റോട്ടർഡാം∙ നേഷൻസ് ലീഗ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ, ലോകകപ്പ് നേടിയതിന്റെ പകിട്ടിലെത്തിയ ഫ്രാൻസിനെ ലോകകപ്പ് കളിക്കാനാകാത്തതിന്റെ ക്ഷീണം മാറ്റാനെത്തിയ ഹോളണ്ട് അട്ടിമറിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് പടയ്ക്കെതിരെ ഓറഞ്ച് പടയുടെ വിജയം. മൽസരത്തിന്റെ ഇരുപകുതികളിലുമായി ജോർജീഞ്ഞോ വിജ്നാൽഡും (44), മെംഫിസ് ഡീപേ (90+6, പെനൽറ്റി) എന്നിവരാണ് ഹോളണ്ടിനായി ഗോൾ നേടിയത്.
ഇതോടെ, കഴിഞ്ഞ 15 മൽസരങ്ങളിലായി തുടർന്നുവന്ന ഫ്രാൻസിന്റെ വിജയക്കുതിപ്പിനും ഹോളണ്ട് തടയിട്ടു. ഹോളണ്ടിന്റെ വിജയത്തോടെ നേഷൻസ്‍ ലീഗിൽനിന്ന് മുൻ ലോക ചാംപ്യൻമാര്‍ കൂടിയായ ജർമനി പുറത്താവുകയും ചെയ്തു. നാലു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ഫ്രാൻസാണ് ഗ്രൂപ്പിൽ ഇപ്പോൾ മുന്നിൽ. ഹോളണ്ടിന് മൂന്നു കളികളിൽനിന്ന് ആറു പോയിന്റുണ്ട്. ജർമനിക്ക് ഒന്നും. ഗ്രൂപ്പിൽ മൂന്നാമതായതോടെ അടുത്ത തവണ നേഷൻസ് ലീഗിൽ ജർമനി ബി ലെവലിലേക്ക് തരം താഴ്ത്തപ്പെടും.
ഇനി, തിങ്കളാഴ്ച നടക്കുന്ന ജർമനിക്കെതിരായ മൽസരത്തിൽ സമനില നേടിയാൽപ്പോലും ഹോളണ്ടിന് ഗ്രൂപ്പ് ജേതാക്കളാകാം. യോഗ്യതാ മൽസരങ്ങളിൽ പരാജയപ്പെട്ടാലും ഗ്രൂപ്പ് ജേതാക്കൾക്ക് 2020ലെ യൂറോകപ്പിൽ കളിക്കാമെന്ന ആകർഷണവുമുണ്ട്. മറ്റു മൽസരങ്ങളിൽ അർമേനിയ ജിബ്രാൾട്ടറിനെയും (6–2), യുക്രെയിൻ സ്ലോവാക്യയെയും (4–1), ഡെൻമാർക്ക് വെയിൽസിനെയും (2–1) തോൽപ്പിച്ചു. വെയിൽസിനെതിരായ വിജയത്തോടെ ഡെൻമാർക്ക് ഫൈനൽസ് ഉറപ്പാക്കിയിട്ടുണ്ട്.