അമ്മാൻ∙ ജോർദാനെതിരായ ഇന്ത്യയുടെ സൗഹൃദ ഫുട്ബോൾ മൽസരം റദ്ദാക്കിയതായുള്ള അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ശനിയാഴ്ച രാത്രി 10.30നു തന്നെ മൽസരം ആരംഭിക്കുമെന്ന് ഫെഡറേഷൻ അറിയിപ്പിൽ വ്യക്തമാക്കി. ജോർദാനിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപ്രതീക്ഷിത തടസ്സങ്ങളെ തുടർന്ന് യാത്ര വൈകിയ സാഹചര്യത്തിൽ മൽസരം റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ട്.
ഫിഫ റാങ്കിങ്ങിൽ 97–ാം സ്ഥാനക്കാരാണ് ഇന്ത്യ. ജോർദാൻ 112–ാം റാങ്കുകാരും. മലയാളികളായ ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക എന്നിവരും കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സന്ദേശ് ജിങ്കാൻ, ഹാലിചരൺ നർസാരി തുടങ്ങിയവരും ടീമിലുണ്ട്.
മൽസരത്തിന് 24 മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴും ഇന്ത്യൻ ടീമിലെ മുഴുവൻ താരങ്ങൾക്കും ജോർദാനിലെത്തിച്ചേരാൻ സാധിച്ചിരുന്നില്ല. കനത്ത മഴയെ തുടർന്ന് അമ്മാനിലേക്കുള്ള വിമാനം വഴിതിരിച്ചു വിട്ടതോടെ ഏഴു താരങ്ങളും ഏതാനും ഒഫീഷ്യൽസും കുവൈത്ത് സിറ്റി വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങിയിരുന്നു. ആദ്യം പുറപ്പെട്ട 15 അംഗ സംഘം വ്യാഴാഴ്ച രാത്രിയോടെ ജോർദാനിലെത്തിയിരുന്നെങ്കിലും ഇവർ യാത്ര ചെയ്ത വിമാനവും അപ്രതീക്ഷിതമായി ദോഹ വഴി തിരിച്ചുവിട്ടിരുന്നു.
അതേസമയം, ജോർദാനിലും ഏതാനും ദിവസങ്ങളായി കനത്ത മഴയും മിന്നൽ പ്രളയവും തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരായ മൽസരത്തിന്റെ ടിക്കറ്റ് വരുമാനം പൂർണമായും ദുരിതബാധിതർക്കു നൽകാനാണ് ജോർദാൻ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം.