Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം: ഫ്രാൻസിൽ തെരുവുയുദ്ധം

france ഫ്രാൻസിൽ ഇന്ധന വില വർധനയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നവർ വാഹനങ്ങൾ തീവച്ചു നശിപ്പിച്ചപ്പോൾ. ചിത്രം:എഎഫ്പി

പാരിസ് ∙ 50 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും രൂക്ഷമായ പ്രക്ഷോഭത്തിൽ നടുങ്ങി ഫ്രാൻസ്. ഇന്ധന വില വർധനയ്ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം അക്രമാസക്തമായപ്പോൾ പൊലീസുകാരടക്കം 133 പേർക്കു പരുക്കേറ്റു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ഷോസ് എലീസെയിലെ ദേശീയ പൈതൃകമായ ആർക് ദെ ട്രയോംഫും അതിന്റെ ഭാഗമായ മരിയാൻ ശിൽപ്പവും പ്രക്ഷോഭകർ നശിപ്പിച്ചു. അർജന്റീനയിൽ ജി 20 ഉച്ചകോടിക്കു ശേഷം തിരിച്ചെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇവിടം സന്ദർശിച്ചു. മക്രോ അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.

മഞ്ഞക്കുപ്പായക്കാർ എന്നറിയപ്പെടുന്ന പ്രതിഷേധക്കാർ മക്രോയുടെ രാജിയാണ് ആവശ്യപ്പെടുന്നത്. നവംബർ 17 മുതൽ തുടർച്ചയായി 3 ശനിയാഴ്ചകളിലാണ് പ്രക്ഷോഭം അരങ്ങേറിയത്. ഇന്നലെ 75,000 പേർ പാരീസിലും മറ്റു പ്രമുഖ നഗരങ്ങളിലും തെരുവിലിറങ്ങി. പ്രക്ഷോഭകർ വഴി തടയുകയും പൊലീസിനെ കല്ലെറിയുകയും വാഹനങ്ങൾക്കു തീവയ്ക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. ഇവരെ നേരിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ലൂവ്ര് മ്യൂസിയം, വൂഡോം ചത്വരം എന്നിവിടങ്ങൾക്കു സമീപവും പ്രക്ഷോഭകർ അക്രമം നടത്തി.

1968നു ശേഷം രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും ശക്തമായ പ്രക്ഷോഭമാണിത്. അക്രമങ്ങളിൽ 23 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 133 പേർക്കു പരുക്കേറ്റു. 400 പേരെ അറസ്റ്റ് ചെയ്തു. ധനികരെയും വൻകിട വ്യവസായികളെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ഉദാര സാമ്പത്തിക നയങ്ങളാണ് മക്രോയുടേതെന്ന് കടുത്ത ആക്ഷേപം ഉയർന്നിട്ടുണ്ട്. നയങ്ങളിൽ മാറ്റം വരുത്താനില്ലെന്ന നിലപാടിലാണ് മക്രോ. 

മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം (യെലോ വെസ്റ്റ് മൂവ്മെന്റ്)

ജീവിതച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രക്ഷോഭം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ധനവില 23 % ഉയർന്നു. കൃത്യമായ നേതൃത്വം ഇല്ലാതിരുന്നിട്ടും സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് ലക്ഷക്കണക്കിനു ജനങ്ങൾ തെരുവിലിറങ്ങി. നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു പടരുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർ മഞ്ഞ ജാക്കറ്റ് അണിഞ്ഞെത്തുന്നു. മാക്രോയുടെ എതിരാളിയും തീവ്രവലതുപക്ഷ നേതാവുമായ മാരീൻ ലെ പെൻ സമരക്കാർക്കു പിന്തുണ നൽകുന്നുണ്ട്.