‘എല്ലാ ജില്ലകളിലും സൂപ്പർ ലീഗ് കേരള ടീമുകൾ ഉണ്ടാകണം, അർജന്റീനയുടെ വരവ് ആവേശമാകും’
ആദ്യ സീസണിൽ തന്നെ ആരാധകർ ഏറ്റെടുത്തതോടെ സൂപ്പർ ലീഗ് കേരളയിൽ പുതിയ മാറ്റങ്ങൾക്കു വഴിയൊരുങ്ങുന്നു. കേരളത്തിലെ ആറു ടീമുകൾ പോരാടിയ ആദ്യ സീസണ്‍ സെമി ഫൈനലിന് അരികെ എത്തി നിൽക്കുകയാണ്. കൂടുതൽ സൗകര്യങ്ങളുള്ള വേദികളും എല്ലാ ജില്ലകളില്‍നിന്നും ടീമുകളും വേണമെന്ന് സൂപ്പർ ലീഗ് കേരളയ്ക്ക് നേതൃത്വം നൽകുന്ന അണിയറ പ്രവർത്തകർ സ്വപ്നം കാണുന്നു.
ആദ്യ സീസണിൽ തന്നെ ആരാധകർ ഏറ്റെടുത്തതോടെ സൂപ്പർ ലീഗ് കേരളയിൽ പുതിയ മാറ്റങ്ങൾക്കു വഴിയൊരുങ്ങുന്നു. കേരളത്തിലെ ആറു ടീമുകൾ പോരാടിയ ആദ്യ സീസണ്‍ സെമി ഫൈനലിന് അരികെ എത്തി നിൽക്കുകയാണ്. കൂടുതൽ സൗകര്യങ്ങളുള്ള വേദികളും എല്ലാ ജില്ലകളില്‍നിന്നും ടീമുകളും വേണമെന്ന് സൂപ്പർ ലീഗ് കേരളയ്ക്ക് നേതൃത്വം നൽകുന്ന അണിയറ പ്രവർത്തകർ സ്വപ്നം കാണുന്നു.
ആദ്യ സീസണിൽ തന്നെ ആരാധകർ ഏറ്റെടുത്തതോടെ സൂപ്പർ ലീഗ് കേരളയിൽ പുതിയ മാറ്റങ്ങൾക്കു വഴിയൊരുങ്ങുന്നു. കേരളത്തിലെ ആറു ടീമുകൾ പോരാടിയ ആദ്യ സീസണ്‍ സെമി ഫൈനലിന് അരികെ എത്തി നിൽക്കുകയാണ്. കൂടുതൽ സൗകര്യങ്ങളുള്ള വേദികളും എല്ലാ ജില്ലകളില്‍നിന്നും ടീമുകളും വേണമെന്ന് സൂപ്പർ ലീഗ് കേരളയ്ക്ക് നേതൃത്വം നൽകുന്ന അണിയറ പ്രവർത്തകർ സ്വപ്നം കാണുന്നു.
ആദ്യ സീസണിൽ തന്നെ ആരാധകർ ഏറ്റെടുത്തതോടെ സൂപ്പർ ലീഗ് കേരളയിൽ പുതിയ മാറ്റങ്ങൾക്കു വഴിയൊരുങ്ങുന്നു. കേരളത്തിലെ ആറു ടീമുകൾ പോരാടിയ ആദ്യ സീസണ്‍ സെമി ഫൈനലിന് അരികെ എത്തി നിൽക്കുകയാണ്. കൂടുതൽ സൗകര്യങ്ങളുള്ള വേദികളും എല്ലാ ജില്ലകളില്‍നിന്നും ടീമുകളും വേണമെന്ന് സൂപ്പർ ലീഗ് കേരളയ്ക്ക് നേതൃത്വം നൽകുന്ന അണിയറ പ്രവർത്തകർ സ്വപ്നം കാണുന്നു. കേരളത്തിലെ താരങ്ങൾക്കു വലിയ വേദികൾ എത്തിപ്പിടിക്കാനുള്ള അവസരമാണ് സൂപ്പർ ലീഗ് ഒരുക്കി നൽകുന്നതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പ്രതികരിച്ചു. നവാസ് മീരാനുമായി നടത്തിയ അഭിമുഖത്തിൽനിന്ന്...
