ജോൺപോൾ വിളിക്കുന്നു; ജെറാർദ് വിളി കേൾക്കുമോ?
പതിനേഴു വർഷം ലിവർപൂളിൽ മാത്രം കളിച്ച്, മുപ്പത്തിനാലാം വയസ്സിൽ ആൻഫീൽഡ് സ്റ്റേഡിയത്തിന്റെ പടിയിറങ്ങിയപ്പോൾ സ്റ്റീവൻ ജെറാർദ് പറഞ്ഞു: ഞാൻ തിരിച്ചുവരും, പരിശീലകനായിട്ട്. അങ്ങനെ വന്നാൽ ഫെർഗൂസനും വെംഗറും ചേർന്നൊരു കോച്ചായിരിക്കും ഞാൻ! മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചുവന്ന ചെകുത്താന്മാരാക്കിയ സർ അലക്സ്
പതിനേഴു വർഷം ലിവർപൂളിൽ മാത്രം കളിച്ച്, മുപ്പത്തിനാലാം വയസ്സിൽ ആൻഫീൽഡ് സ്റ്റേഡിയത്തിന്റെ പടിയിറങ്ങിയപ്പോൾ സ്റ്റീവൻ ജെറാർദ് പറഞ്ഞു: ഞാൻ തിരിച്ചുവരും, പരിശീലകനായിട്ട്. അങ്ങനെ വന്നാൽ ഫെർഗൂസനും വെംഗറും ചേർന്നൊരു കോച്ചായിരിക്കും ഞാൻ! മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചുവന്ന ചെകുത്താന്മാരാക്കിയ സർ അലക്സ്
പതിനേഴു വർഷം ലിവർപൂളിൽ മാത്രം കളിച്ച്, മുപ്പത്തിനാലാം വയസ്സിൽ ആൻഫീൽഡ് സ്റ്റേഡിയത്തിന്റെ പടിയിറങ്ങിയപ്പോൾ സ്റ്റീവൻ ജെറാർദ് പറഞ്ഞു: ഞാൻ തിരിച്ചുവരും, പരിശീലകനായിട്ട്. അങ്ങനെ വന്നാൽ ഫെർഗൂസനും വെംഗറും ചേർന്നൊരു കോച്ചായിരിക്കും ഞാൻ! മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചുവന്ന ചെകുത്താന്മാരാക്കിയ സർ അലക്സ്
പതിനേഴു വർഷം ലിവർപൂളിൽ മാത്രം കളിച്ച്, മുപ്പത്തിനാലാം വയസ്സിൽ ആൻഫീൽഡ് സ്റ്റേഡിയത്തിന്റെ പടിയിറങ്ങിയപ്പോൾ സ്റ്റീവൻ ജെറാർദ് പറഞ്ഞു: ഞാൻ തിരിച്ചുവരും, പരിശീലകനായിട്ട്. അങ്ങനെ വന്നാൽ ഫെർഗൂസനും വെംഗറും ചേർന്നൊരു കോച്ചായിരിക്കും ഞാൻ! മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചുവന്ന ചെകുത്താന്മാരാക്കിയ സർ അലക്സ് ഫെർഗൂസന്റെയും ആർസനലിനെ പീരങ്കിപ്പടയാക്കിയ ആർസീൻ വെംഗറിന്റെയും പരിച്ഛേദം. അതാണു താനെന്ന് ഇപ്പോഴിതാ സ്റ്റീവൻ ജെറാർദ് തെളിയിച്ചിരിക്കുന്നു. 2018ൽ പരിശീലകനായി ചുമതലയേറ്റ് 3 വർഷത്തിനകം സ്കോട്ടിഷ് പ്രീമിയർഷിപ് ഫുട്ബോളിൽ റേഞ്ചേഴ്സിനെ ചാംപ്യന്മാരാക്കിയ ജെറാർദിന്റെ വാക്കുകൾ അച്ചട്ടായത് എങ്ങനെയെന്നു കണക്കുകൾ പറയും.
