ഏഷ്യാഡിനു പിറകെ ഒളിംപിക്സ് വരുന്നു; വിജയപീഠമേറാൻ എത്ര ഇന്ത്യൻ താരങ്ങൾക്കാകും?

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ന്യൂഡൽഹിയിൽ സ്വീകരണച്ചടങ്ങിനിടെ.

ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ കൊയ്ത്തുമായി 18–ാം ഏഷ്യൻ ഗെയിംസിനു കൊടിയിറങ്ങിയപ്പോൾ 130 കോടി ജനതയാകെ ആഹ്ലാദത്തിമിർപ്പിലാണ്. 15 സ്വർണം, 24 വെള്ളി, 30 വെങ്കലം. ആകെ 69 മെഡൽ. അടുത്ത ഏഷ്യാഡ് ചൈനയിലെ ഹാങ്ചൗവിലാണ്. അടുത്ത ഒളിംപിക്സ് ജപ്പാനിൽ ദീപശിഖ കൊളുത്താൻ മാസങ്ങൾ മാത്രം. കഷ്ടിച്ചു രണ്ടു കൊല്ലം. ഈ ചുരുങ്ങിയ കാലയളവിനിടെ ഒളിംപിക്സിലെ വിജയപീഠത്തിൽ കയറാനുള്ള മികവ് സ്വായത്തമാക്കാൻ ഇന്ത്യയുടെ താരങ്ങൾക്ക് കഴിയുമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

ചൈന ഇല്ലാതിരുന്ന 1951ൽ ഡൽഹിയിൽ നടന്ന ഒന്നാം ഏഷ്യാഡിൽ നേടിയ 51 മെഡലുകളിൽനിന്ന് (15 സ്വർണം, 16 വെള്ളി, 20 വെങ്കലം) 67 വർഷങ്ങൾക്കു ശേഷവും കാര്യമായ വർധന നേടാനായില്ല. 2010–ൽ ഗ്വാങ്ചൗവിൽ അത് 14–17–34 ക്രമത്തിൽ മൊത്തം 65 മെഡലുകൾ വരെ എത്തിയിരുന്നു.

ദേശീയ കായികവിനോദമായ ഹോക്കിയിലും ഇന്ത്യയുടെ കളിയായ കബഡിയിലും സ്വർണം അടിയറ വച്ചാണ് ടീം ഇന്തൊനീഷ്യയിൽ നിന്നു മടങ്ങിയത്. വനിതാ ഹോക്കിയിൽ കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം, ഒരുപടി മേൽപ്പോട്ടുയർത്തി എന്നു സമാധാനിക്കാമെങ്കിലും പുരുഷ ഹോക്കിയിൽ ഒളിംപിക് യോഗ്യതപോലും നേടാൻ കഴിയാതെ വെങ്കല പദവിയിലേക്കിറങ്ങി.
വഞ്ചി തുഴയലിലും വുഷുവിലും അശ്വാഭ്യാസത്തിലും മെഡൽ നേടാൻ കഴിവുള്ളവരെ സൃഷ്ടിക്കാൻ കഴിഞ്ഞ ഇന്ത്യയ്ക്ക് ബാഡ്മിന്റനിലും ടേബിൾ ടെന്നിസിലും തിരിച്ചടിയേറ്റു. ഉസ്ബക്കിസ്ഥാന്റെ ഒളിംപിക് മെഡൽ ജേതാവിനെതിരെ അമിത് പൻഗാൽ എന്ന ബോക്സർ സ്വർണം നേടിയപ്പോൾ ബാഡ്മിന്റനിൽ പി.വി സിന്ധുവിനും സൈന നെഹ്‌വാളിനും യഥാക്രമം വെള്ളിയും വെങ്കലവുമായി മടങ്ങേണ്ടിവന്നു. ഷൂട്ടിങ്ങിലും നമ്മുടെ താരങ്ങൾക്കു മുന്നേറാൻ സാധിക്കാതെ പോയി.

