ബാർസിലോന∙ ലോകകപ്പിൽ അർജന്റീന നിരാശപ്പെടുത്തിയതിന്റെ പേരിൽ ക്രൂശിക്കപ്പെട്ട ലയണൽ മെസ്സിയുടെ ഉയിർത്തെഴുന്നേൽപ്! പ്രായം തളർത്തിത്തുടങ്ങിയെന്ന വിമർശകരുടെ വാക്കുകളെ ഉജ്ജ്വല ഹാട്രിക്കോടെ ടച്ച് ലൈൻ കടത്തിക്കഴിഞ്ഞു മെസ്സി. ഇക്കുറി മെസ്സിയുടെ ഹാട്രിക് ആരാധകർക്കു സമ്മാനിച്ച പുഞ്ചിരിയുടെ പകിട്ടു കൂടും; എന്തെന്നാൽ എട്ടാം ഹാട്രിക്കോടെ ചാംപ്യൻസ് ലീഗ് ഹാട്രിക്കുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തെത്തി മുപ്പത്തിയൊന്നുകാരനായ മെസ്സി.
ഇത്തവണത്തെ ‘ബലോൺ ദ്യോർ’ പുരസ്കാരത്തിനുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാനാകാതെ പോയതോടെ മെസ്സിയുടെ കാലം കഴിഞ്ഞെന്നു വാദിച്ചവർക്കു മുന്നിലാണ് ഈ ഹാട്രിക്കിന്റെ പിറവി. ഏഴു ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണു മെസ്സിക്കു പിന്നിലുള്ളത്. ഹാട്രിക് കണക്കിൽ മൂന്നാം സ്ഥാനത്തുള്ള മരിയോ ഗോമസ്, ഫിലിപ്പോ ഇൻസാഗി, ലൂയി അഡ്രിയാനോ തുടങ്ങിയവരുടെ പേരിലുള്ളതു മൂന്നു ഹാട്രിക് മാത്രമാണ്. ഇതും ചാംപ്യൻസ് ലീഗ് പോരാട്ടങ്ങളിൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും തലയെടുപ്പ് കൂട്ടുന്നു.
2005ൽ ചാപ്യൻസ് ലീഗിൽ ഗോളടി തുടങ്ങിയ മെസ്സിയുടെ പേരിൽ ഇതിനോടകം 103 ഗോളുണ്ട്. 120 ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. 2005ലെ ആദ്യ ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ ഗോളടിതുടങ്ങിയ മെസ്സി തുടർന്നു 2018 വരെ കളിച്ച 13 സീസണുകളിലും ബാർസയ്ക്കായി ഗോളടിച്ചിട്ടുണ്ട്.
പിഎസ്‌വിക്കെതിരായ മൽസരത്തിൽ ലയണൽ മെസ്സി നേടിയത് ബാർസിലോന ജഴ്സിയിൽ താരത്തിന്റെ 42–ാം ഹാട്രിക്ക്.