ഒരു മത്സരം പോലും തോൽക്കാതെയാണ് ഈ സീസണിൽ റേഞ്ചേഴ്സിന്റെ കിരീടധാരണം. 38 മത്സരങ്ങളിൽ 32 വിജയം, 6 സമനില. ആകെ പോയിന്റിൽ സെഞ്ചുറി (102) പിന്നിട്ട ജെറാർദിന്റെ ക്ലബ് മാർച്ചിൽ തന്നെ കിരീടം ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ 9 സീസണുകളിൽ തുടർച്ചയായി ചാംപ്യന്മാരായിരുന്ന സെൽറ്റിക്കിനെ 25 പോയിന്റിനു പിന്നിലാക്കിയാണ് റേഞ്ചേഴ്സിന്റെ വിജയം. സ്വന്തം മൈതാനത്തു നടന്ന 18 കളികളും ടീം ജയിച്ചു; അവിടെ ആകെ വഴങ്ങിയത് വെറും 4 ഗോളുകൾ. സീസണിലാകെ 36 കളിയിലായി വഴങ്ങിയതു 13 ഗോളെന്നതു ബ്രിട്ടിഷ് ഫുട്ബോളിലെ റെക്കോർഡായി; 2004–05 സീസണിൽ ഹൊസെ മൗറീഞ്ഞോയുടെ കാലത്തു ചെൽസി വഴങ്ങിയ 15 ഗോൾ റെക്കോർഡിനെയാണ് അക്കാലത്തു ലിവർപൂളിന്റെ സൂപ്പർതാരമായിരുന്ന ജെറാർദ് ഇക്കുറി നിസ്സാരമാക്കിയത്.
ജെറാർദിന്റെ റേഞ്ച് വെളിവാക്കുന്ന ഈ വൻവിജയം സന്തോഷം പകരുന്നതു ലിവർപൂളിനു തന്നെയാണ്. കാരണം, ജർമൻ പരിശീലകൻ യുർഗൻ ക്ലോപ്പിനു ശേഷം ആൻഫീൽഡലെ ആരാധകർ കാത്തിരിക്കുന്നത് ഇപ്പോൾ വെറും 40 വയസ്സു മാത്രമുള്ള ജെറാർദിന്റെ വരവിനു വേണ്ടിയാണ്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ വിലപറഞ്ഞിട്ടും 17 വർഷം ലിവർപൂളിൽ മാത്രം കളിച്ച താരമാണു ജെറാർദ്. അക്കാലത്തു കേട്ടാൽ ഞെട്ടുന്ന വിലയ്ക്കു റാഞ്ചാൻ വട്ടമിട്ടു പറന്ന പരുന്തുകളോടു ജെറാർദ് പറഞ്ഞു: ‘‘ജോൺ പോളിന്റെ ആത്മാവ് ഇവിടെയുണ്ട്. അവനെ വിട്ടു ഞാൻ എങ്ങോട്ടുമില്ല.’’
ജെറാർദിന്റെ അർധസഹോദരനാണ് ജോൺപോൾ. 1989ൽ ലോകത്തെ നടുക്കിയ ഹിൽസ്ബ്രോ സ്റ്റേഡിയം ദുരന്തത്തിലെ രക്തസാക്ഷി. എഫ്എ കപ്പ് സെമിഫൈനലിൽ, ലിവർപൂളും നോട്ടിങ്ങാം ഫോറസ്റ്റും തമ്മിലുള്ള കളിക്കിടെ 96 പേർ മരിച്ച തിക്കിലും തിരക്കിലുമാണ് പത്തു വയസ്സുകാരൻ ജോൺ പോളിനു ജീവിതം നഷ്ടപ്പെട്ടത്. അന്ന് എട്ടു വയസ്സുകാരൻ ജെറാർദിനു താങ്ങാവുന്നതിലും അധികമായിരുന്നു അത്.
ആ മരണം സൃഷ്ടിച്ച വേദനയുടെ ഓർമയുമായാണു ജെറാർദ് ലിവർപൂളിലേക്കു വന്നത്. ജോൺ പോളിന്റെ ഇഷ്ട ക്ലബ്ബിലായിരിക്കും തന്റെ കളിജീവിതമെന്ന് അന്നു തീരുമാനിച്ചതായി ആത്മകഥയിൽ ജെറാർദ് പറയുന്നു. തീരുമാനം തെറ്റിയില്ല. ലിവർപൂളിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇങ്ങനെയൊരു കളിക്കാരൻ ഉണ്ടായിട്ടില്ല. ഫ്രാൻസിന്റെ ഇതിഹാസതാരം സിനദിൻ സിദാൻ പറഞ്ഞിട്ടുണ്ട്: ജെറാർദിനെപ്പോലെ ഒരു കളിക്കാരനെ ഞാൻ വേറെ കണ്ടിട്ടില്ല!
