ഗോൾലൈൻ ടെക്നോളജി ഉണ്ടായിരുന്നെങ്കിൽ എന്നു മാലി കോച്ച് ജൊനാസ് കൊമാലയും കളിക്കാരും ആഗ്രഹിച്ചുപോയ നിമിഷം. 64–ാം മിനിറ്റിൽ മാലി താരം ചെയ്ക് ഡൗകോറിന്റെ ലോങ്റേഞ്ചർ സ്പെയിനിന്റെ ഗോൾ ബാറിൽത്തട്ടി വീണതു ഗോൾവരയ്ക്കുള്ളിലാണ്. പക്ഷേ, ജാപ്പനീസ് റഫറി റ്യൂജി സാട്ടോയോ ലൈൻസ്മാനോ അതു കണ്ടില്ല.
വിഡിയോ റീപ്ലേകളിൽ പന്തു ഗോൾ മേഖലയ്ക്ക് ഉള്ളിലാണു വീഴുന്നതെന്നു വ്യക്തം. ഗോൾ പോസ്റ്റിന്റെ അകത്തുകുത്തിയ പന്തു പുറത്തേക്കു തെറിച്ചു. മറ്റൊരു ഹെഡറിനു മാലി താരങ്ങളിലൊരാൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പന്തു പുറത്തേക്ക്. സ്പെയിൻ 2–0നു മുന്നിൽ നിൽക്കുന്ന നേരം. ആ ഗോൾ അനുവദിക്കപ്പെട്ടിരുന്നെങ്കിൽ മൽസര ഫലം മറ്റൊന്നാകുമായിരുന്നു എന്നു മാലി ആഗ്രഹിച്ചു പോയ നിമിഷം.
ജപ്പാനിൽ 2012ൽ നടന്ന ക്ലബ് ലോകകപ്പ് മുതൽ ഫിഫ ഗോൾലൈൻ ടെക്നോളജി നടപ്പാക്കുന്നുണ്ടെങ്കിലും അണ്ടർ 17 ലോകകപ്പിൽ ഇതില്ല. ചെലവു കൂടുതലാവും എന്നതാണു കാരണം. പന്തിനുള്ളിൽ ഘടിപ്പിച്ച ചിപ്പും ഗോൾലൈനിലേക്കു മിഴിതുറന്നു വച്ച അനേകം ക്യാമറകളും കൂടിച്ചേരുന്നതാണു ഗോൾവര സാങ്കേതികവിദ്യ. പന്തു ഗോൾവര കടന്നാലുടൻ റഫറിയുടെ വാച്ചിൽ സന്ദേശം ലഭിക്കും.