കൈവിട്ട ഗോളിനെയോർത്ത് യൂസഫ് കരഞ്ഞു; കൂടെ സാൾട്ട്‌ലേക്കിലെ കാണികളും

മൽസരശേഷം മാലി ഗോൾകീപ്പർ യൂസഫ് കൊയ്റ്റ മൈതാനത്തു വീണുകിടന്നു കരയുന്നു. ചിത്രം: മനോരമ

കൊൽക്കത്ത∙ അരലക്ഷം കാണികൾക്കു മുൻപിൽ പൊട്ടിക്കരയുന്ന ഗോൾ കീപ്പർ. മറ്റൊരു ലോകകപ്പിലും ഉണ്ടാവില്ല ഈ കാഴ്ച. അണ്ടർ 17 ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മൽസരത്തിനു ശേഷമായിരുന്നു മാലി ടീമിന്റെ ഗോൾ കീപ്പർ യൂസഫ് കൊയ്റ്റ പൊട്ടിക്കരഞ്ഞത്. ഫൈനൽ വിസിൽ മുഴങ്ങിയതോടെ വിജയത്തിന്റെ ആഹ്ലാദത്തെക്കാളേറെ ആശ്വാസം പ്രകടിപ്പിച്ച് ബ്രസീൽ ടീം അംഗങ്ങൾ പരസ്പരം ആശ്ലേഷിച്ചു.

ക്യാമറകൾ ജേതാക്കളെ വട്ടമിട്ട നേരത്താണ് മറുവശത്തു കണ്ണീർക്കാഴ്ച – മാലി ഗോളി കരയുന്നു. കരച്ചിൽ ആരും കാണാതിരിക്കാൻ കുപ്പായം മുകളിലേക്കു വലിച്ചു മുഖം മറയ്ക്കാൻ ശ്രമിക്കുന്നു. കാണികളുടെ ശ്രദ്ധ ജേതാക്കളിൽനിന്നു പറിച്ചെടുത്ത കാഴ്ച. എല്ലാവരുടെയും ശ്രദ്ധ ഒരാളിലേക്ക് – യൂസഫ് കൊയ്റ്റ. ഗാലറിയിൽ മക്കൾക്കൊപ്പമിരുന്ന അമ്മമാരിൽ ചിലരിലും കണ്ണീർ പൊടിഞ്ഞു. അവർ മക്കളെ വിളിച്ചു ഗോളിയെ ചൂണ്ടിക്കാണിച്ചുകൊടുത്തു. പതിനേഴുകാരൻ ഗാലറിയിലെ അമ്മമാരുടെയും മകനായ നിമിഷം. 

പകരക്കാരൻ ഗോളി അൽഖലീഫ തന്നോടു ചേർത്തു നിർത്തി യൂസഫിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കോച്ച് യോനാസ് കോമ്‌ലയും ആശ്വസിപ്പിക്കാനെത്തി. ഏറ്റവും ശ്രദ്ധേയമായത് ബ്രസീലിന്റെ ബ്രണ്ണർ സ്നേഹപൂർവം യൂസഫിനടുത്തെത്തി ആശ്വസിപ്പിച്ചതാണ്.

യൂസഫിന്റെ സങ്കടത്തിനു കാരണമായത് 55–ാം മിനിറ്റിലെ പിഴവായിരുന്നു. ബ്രസീലിന്റെ അലൻ മുന്നോട്ട് ഒറ്റയ്ക്കു കയറിവന്നു തൊടുത്ത പഴംപോലത്തെ ഷോട്ട് യൂസഫിന്റെ കൈകളിൽനിന്നു ചോർന്നു വലയിലേക്ക് ഉരുണ്ടുപോയി. ആ ഗോൾ വീണില്ലായിരുന്നെങ്കിൽ മാലി പിടിച്ചുനിന്നേനെ എന്നു യൂസഫ് കരുതുന്നുണ്ടാകണം.

യൂസഫ് കൊയ്റ്റ അധികം പിഴവുകൾ വരുത്താത്ത ഗോൾ കീപ്പറാണ്. ഈ ലോകകപ്പിൽ ആറു കളിയിൽ 23 സേവുകൾ നടത്തിയിരുന്നു.