2015 മേയ് 24ന് അവസാനത്തെ കളിയും പൂർത്തിയാക്കി ലിവർപൂളിന്റെ എട്ടാം നമ്പർ ജഴ്സിയൂരി പടിയിറങ്ങിയപ്പോൾ ജെറാർദ് പറഞ്ഞു: കാണിയായിട്ടെങ്കിലും ആൻഫീൽഡിലേക്കു ഞാൻ തിരിച്ചുവരും! അതു സത്യമാകാൻ ഇനി ഏറെക്കാലമില്ലെന്നു നിരീക്ഷകർ പറയുന്നു. റേഞ്ചേഴ്സ് വിടാൻ ജെറാർദ് തീരുമാനിച്ചാൽ അടുത്ത തട്ടകം ലിവർപൂളായിരിക്കുമത്രേ.
സെൻട്രൽ മിഡ്ഫീൽഡറായി കളത്തിലേക്കു വന്ന ജെറാർദ് കളിക്കാത്ത പൊസിഷനുകളില്ല. രണ്ടാം സ്ട്രൈക്കറായി കളത്തിലിറങ്ങിയാണു 2005ൽ ലിവർപൂളിനു യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തത്. ആദ്യപകുതിയിൽ 3–0നു മുന്നിൽ നിന്ന എസി മിലാനെ മൂന്നെണ്ണം തിരിച്ചടിച്ചു സമനിലയിലാക്കി, പെനൽറ്റി ഷൂട്ടൗട്ടിൽ വീഴിച്ചു നേടിയ കിരീടത്തിനു ക്ലബ് കടപ്പെട്ടിരിക്കുന്നതു ജെറാർദിനോടു മാത്രമാണ്!
ഹോൾഡിങ് മിഡ്ഫീൽഡർ, അറ്റാക്കിങ് മിഡ്ഫീൽഡർ, റൈറ്റ് ബായ്ക്ക്, റൈറ്റ് വിങ്ങർ എന്നീ പൊസിഷനുകളിലും ജെറാർദ് കളിച്ചു. ക്ലബ്ബിൽ സർവസമ്മതനായിരുന്നു. രണ്ട് എഫ്എ കപ്പ്, മൂന്നു ലീഗ് കപ്പ്, ഒരു യുവേഫ കപ്പ്, രണ്ടു യുവേഫ സൂപ്പർ കപ്പ് എന്നിവയും ചാംപ്യൻസ് ലീഗ് കിരീടം കൂടാതെ ലിവർപൂളിലെത്തിയപ്പോൾ ജെറാർദ് ഒപ്പമുണ്ടായിരുന്നു. എന്നാൽ, ഒരിക്കൽപ്പോലും പ്രീമിയർ ലീഗ് കിരീടം നേടാൻ സാധിച്ചുമില്ല. എല്ലാം നേടുമ്പോഴും ചിലതു സ്വപ്നമായി ശേഷിക്കുമെന്ന ജീവിതസത്യം ജെറാർദിനും ബാധകമായിരുന്നു!
പക്ഷേ ജെറാർദിന് ഇനിയും സമയം ബാക്കിയുണ്ട്. കളിക്കാരനായി നേടാൻ കഴിയാതെ പോയ പ്രീമിയർ ലീഗ് ട്രോഫി ലിവർപൂളിനൊപ്പം ഒരുപക്ഷേ, പരിശീലകനായി നേടാൻ ജെറാർദിനു ഭാഗ്യം കിട്ടിയേക്കാം.
സ്കോട്ടിഷ് ക്ലബ്ബിനൊപ്പമുള്ള ജെറാർദിന്റെ വൻവിജയം അതിനാൽ ആഘോഷിക്കപ്പെടുന്നതും ചർച്ച ചെയ്യുന്നതുമേറെയും ലിവർപൂൾ ആരാധകരാണ്. ഫെർഗിയും വെംഗറും ചേർന്നൊരു പരിശീലകന്റെ വരവിനായി അവർ കാത്തിരിക്കുന്നു; ആൻഫീൽഡിലെ ‘കോപ് ’ സ്റ്റാൻഡിലൊരിടത്ത് ജെറാർദിന്റെ പ്രിയപ്പെട്ട ജോൺ പോളിന്റെ ആത്മാവും ആ വരവു കാത്തിരിപ്പുണ്ടാകും!
English Summary: Steven Gerrard leads Scottish side Rangers to unbeaten season with 102-point haul