ടൂറിൻ∙ റെക്കോർഡുകളുടെ തോഴനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏതു രാജ്യത്തെ ലീഗിലും ഏതു ടീമിനായും ഗോളടിച്ചുകൂട്ടുന്ന പതിവ് ഇറ്റലിയിലും പോർച്ചുഗീസ് സൂപ്പർതാരം കൈവിട്ടിട്ടില്ല. ഇറ്റാലിയൻ സീരി എയിൽ സ്പാലിനെതിരായ മൽസരത്തിൽ യുവെന്റസിന്റെ ആദ്യ ഗോൾ നേടിയ റൊണാൾഡോ, ക്ലബ്ബിനായി ഏറ്റവും വേഗത്തിൽ 10 ഗോൾ തികയ്ക്കുന്ന താരമായി. വിവിധ ചാംപ്യൻഷിപ്പുകളിലായി 16 മൽസരങ്ങളിൽനിന്നാണ് റൊണാൾഡോയുടെ റെക്കോർഡ് നേട്ടം.
സീരി എയിൽ 13 കളികളിൽനിന്ന് ഒൻപതു ഗോൾ നേടിയ റൊണാൾഡോ, ഇത്രയും മൽസരങ്ങളിൽനിന്ന് ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ മുൻ ഇറ്റാലിയൻ സ്ട്രൈക്കർ പിയെട്രോ അനസ്താസിയുടെ അര നൂറ്റാണ്ടു പഴക്കമുള്ള റെക്കോർഡിനും ഒപ്പമെത്തി. 1968–69 സീസണിൽ അനസ്താസി 13 മൽസരങ്ങളിൽനിന്ന് ഒൻപതു ഗോൾ നേടിയിരുന്നു. ഈ റെക്കോർഡു നേട്ടത്തിന് അര നൂറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് റൊണാൾഡോയും റെക്കോർഡ് ബുക്കിൽ ഇടം പിടിക്കുന്നത്.
യുവെയിലെത്തി ആദ്യത്തെ മൂന്നു മൽസരങ്ങളിൽ ഒരു ഗോൾ പോലും നേടാനാകാതെ ഉഴറിയ ശേഷമാണ് റൊണാൾഡോയുടെ ബൂട്ടുകൾ ശബ്ദിച്ചു തുടങ്ങിയത്. ഇതിനു ശേഷം 10 മൽസരങ്ങളിൽനിന്ന് ഒൻപതു ഗോളുകൾ നേടി റൊണാൾഡോയുടെ തിരിച്ചുവരവിനും സീരി എ സാക്ഷ്യം വഹിച്ചു.
സ്പാലിനെതിരെ ജാനിക്കിന്റെ ക്രോസിൽനിന്ന് 28–ാം മിനിറ്റിലാണ് റൊണാൾഡോ യുവെയ്ക്കു ലീഡ് സമ്മാനിച്ചത്. ബോക്സിനു വെളിയിൽനിന്ന് ജാനിക് ഉയർത്തിവിട്ട ഫ്രീകിക്കിന് ഓടിക്കയറി കാൽവച്ചാണ് റൊണാൾഡോ ലക്ഷ്യം കണ്ടത്. ക്ലബ്ബിന്റെ ക്യാപ്റ്റനായി ആദ്യ മൽസരത്തിനിറങ്ങിയ മരിയോ മാൻസൂക്കിച്ചിന് രണ്ടാം ഗോൾ നേടാൻ വഴിയൊരുക്കിയും റൊണാൾഡോ ശ്രദ്ധ കവർന്നു.