സൂപ്പർ ലീഗ് കേരള ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് എങ്ങനെയാകും സഹായിക്കുക? സൂപ്പർ ലീഗിന്റെ പിറവി എങ്ങനെയാണ്?
കേരള ഫുട്ബോൾ അസോസിയേഷൻ ഗ്രാസ്റൂട്ട് ലെവലിൽ ഫുട്ബോളിന്റെ വികസനത്തിനായി കൊണ്ടുവന്നതാണ് ചാക്കോള ട്രോഫി മത്സരങ്ങൾ. 13നും 17നും വയസ്സിന് ഇടയിലുള്ള അഞ്ച് വിഭാഗങ്ങളിൽ ഞങ്ങൾ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒരു കുട്ടിക്ക് ഒരു വർഷം ചുരുങ്ങിയത് 24 മത്സരങ്ങളെങ്കിലും കൊടുക്കാൻ സാധിക്കുകയെന്നതാണു ലക്ഷ്യം. അങ്ങനെ വളർന്നുവരുന്ന കുട്ടികൾക്ക് പ്രഫഷനൽ ഫുട്ബോളിൽ ഒരു അവസരം ആവശ്യമാണ്. ഇന്ന് ഇന്ത്യയിലുള്ള ഏറ്റവും വലിയ അവസരമെന്നത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമുകളിൽ ഇടം കണ്ടെത്തുക എന്നതാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ പരിശീലകര്‍ക്കു താരങ്ങളെ കണ്ടെത്തി സ്കൗട്ട് ചെയ്യണമെങ്കിൽ ഇവിടെ മത്സരങ്ങൾ ആവശ്യമാണ്. അതുകൊണ്ടാണ് നമ്മൾ സൂപ്പർ ലീഗ് കേരള പോലൊരു ടൂർണമെന്റുമായി വരുന്നത്. കൂടുതൽ മത്സരങ്ങൾ വരുമ്പോൾ നമ്മുടെ താരങ്ങളുടെ മികവും സ്വാഭാവികമായും കൂടും. സൂപ്പര്‍ ലീഗ് കേരള വഴി, ഇന്ത്യൻ സൂപ്പർ ലീഗിലേക്കോ, ഐ ലീഗിലേക്കോ ഒക്കെ താരങ്ങളെ എത്തിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ഞൂറോളം താരങ്ങളിൽ കേരളത്തില്‍നിന്ന് കളിക്കുന്നത് വെറും നാൽപതിൽ താഴെ മാത്രം താരങ്ങളാണ്. താരങ്ങൾക്കായി ഒരു വഴിയൊരുക്കണമെന്ന ചിന്ത നമ്മളിലേക്കെത്തിയത് അങ്ങനെയാണ്. കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈൻ സ്പോർട്സും ഏകദേശം രണ്ടുവര്‍ഷം മുൻപാണ് സൂപ്പർ ലീഗ് കേരളയെക്കുറിച്ച് ആദ്യം ചിന്തിക്കുന്നത്. ഓരോ ടീമുകളും എട്ടു മുതൽ പത്തു കോടി രൂപ വരെയൊക്കെയാണ് നിക്ഷേപിക്കേണ്ടത്. അതിനായുള്ള ആളുകളെ കണ്ടെത്തണം. അങ്ങനെ ഒരു രണ്ടു വർഷം നമുക്കു നഷ്ടമായി. നമ്മുടെ നിക്ഷേപകരെല്ലാം തന്നെ സൂപ്പർ ലീഗിനെ ദീർഘനാളത്തേക്കുള്ള ഒരു പദ്ധതിയായാണു കാണുന്നത്. അത് ഒരു നേട്ടം തന്നെയാണ്.
ഐഎസ്എൽ ടീമുകളില്‍ പലരും ഇന്നു വലിയ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നുണ്ട്. ആരാധകര്‍ സ്റ്റേഡിയങ്ങളിലേക്കു വരാൻ മടിക്കുന്നൊരു സാഹചര്യമുണ്ട്. സൂപ്പർ ലീഗ് കേരളയിൽ ഈയൊരു വെല്ലുവിളിയെ എങ്ങനെയാണു നേരിടാൻ സാധിക്കുന്നത്?
