനമാകുന്നു. എംബപെയെപ്പോലെ ഉള്ളവരുടേതാകാം ഇനിയുള്ള ലോകം.