സലായുടെ ഗോൾ
എവർട്ടനെതിരെ ലിവർപൂളിനു വേണ്ടി മുഹമ്മദ് സലാ നേടിയ ഗോളാണ് മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം നേടിയത്. എന്നാൽ ഇതൊരു സാധാരണ ഗോളാണെന്നാണ് പൊതുവാദം. ചാംപ്യൻസ് ലീഗിൽ യുവെന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ തഴയപ്പെട്ടത് അപ്രതീക്ഷിതമായി.
ഡാനി ആൽവസ് ടീമിൽ
കഴിഞ്ഞ സീസണിൽ ക്ലബിനു രാജ്യത്തിനുമായി 16 മൽസരങ്ങൾ മാത്രമാണ് പിസ്ജിയുടെ ബ്രസീലിയൻ താരമായ ഡാനി ആൽവസ് കളിച്ചത്. പരുക്കു മൂലം ലോകകപ്പിൽ കളിക്കാനായില്ല. പിഎസ്ജിയാകട്ടെ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്തു. എന്നിട്ടും ഫിഫ ലോക ഇലവനിൽ ആൽവസ് ഇടം പിടിച്ചു.
കോർട്ടോ പുറത്ത്
മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട തിബോ കോർട്ടോയ്ക്ക് ലോക ഇലവനിൽ സ്ഥാനം കിട്ടിയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയാണ് സ്ഥാനം നേടിയത്. മികച്ച കളിക്കാരനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച മുഹമ്മദ് സലായ്ക്കും ലോക ഇലവനിൽ ഇടം കിട്ടിയില്ല. ഫ്രാൻസിനും അത്‌ലറ്റിക്കോ മഡ്രിഡിനും വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച അന്റോയ്ൻ ഗ്രീസ്മാനും ടീമിൽ ഇടം കിട്ടിയില്ല.
മറ്റു പുരസ്കാരങ്ങൾ
ഫിഫ ഫെയർ പ്ലേ പുരസ്കാരം
ലെന്നാർട്ട് തൈ (വിവിവി വെൻലോ)
പരിശീലനവും പ്രധാനപ്പെട്ട മൽസരവും ഒഴിവാക്കി, രക്താർബുദം ബാധിച്ച രോഗിക്ക് രക്തം ദാനം ചെയ്യുന്നതിനായി സജ്ജനായതാണ് ലെന്നാർട്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഡച്ച് ലീഗിൽ വെൻലോ ക്ലബിന്റെ താരമായ ലെന്നാർട്ട് പിഎസ്‌വി ഐന്തോവനെതിരെയുള്ള മൽസരമാണ് ഒഴിവാക്കിയത്.
ഫിഫ ഫാൻ അവാർഡ്
പെറു ആരാധകർ
36 വർഷത്തിനു ശേഷം സ്വന്തം രാജ്യം ലോകകപ്പിനു യോഗ്യത നേടിയത് ആഘോഷിക്കാൻ പെറു ആരാധകർ റഷ്യയിലെത്തിയത് പതിനാലായിരത്തോളം കിലോമീറ്റർ യാത്ര ചെയ്താണ്. നാൽപ്പതിനായിരത്തോളം പെറു ആരാധകരാണ് ടീമിന്റെ കളി നടന്ന സരൻസ്ക്, എകാതെറിൻബർഗ്, സോച്ചി എന്നീ വേദികളിൽ എത്തിയത്.
ഫിഫ ലോക ഇലവൻ
ഗോൾകീപ്പർ: ഡേവിഡ് ഡിഗിയ
ഡിഫൻഡർമാർ: ഡാനി ആൽവസ്, മാർസലോ,
സെർജിയോ റാമോസ്, റാഫേൽ വരാൻ,
മിഡ്ഫീൽഡർമാർ: ഏദൻ ഹസാഡ്, എംഗോളോ കാന്റെ, ലൂക്ക മോഡ്രിച്ച്,
ഫോർവേഡുകൾ: ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ, ലയണൽ മെസ്സി
മികച്ച പുരുഷ ടീം കോച്ച്
ദിദിയെ ദെഷാം (ഫ്രാൻസ്)
കളിക്കാരനായും പരിശീലകനായും ലോകകപ്പ് ജയിച്ച മൂന്നാമത്തെയാൾ. സ്വന്തം നാട്ടിൽ നടന്ന 2016 ലോകകപ്പിലെ ഫൈനൽ തോൽവി മറികടന്ന് ഫ്രാൻസിനെ റഷ്യയിൽ ലോക ജേതാക്കളാക്കിയതാണ് ദെഷാമിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
മികച്ച വനിതാ ടീം കോച്ച്
റെയ്നാൾഡ് പെഡ്രോസ്
(ഒളിംപിക് ലയോൺ)
ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയോണിനെ ലീഗ് വൺ ഫെമിനിൻ കിരീടത്തിലേക്കും യുവേഫ വനിതാ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കും നയിച്ചു. ഫ്രാൻസിന്റെ മുൻ ദേശീയ താരമായിരുന്നു പെഡ്രോസ്.
മികച്ച ഗോൾകീപ്പർ
തിബോ കോർട്ടോ
(ബൽജിയം, റയൽ മഡ്രിഡ്)
ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായ ബൽജിയത്തിനു വേണ്ടിയുള്ള മികച്ച പ്രകടനമാണ് കോർട്ടോയെ ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിനു പുറമെ ഫിഫയുടെ പുരസ്കാരത്തിനും അർഹയാക്കിയത്. കഴിഞ്ഞ സീസണിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കു വേണ്ടിയും മികച്ച പ്രകടനമായിരുന്നു കോർട്ടോയുടേത്.
മികച്ച ഗോൾ
മുഹമ്മദ് സലാ
(ലിവർപൂൾ, ഈജിപ്ത്)
ലിവർപൂളിനു വേണ്ടി കഴിഞ്ഞ സീസണിൽ എവർട്ടനെതിരെ സലാ നേടിയ ഗോൾ. ജോ ഗോമസിൽ നിന്നു പന്തു സ്വീകരിച്ച് ബോക്സിനുള്ളിലേക്കു ഓടിക്കറിയ സലാ തൊടുത്ത ഇടംകാൽ ഷോട്ട് ഗോൾകീപ്പറെ മറികടന്നു വലയിൽ പതിച്ചു.