തുടർതോൽവികൾ വിനയായി; ഹോസെ മൗറീഞ്ഞോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കി

ലണ്ടൻ ∙ ഒന്നുകിൽ വിജയങ്ങളുടെ കൊടുമുടി; അല്ലെങ്കിൽ പരാജയങ്ങളുടെ മഹാഗർത്തങ്ങൾ– അതാണ് മൗറീഞ്ഞോ ശൈലി. മാഞ്ചസ്റ്റർ യുണൈറ്റ‍ഡിൽ നിർഭാഗ്യവശാൽ മൗറീഞ്ഞോയുടെ വിധി രണ്ടാമത്തേത്. തുടർപരാജയങ്ങളുമായി ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കഷ്ടപ്പെടുന്ന ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് ഒടുവിൽ മൗറീഞ്ഞോയെ ക്ലബ് അധികൃതർ പുറത്താക്കി. മൗറീഞ്ഞോയുമായുള്ള കരാർ അവസാനിപ്പിക്കുന്ന കാര്യം ക്ലബ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണു പുറത്തു വിട്ടത്.

ലീഗ് തുടക്കം മുതലേ സ്ഥാനം ഭീഷണിയിലായിരുന്നെങ്കിലും കഴിഞ്ഞ വാരം ചിരവൈരികളായ ലിവർപൂളിനോട് തോറ്റതു മൗറീഞ്ഞോയുടെ വിധിയെഴുതി. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ 19 പോയിന്റ് പിന്നിലായി ആറാം സ്ഥാനത്താണ് യുണൈറ്റ‍ഡ് ഇപ്പോൾ. ചാംപ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയെങ്കിലും യുണൈറ്റഡിന്റെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല. ഇടക്കാല പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് യുണൈറ്റ‍ഡ് അധികൃതർ അറിയിച്ചു. 

∙ ഫെർഗൂസനു ശേഷം...

മുൻ പരിശീലകൻ സർ അലക്സ് ഫെർഗൂസന്റെ കീഴിൽ ലോകം വെട്ടിപ്പിടിച്ച ടീമിന്റെ മിഴിവുള്ള ഓർമകളിൽ ഇപ്പോഴും അഭിരമിക്കുന്ന യുണൈറ്റ‍ഡ് ആരാധകരെ ഒട്ടും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല മൗറീഞ്ഞോയുടെ പ്രകടനം. 26 വർഷം നീണ്ട കാലയളവിനു ശേഷം 2013ൽ ഫെർഗൂസൻ മടങ്ങിയതിനു ശേഷം ഡേവിഡ് മോയസ്, ലൂയി വാൻഗാൾ എന്നിവരെ പരീക്ഷിച്ച യുണൈറ്റ‍ഡ് 2016 മേയിലാണ് മൗറീഞ്ഞോയെ പരിശീലകനായി നിയമിച്ചത്.

പോർട്ടോ, ഇന്റർ മിലാൻ ടീമുകൾക്ക് ചാംപ്യൻസ് ലീഗ് കിരീടവും ചെൽസി, റയൽ മഡ്രിഡ് ടീമുകൾക്ക് ലീഗ് കിരീടവും നേടിക്കൊടുത്ത പകിട്ടിലായിരുന്നു മൗറീഞ്ഞോയുടെ വരവ്. എന്നാൽ ലീഗ് കപ്പും യൂറോപ്പ ലീഗും മാത്രമാണ് മൗറീഞ്ഞോയ്ക്കു കീഴിൽ യുണൈറ്റഡ് നേടിയ കിരീടങ്ങൾ. 

∙ സിദാൻ, പോച്ചെറ്റിനോ...

യുണൈറ്റഡിന്റെ ശൈലിയെ അമിതമായ പ്രതിരോധക്കളിയിലൂടെ നശിപ്പിച്ചു എന്ന പഴിയും മൗറീഞ്ഞോ കേട്ടു. വൻതുക നൽകി ടീമിലെടുത്ത പോൾ പോഗ്ബ ഉൾപ്പെടെയുള്ള താരങ്ങളെ സമർഥമായി ഉപയോഗപ്പെടുത്താനും മൗറീഞ്ഞോയ്ക്കായില്ല. ടോട്ടനം പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ, റയൽ മഡ്രിഡ് മുൻ പരിശീലകൻ സിനദിൻ സിദാൻ, ചെൽസി മുൻ പരിശീലകൻ അന്റോണിയോ കോണ്ടെ തുടങ്ങിയവരെയാണ് മൗറീഞ്ഞോയുടെ പിൻഗാമിയായി പറഞ്ഞു കേൾക്കുന്നത്. 

മാഞ്ചസ്റ്ററിൽ മൗറീഞ്ഞോ

മൽസരം                 144 

ജയം                       84 

സമനില                   32 

തോൽവി                  28 

നേടിയ ഗോളുകൾ     243

വഴങ്ങിയ ഗോളുകൾ   117 

വിജയശതമാനം        58.33%