സൂപ്പർ ലീഗ് കേരളയിലെ എല്ലാ മത്സരങ്ങളും ഇവിടത്തെ ആരാധകരുടെ കൺമുന്നിലാണു നടക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ 10 മത്സരങ്ങൾ ഇവിടെ നടന്നാലും ബാക്കി കളികളെല്ലാം പുറത്താണ്. ആരാധകരുമായി ഈ മത്സരങ്ങൾ അത്രയും ബന്ധിപ്പിക്കുന്നില്ല. അതൊരു ചെറിയ ന്യൂനത തന്നെയാണ്. ഇന്ത്യയിൽ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണു ഫുട്ബോളിന് ആരാധകനിരയുള്ളത്. കഴിഞ്ഞ ദിവസം ജംഷഡ്പൂരിന്റെ സ്റ്റേഡിയത്തിൽ അവരുടെ കളി നടക്കുമ്പോൾ സ്റ്റേഡിയം നിറയെ ആളുകളുണ്ടായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ സ്ഥലങ്ങളിലും ആരാധകരുടെ എണ്ണം വ്യത്യസ്തമായാണു കാണുന്നത്. പക്ഷേ സൂപ്പർ ലീഗ് കേരള എല്ലാവരുടേയും കയ്യെത്തും ദൂരത്തുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഒരു കളി വരുമ്പോള്‍ ആൾക്കാർ അറിയുന്നുണ്ട്. പക്ഷേ വേറെ രണ്ടു ടീമുകൾ കളിക്കുമ്പോൾ ഇവിടെയുള്ളവർ അറിയണമെന്നില്ല. ഇവിടെ ഒരു പ്രാദേശിക വൈകാരികത എന്തായാലും ഉണ്ട്. കാലിക്കറ്റ് എഫ്സി കളിക്കുമ്പോൾ അവർ ജയിക്കണമെന്ന് കോഴിക്കോടുകാര്‍ക്ക് സ്വാഭാവികമായും ആഗ്രഹമുണ്ടാകും. പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങൾക്ക്. അവരാണ് വളർന്ന് നാളെ വലിയ ആരാധകരായി മാറുന്നത്.
കേരളത്തിലെ സ്പോർട്സ് മേഖലയുടെ വികസനം മന്ദഗതിയിലാണെന്ന വിമർശനം ശക്തമാകുകയാണ്. എന്താണു പ്രതികരണം?
രാജ്യത്ത് നന്നായി നടക്കുന്ന സ്പോർട്സ് അസോസിയേഷനുകള്‍ കൂടുതലുള്ളത് കേരളത്തിലാണ്. ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍ അസോസിയേഷനുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കേരളത്തിൽ എല്ലാ അസോസിയേഷനുകളും ജില്ലാ തല മത്സരങ്ങളും സംസ്ഥാന തല മത്സരങ്ങളും ഒക്കെ നടത്തുന്നുണ്ട്. സ്കൂളുകളിൽ ഇപ്പോൾ സ്പോർട്സിനായി കൂടുതൽ സമയം മാറ്റിവച്ചു തുടങ്ങി. ഇത് ഏറ്റവും കൂടുതൽ സഹായിക്കുന്നത് കേരളത്തെയാകും. നിയമം എഴുതിവച്ചാൽ അതു പാലിക്കുന്ന കൂട്ടത്തിലാണ് ഇവിടെയുള്ളവർ.
സൂപ്പർ ലീഗ് കേരളയുടെ ദൈർഘ്യം വർധിപ്പിക്കുന്നതിനെക്കുറിച്ച്.
