പാരിസ് ∙ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം വീണ്ടും. പാരിസ് നഗരമധ്യത്തിൽ കാറുകൾക്കും ബാരിക്കേഡുകൾക്കും തീവച്ചും പൊലീസിനു നേരെ കല്ലെറിഞ്ഞും അക്രമം നടത്തിയ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. 30 പേർക്കു പരുക്കേറ്റു.
ഇന്ധനവില വർധനയ്ക്കെതിരെ നവംബർ 17നു തുടങ്ങിയ പ്രതിഷേധമാണു മക്രോയ്ക്കെതിരെയുള്ള പ്രക്ഷോഭമായി വളർന്നത്. രാജ്യമാകെ 31,000 പേർ സമരരംഗത്തുണ്ടെന്നും 700 പേരെ കരുതൽ തടവിലാക്കിയിട്ടുണ്ടെന്നുമാണ് സർക്കാർ കണക്ക്. പാരിസിൽ മാത്രം 8000 മഞ്ഞക്കുപ്പായക്കാർ രംഗത്തുണ്ട്. തലസ്ഥാനത്തു പലയിടത്തും കടകളും മറ്റു സ്ഥാപനങ്ങളും അടച്ചു. മത്സരങ്ങളും പരിപാടികളും റദ്ദാക്കി. കഴിഞ്ഞയാഴ്ച 112 കാറുകൾക്കാണു പ്രക്ഷോഭകർ തീവച്ചത്.