യുണൈറ്റഡിന് അഞ്ചു വർഷങ്ങൾക്കു ശേഷം അഞ്ചു ഗോൾ ജയം

ഗോൾ നേടിയ ജെസ്സി ലിങാർദ്(ഇടത്തേയറ്റം) മറ്റു മാഞ്ചസ്റ്റർ താരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ

കാഡിഫ്∙ 5 വർഷത്തിനു ശേഷം 5 ഗോളടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ, കാഡിഫ് സിറ്റിയെ 5–1നു കീഴടക്കി ഇടക്കാല പരിശീലകൻ ഒലെ ഗുണ്ണാർ സോൽഷ്യേറിനു കീഴിൽ യുണൈറ്റഡ് വീണ്ടും ചുവന്ന ചെകുത്താന്മാരായി. മാർക്കസ് റഷ്ഫോഡ് (3), ആന്ദ്രേ ഹെറേറ (29), അന്തോണി മാർഷ്യൽ (41), ജെസ്സി ലിങാർദ് (57 പെനൽറ്റി, 90) എന്നിവരാണു ഗോളടിച്ചത്. 38–ാം മിനിറ്റിൽ വിക്ടർ കമാരസ നേടിയ പെനൽറ്റി ഗോൾ കാഡിഫ് സിറ്റിക്ക് ആശ്വാസത്തിന്റേതായി.

ഓൾഡ് ട്രാഫഡ് ക്ലബ്ബിന്റെ സുവർണകാലമെന്നു വിലയിരുത്തപ്പെടുന്ന, ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസനു കീഴിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു മുൻപ് അഞ്ചു ഗോളടിച്ച് കളി ജയിച്ചിട്ടുള്ളത്. 2013 കാലഘട്ടത്തിലെ ചുവന്ന ചെകുത്താന്മാരിലേക്കുള്ള മടക്കയാത്രയാവട്ടെ മുൻ യുണൈറ്റഡ് താരം കൂടിയായ സോൽഷ്യേറിനു കീഴിൽ ക്ലബ്ബിന്റേതെന്ന വിധത്തിലാണു സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ. 18 കളിയിൽ 29 പോയിന്റുമായി ആറാമതാണു യുണൈറ്റഡ്.

സ്വന്തം മൈതാനത്ത് സീസണിൽ ആദ്യമായി കളി തോറ്റ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി നാണംകെട്ട രാത്രിയിൽ തന്നെയാണ് യുണൈറ്റഡിന്റെ അവിശ്വസനീയ വിജയവും അരങ്ങേറിയത്. ക്രിസ്റ്റൽ പാലസിനോടു 3–2നു തോറ്റ സിറ്റിയെ(44) രണ്ടാം സ്ഥാനത്ത് അടക്കിയിരുത്തി ഈ ക്രിസ്മസ് വാരാന്ത്യത്തിൽ ലിവർപൂൾ(48) ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. മുഹമ്മദ് സലാ, വിർജിൽ വാൻ വിർക് എന്നിവരു‍ടെ ഗോളിൽ വോൾവർഹാംപ്ടൺ വാൻഡറേഴ്സിനെ 2–0നു കീഴടക്കിയ ലിവർപൂൾ, പ്രീമിയർ ലീഗ് കാലത്തെ ക്ലബ്ബിന്റെ ആദ്യ കിരീടമെന്ന സ്വപ്നത്തിനു പിന്നാലെയാണ്.

നാലാം സ്ഥാനക്കാരായ ചെൽസിയും സ്വന്തം മൈതാനത്തെ അപരാജിത റെക്കോർഡ് നഷ്ടമാക്കി. ലെസ്റ്റർ സിറ്റി 1–0നു നീലപ്പടയെ കീഴടക്കി. ബേൺലിയെ 3–1നു കീഴടക്കിയ ആർസനൽ പോയിന്റ് നിലയിൽ ചെൽസിക്കൊപ്പമെത്തി. ഗോൾവ്യത്യാസത്തിൽ മാത്രമാണ് ഇപ്പോൾ സ്റ്റാംഫഡ് ബ്രിജ് ക്ലബ് നാലാം സ്ഥാനത്തു തുടരുന്നത്.