ഏഷ്യാഡ് മെഡൽ ജേതാക്കൾക്ക് മനോരമയുടെ സ്വർണപ്പതക്കം

കൊച്ചി ∙ ഏഷ്യൻ ഗെയിംസിലെ മിന്നും പ്രകടനത്തോടെ ഇന്ത്യയുടെ അഭിമാനമായി മാറിയ മലയാളി താരങ്ങളെ മലയാള മനോരമ ആദരിക്കുന്നു. മെഡൽ നേടിയ അത്‍ലറ്റിക്സ് താരങ്ങളായ ജിൻസൻ ജോൺസൺ, മുഹമ്മദ് അനസ്, കുഞ്ഞു മുഹമ്മദ്, വി.കെ. വിസ്മയ, വി. നീന, പി.യു.ചിത്ര, ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ്, സ്ക്വാഷ് താരങ്ങളായ ദീപിക പള്ളിക്കൽ, സുനൈന കുരുവിള എന്നിവർക്കു മനോരമയുടെ സ്വർണപ്പതക്കം സമ്മാനിക്കും. പുരസ്കാര സമർപ്പണ ചടങ്ങ് അടുത്തയാഴ്ച കൊച്ചിയിൽ നടക്കും. 

കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിൻസൻ ജോൺസൺ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി. കൊല്ലം നിലമേൽ സ്വദേശിയായ മുഹമ്മദ് അനസ് 400 മീറ്ററിലെ വ്യക്തിഗത വെള്ളിയ്ക്കു പുറമെ 4–400 മീറ്റർ പുരുഷ,  മിക്സഡ് റിലേകളിലും വെള്ളി നേടിയിരുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ കുഞ്ഞുമുഹമ്മദും പുരുഷ റിലേ ടീമിൽ അംഗമായിരുന്നു. 4–400 മീറ്റർ റിലേയിൽ സ്വർണം പിടിച്ച വനിതാ റിലേ ടീമിൽ അംഗമാണ് കണ്ണൂർ കാങ്കോൽ സ്വദേശിനിയായ വി.കെ. വിസ്മയ. കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനി നീനയ്ക്ക് ലോങ്ജംപിലാണ് വെള്ളി നേട്ടം. പാലക്കാട് മുണ്ടൂരുകാരി പി.യു. ചിത്ര വനിതകളുടെ 1500 മീറ്ററിലാണ് വെങ്കല മെഡലണിഞ്ഞത്. 

എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി.ആർ. ശ്രീജേഷ് നയിച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീം ഗെയിംസിൽ വെങ്കലം നേടിയിരുന്നു. സ്ക്വാഷ് വനിതാ ടീം ഇനത്തിൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നു ദീപികയും സുനൈനയും. ഇരുവരും ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ്.