വാസ്തവത്തിൽ ഇന്ത്യയെ രക്ഷിച്ചത് അത്‌ലീറ്റുകളാണ്. ഹരിയാനയിൽനിന്നുള്ള നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ഏതാണ്ട് ലോക റെക്കോർഡിനോടൊപ്പമെത്തിയാണ് സ്വർണമണിഞ്ഞത്. 48 വർഷത്തിനു ശേഷം ഇന്ത്യയെ സുവർണമുദ്ര അണിയിക്കാൻ ട്രിപ്പിൾ ജംപിൽ അർപീന്ദർ സിങ്ങിനു സാധിച്ചു.

നിലവാരം പോരാ എന്നു പറഞ്ഞ് പ്രകൃതിവാതക കമ്മിഷൻ (ഒഎൻജിസി)പറഞ്ഞുവിട്ട മൻജിത് സിങ് 800 മീറ്റർ ഓട്ടത്തിൽ അദ്ഭുതം കാട്ടിയപ്പോൾ ബംഗാളിൽനിന്നുള്ള സ്വപ്ന ബർമൻ ഹെപ്റ്റാത്‍ലണിൽ കഠിനമായ പല്ലുവേദന ശമിപ്പിക്കാൻ വായിൽ പ്ലാസ്റ്ററിട്ട് ഓടി വിജയകിരീടം ചൂടി. ക്രിക്കറ്റിൽ നിന്നു തന്നെ അത്‌ലറ്റിക്സിലേക്ക് തിരിച്ചുവിട്ട പിതാവ് മരിച്ചു കിടക്കുന്നിടത്തേക്കാണ് തേജീന്ദർ പാൽ സിങ് എന്ന 23കാരൻ ഷോട്ട്പുട്ട് സ്വർണവുമായി എത്തിയത്. ഹിമാദാസ് ഒരു സ്വർണത്തിനു പുറമെ രണ്ടു വെള്ളിയുമണിഞ്ഞു.
\
800 മീറ്ററിൽ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജിൻസൺ ജോൺസൺ 1500 മീറ്ററിൽ സ്വർണമുദ്ര അണിഞ്ഞപ്പോൾ സംഘത്തിലെ 14 മലയാളികളിൽ ഏറ്റവും തിളക്കം കൂടിയ പ്രകടനമായി അത്. കണ്ണൂർ ശ്രീകണ്ഠാപുരത്തു ജനിച്ചു കോതമംഗലത്തെ വാടക വീട്ടിൽ ഒരു കൂലിവേലക്കാരന്റെ മകളായി കഴിയുന്ന കോളജ് വിദ്യാർഥിനി വി.കെ. വിസ്മയ തന്റെ ജീവിതത്തിലെ കന്നി രാജ്യാന്തര മേളയിൽ തന്നെ ഇന്ത്യൻ വനിതാ ടീമിനെ സ്വർണത്തിലെത്തിച്ചു.

കൊല്ലത്തുകാരനായ മുഹമ്മദ് അനസ്, മൂന്നു വെള്ളി മെഡൽ കൊണ്ട് ഇന്ത്യയെ ധന്യമാക്കി. മേപ്പയൂർ സ്വദേശി വി. നീന, പാലക്കാട് സ്വദേശികളായ കുഞ്ഞിമുഹമ്മദ്, പി.യു. ചിത്ര തുടങ്ങിയ മലയാളികളും മെഡൽ ജേതാക്കളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. അതേസമയം ഒളിംപ്യൻ കെ.ടി. ഇർഫാനടക്കം ചിലർ അയോഗ്യരാക്കപ്പെട്ടത് ഇന്ത്യക്കു ക്ഷീണമാവാതിരുന്നുമില്ല.

രണ്ടു സ്വർണമടക്കം ഒൻപതു മെഡലുകൾ ഇന്ത്യയുടെ ശേഖരത്തിൽ എത്തിക്കാൻ കേരള താരങ്ങൾക്കു കഴിഞ്ഞു. എന്നാൽ, ഹരിയാനയെപ്പോലെ ഒരു കൊച്ചു സംസ്ഥാനത്തുനിന്നു വന്നവർ അ‍ഞ്ചു സ്വർണമടക്കം 18 മെഡലുകളാണ് നേടിയത്. ഒരൊറ്റ സ്വർണവും ഇല്ലാതിരുന്നപ്പോഴും തമിഴ്നാട്ടുകാർക്ക് 12