കൂടുതൽ ടീമുകൾ വരുമ്പോൾ സ്വാഭാവികമായും ദൈർഘ്യവും കൂടും. കേരളത്തിൽ 14 ടീമുകളെ വരെ കൊണ്ടുവരാൻ സാധിക്കും. എല്ലാ ജില്ലകളിലും ടീമുകള്‍ ഉണ്ടാകണം. നമുക്ക് വരുന്ന കളിക്കാർ രണ്ടോ, മൂന്നോ മാസം മാത്രം ഇവിടെ കളിച്ചിട്ട് പോകുന്ന സ്ഥിതി മാറണം. താരങ്ങൾ സ്ഥിരമായി ഇവിടെ നിന്നാൽ മാത്രമേ ക്ലബ്ബുകൾക്ക് അതുകൊണ്ടുള്ള ഗുണം കിട്ടുകയുള്ളു. ആരാധകരെ മൂന്നു മാസം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല. കൂടുതൽ ദൈർഘ്യമുള്ള കരാറുകളാണു താരങ്ങൾക്കു നൽകേണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് ഒരു താരം മറ്റൊരു ക്ലബ്ബിലേക്കു പോകുമ്പോൾ ഒരു വിഭാഗം ആരാധകർ കൂടിയാണ് അതിനൊപ്പം പോകുന്നത്. ആരാധകനിര താരങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ് ഉള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയിട്ട് 10 സീസണുകൾ ആയി. അതിന്റെ സ്വാധീനം ഇന്ത്യൻ ടീമിൽ എത്രത്തോളമുണ്ട്. പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായിട്ടില്ല എന്നു തോന്നുന്നുണ്ടോ?
നമ്മുടെ റാങ്കിങ് 100 ലേക്ക് എത്തിയത് ഐഎസ്എല്ലിനു ശേഷമാണ്. ഐഎസ്എല്ലിലെ മത്സരങ്ങളെല്ലാം മികച്ചതാണ്. പണ്ടുള്ളതിൽനിന്ന് വ്യത്യസ്തമായി വേഗത, ബോൾ പൊസിഷൻ എന്നിവയിലെല്ലാം പുരോഗതിയുണ്ട്. പക്ഷേ മറ്റു സ്ഥലങ്ങളിൽ അതിലും വലിയ മാറ്റമുണ്ട്. ഇപ്പോൾ കുറേയധികം സംസ്ഥാനങ്ങൾ ഫുട്ബോൾ വികസനത്തിനായി പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഫലമായി കുറച്ചു യുവതാരങ്ങളെ നമുക്ക് വാർത്തെടുക്കാൻ സാധിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അവർ ഇന്ത്യൻ ഫുട്ബോളിൽ മാറ്റമുണ്ടാക്കുമെന്നാണ് എന്റെ പ്രതീക്ഷ.
സുനിൽ ഛേത്രിക്കു ശേഷം ഇന്ത്യൻ ടീമിനു മികച്ച സ്ട്രൈക്കറില്ലാത്ത അവസ്ഥയാണ്. അതേസമയം ഐഎസ്എല്ലിൽ പ്രധാന സ്ട്രൈക്കർമാരെല്ലാം വിദേശതാരങ്ങളും. ഈയൊരു സാഹചര്യമല്ലെ പുതിയ സ്ട്രൈക്കർമാരെ കണ്ടെത്തുന്നതിൽ നമുക്കു തിരിച്ചടിയാകുന്നത്?
സ്ട്രൈക്കർമാരുടെ കാര്യത്തിൽ വലിയൊരു വിടവുണ്ടായിരുന്നു. ഇപ്പോൾ കൂടുതൽ സ്ട്രൈക്കർമാർ ഉണ്ടായിവരുന്നുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇവർ മുന്നോട്ടുവരുന്നത് എന്തായാലും നമുക്കു കാണാൻ സാധിക്കും. അതിൽ ഒരു ഘടകം ഐഎസ്എൽ തന്നെയാണ്. എസ്എൽകെ പോലുള്ള മത്സരങ്ങളിലൂടെയും ഇവർക്കു കൂടുതല്‍ അവസരങ്ങൾ ലഭ്യമാകുന്നു. സ്വാഭാവികമായും അതു മാറുകതന്നെ ചെയ്യും.
അർജന്റീനയെ കേരളത്തിൽ കളിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ആദ്യം മികച്ച സ്റ്റേഡിയങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ വേണ്ടതെന്ന മറുവാദവും ഇവിടെ ഉയരുന്നുണ്ട്. എന്താണു നിലപാട്?
ഏതുകാര്യത്തിനും രണ്ടു വശമുണ്ടാകും. ഫുട്ബോളിൽ ആവേശം കൊണ്ടുവരുക എന്നതു പ്രധാനമാണ്. ലോകകപ്പ് വരുമ്പോൾ കുറേയധികം കുട്ടികൾ പുതുതായി കളിക്കളത്തിലെത്താറുണ്ട്. മൊത്തത്തിലൊന്ന് ഉഷാറാക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അർജന്റീന ടീം വരികയും ഇന്ത്യയില്‍ കളിക്കുകയും ചെയ്യുമ്പോൾ കൂടുതൽ ആളുകളുടെ ശ്രദ്ധ ഫുട്ബോളിലെത്തും. അങ്ങനെ ഫുട്ബോളിന് ആരാധകർ കൂടും. കൂടുതൽ പേർ കളി കാണാൻ വരുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാധ്യതകൾ കൂടിയാണു സജീവമാകുക. കായിക മന്ത്രി നല്ലപോലെ പരിശ്രമിക്കുന്നുണ്ട്. സർക്കാർ മുഴുവൻ തുകയും മുടക്കി അർജന്റീന ടീമിനെ ഇറക്കാനല്ല ശ്രമിക്കുന്നത്. കോർപറേറ്റുകളെ ഒക്കെ ഉൾപ്പെടുത്തി നടത്താൻ സാധിക്കുമോയെന്നാണ് അദ്ദേഹം നോക്കുന്നത്. ഇതൊടൊപ്പം അടിസ്ഥാനപരമായ വികസനം ഒരു ഭാഗത്തുകൂടെ നടന്നേ മതിയാകു. അഞ്ചു ലക്ഷത്തോളം കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കാൻ സർക്കാര്‍ തന്നെ നടപടിയെടുക്കുന്നുണ്ട്.
കേരളത്തിലെ ഫുട്ബോൾ നിക്ഷേപങ്ങളെ കോർപ്പറേറ്റുകൾ എങ്ങനെയാണു കാണുന്നത്?
ഫുട്ബോളിൽ നടപ്പാക്കുന്നത് സാമൂഹിക സംരംഭകത്വമാണ്. ഇതിന്റെ ഭാഗമാകുന്ന കുട്ടികൾ കഴിവുള്ളവരാണ്. അവർക്ക് അർഹതയുണ്ട്, സ്ഥാപനങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ സാമൂഹിക മാറ്റത്തിനു കാരണമാകും എന്നതാണ് ഇവരെ ബോധ്യപ്പെടുത്താൻ സാധിക്കുന്ന ഒരു കാര്യം. പല മലയാളി താരങ്ങൾക്കും ഇന്നു കോടികൾ പ്രതിഫലം ലഭിക്കുന്നുണ്ട്. ഫുട്ബോളും ഒരു പ്രഫഷൻ ആയിത്തന്നെ മാറിക്കഴിഞ്ഞു. ഫുട്ബോളിന് മറ്റൊരു ടെക്നിക്കല്‍ സൈഡ് കൂടിയുണ്ട്. വിഡിയോ അനലിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, ന്യൂട്രീഷനിസ്റ്റ് അങ്ങനെ ഇതുമായി ബന്ധപ്പെട്ട് പല മേഖലകളും വളർന്നുകൊണ്ടിരിക്കുന്നു. സ്റ്റേഡിയത്തിൽ ഫ്രീയായി വന്നിരുന്ന് കളി കാണാനാണ് ആളുകൾക്കു താൽപര്യം. പക്ഷേ ഞാൻ നൂറു രൂപ കൊടുക്കുമ്പോൾ ഫുട്ബോളിന്റെ വളർച്ചയ്ക്ക് സഹായമാകുമെന്നും മനസ്സിലാക്കണം. കൂടുതൽ ആളുകൾ കളി കാണുമ്പോൾ പരസ്യങ്ങൾ വരും, ബ്രോഡ്കാസ്റ്റിങ് ഫീസ് കൂടും. അതൊക്കെ തന്നെയാണ് ഐപിഎല്ലിൽ നടക്കുന്നത്. ഇവിടെയും ഇങ്ങനെ വേണം. സാധിക്കും എന്നു നമ്മൾ കരുതുന്ന പല കാര്യങ്ങൾക്കും ചിലപ്പോൾ സമയം എടുക്കും എന്നു മാത്രം.