Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോളി നീട്ടിയടിച്ച പന്ത് ഇന്ത്യൻ വലയിൽ; ഇന്ത്യ ജോർദാനോട് തോറ്റു (1–2) – വിഡിയോ

india-vs-jordan-match ഇന്ത്യ–ജോർദാൻ മൽസരത്തിൽനിന്ന്. (ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ട്വീറ്റ് ചെയ്ത ചിത്രം)

അമ്മാൻ ∙ ജോർദാൻ ഗോൾകീപ്പർ അമർ ഷാഫി ഗോളടിച്ച് ഹീറോ ആയ സൗഹൃദ മൽസരത്തിൽ ഇന്ത്യയ്ക്ക് 2–1 തോൽവി. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു പെനൽറ്റി കിക്ക് സേവ് ചെയ്ത് വീരനായെങ്കിലും പിന്നാലെ ഷാഫിയുടെ ഗോൾകിക്ക് എത്തിപ്പിടിക്കാനാവാതെ വില്ലനുമായി.

25–ാം മിനിറ്റിൽ സ്വന്തം ഗോൾമുഖത്ത് നിന്ന് ഷാഫി ഉയർത്തിയടിച്ച പന്ത് മുന്നോട്ടു കയറി നിൽക്കുകയായിരുന്ന സന്ധുവിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. 58–ാം മിനിറ്റിൽ ഇഹ്സാൻ ഹദ്ദാദ് ജോർദാന്റെ രണ്ടാം ഗോൾ നേടി.

61–ാം മിനിറ്റിൽ നിഷു കുമാർ ഇന്ത്യയ്ക്കായി ഗോൾ മടക്കിയെങ്കിലും പിന്നീടൊന്നു നേടാനായില്ല. ഫിഫ റാങ്കിങ്ങിൽ 112–ാം സ്ഥാനക്കാരായ ജോർദാനുമായുള്ള തോൽവി 97–ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കു തിരിച്ചടിയാകും. കനത്ത മഴ മൂലം ആദ്യം ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ച മൽസരം പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു.  ഡിസംബർ 27ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി.