ടൂറിൻ∙ യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലിൽവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കൻ യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാൻ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന് റൊണാൾഡോ കുറ്റപ്പെടുത്തി. ഇൻസ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയാണ് റൊണാൾഡോയുടെ പ്രതികരണമെത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചിരിച്ചുകൊണ്ട് റൊണാൾഡോ നൽകിയ മറുപടി ഇങ്ങനെ:
‘ഇല്ലില്ല. ഇന്ന് അവർ എന്താണ് പറഞ്ഞത്? എല്ലാം കള്ളമാണ്. പച്ചക്കള്ളം. എന്റെ പേര് ഉപയോഗിച്ച് ചുളുവിൽ പ്രശസ്തരാകാനാണ് ഇവരുടെ ശ്രമം. ഇത് സാധാരണമാണ്. ജോലിയുടെ ഭാഗമാണ്. ഞാൻ ഇപ്പോഴും സന്തോഷവാനാണ്. നന്നായിത്തന്നെ പോകുന്നു’ – റൊണാൾഡോ പറഞ്ഞു.
യുഎസിൽനിന്നുള്ള കാതറിൻ മൊയോർഗയെന്ന മുപ്പത്തിനാലുകാരിയാണ് 2009ൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ റൊണാൾഡോ നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു. ജര്‍മന്‍ മാധ്യമമായ ഡെര്‍ സ്പീഗലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ, റൊണാൾഡോ ഈ ആരോപണം ആദ്യമേ നിഷേധിച്ചിരുന്നു. പീഡനം നടന്നിട്ടില്ലെന്നും സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. എന്നാല്‍ പണം നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന ആരോപണത്തോട് ഇദ്ദേഹം പ്രതികരിച്ചില്ല. ഈ വാര്‍ത്ത ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ഡെര്‍ സ്പീഗലിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നോട്ടീസും അയച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും പ്രശസ്തരായ കായികതാരങ്ങളിൽ ഒരാളാണ് റൊണാൾഡോ. ലോകമെമ്പാടും ആരാധകരുള്ള താരം റഷ്യൻ ലോകകപ്പിനു പിന്നാലെ സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡ് വിട്ട് യുവന്റസിൽ ചേർന്നിരുന്നു. അതേസമയം, 2003ലും താരത്തിനെതിരെ ലൈംഗികാരോപണം ഉയർന്നിരുന്നു. അന്ന് ലണ്ടനിലെ ഹോട്ടലിൽ വച്ച് താരം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു യുവതി പരാതിയുമായി എത്തിയിരുന്നു.