ബ്രസീൽ ഒരു രാജ്യം മാത്രമായിരിക്കാം; പക്ഷേ ബ്രസീൽ ആരാധകർ ഒരു ലോകം തന്നെയാണ്. സോച്ചിയിലെ ഫാൻ ഫെസ്റ്റിൽ കളി കാണാൻ പോയപ്പോഴാണ് അതു മനസ്സിലായത്. ചുറ്റുമുള്ളവരെല്ലാം ബ്രസീൽ ജഴ്സി പുതച്ചു നിൽക്കുന്നു. പക്ഷേ ബ്രസീലിൽ നിന്നുള്ളവർ ചുരുക്കമേയുള്ളൂ. ബാക്കിയെല്ലാം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ. മെക്സിക്കോ ആരാധകനായ ഹെറാൾഡോയോടൊപ്പമാണ് ഫാൻ ഫെസ്റ്റിലേക്കു പോയത്.
സോച്ചിയിൽ മഴ പെയ്ത് ചെറുതായി വെള്ളം കയറിയതിനാൽ റോഡ് ട്രാഫിക് തടസ്സപ്പെട്ടിരുന്നു. അതിനാൽ ട്രെയിനിൽ കയറിയിറങ്ങി ഞങ്ങൾ രണ്ടു പേരും ഫാൻഫെസ്റ്റിലേക്ക് ഓടുകയായിരുന്നു. ജർമനിയിൽ ജോലി ചെയ്യുന്ന ഹെറാൾഡോയും ബ്രസീൽ ആരാധകനാണ്. നോക്കണേ, സ്വന്തം രാജ്യമായ മെക്സിക്കോയെ തോൽപിച്ചു വിട്ട ടീമിന്റെ കളി കാണാൻ ഒരാൾ ഓടുന്നു! അതാണ് ബ്രസീൽ എന്ന വികാരം.
ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇങ്ങനെ റഷ്യയിൽ ആഗോള ആരാധകരെ ഒട്ടേറെ കണ്ടെങ്കിലും ടീമെന്ന നിലയിൽ ബ്രസീലിനാണ് സ്വീകാര്യത കൂടുതൽ. പ്രധാന കാരണം കോച്ച് ടിറ്റെയുടെ കീഴിൽ ബ്രസീൽ നേടിയ പുരോഗതി തന്നെ. ഓരോ കളിയിലും ബ്രസീൽ മെച്ചപ്പെടുന്നു എന്നതു കൊണ്ടുതന്നെ ഈ ലോകകപ്പ് ബ്രസീലിനുള്ളതാണ് എന്നൊരു പ്രതീതി എല്ലായിടത്തും പടർന്നിരുന്നു. നെയ്മറും കുടീഞ്ഞോയും വില്ലിയനുമെല്ലാം അടങ്ങുന്ന ഈ തലമുറ ബ്രസീലിന്റെ സുന്ദര ഫുട്ബോൾ തിരിച്ചു കൊണ്ടുവരുമെന്ന പ്രതീക്ഷയും. എല്ലാം പോയി. വീണ്ടും നാലു വർഷം നീണ്ട കാത്തിരിപ്പ്!
ബ്രസീൽ രണ്ടു ഗോളിനു പിന്നിലായി രണ്ടാം പകുതി തുടങ്ങിയപ്പോഴേക്കും മഴ മാറി മാനം തെളിഞ്ഞു. പക്ഷേ, എല്ലാവരുടെയും മുഖം കാർമേഘം മൂടിയതു പോലെയായി. വരാനുള്ള ദുരന്തത്തെ നേരിടാനെന്ന വിധം നിശബ്ദരായി നിൽക്കുന്നു. നാലു വർഷം മുൻപ് ബെലോ ഹൊറിസോണ്ടെയിൽ ഇതിലും വലിയ ദുരന്തം അവർ നേരിൽ കണ്ടതാണ്. 75–ാം മിനിറ്റിൽ റെനാറ്റോ അഗസ്റ്റോയുടെ ഗോൾ വന്നപ്പോൾ തുള്ളിച്ചാടുന്നതും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ബ്രസീൽ ആരാധകരാണ്.
ഓടിവന്നു തന്നെ കെട്ടിപ്പിടിച്ച ഒരാളെ ബ്രസീൽ ആരാധകൻ ജീവനില്ലാതെ നോക്കുന്നതു കണ്ടു. ‘‘ഇന്നു ഞങ്ങളുടെ ദിവസമല്ല ബ്രോ’’ എന്നു പറയാതെ പറയും പോലെ. ടീമിന്റെ നീക്കങ്ങൾക്ക് കയ്യടിച്ചുള്ള പ്രോൽസാഹനത്തിനു പകരം അവരുടെ വാക്കുകൾ ആദ്യം ശകാരമായി, പിന്നെ നിരാശയായി, ഒടുവിൽ കരച്ചിലും.
കളി കഴിഞ്ഞ് മടങ്ങിയപ്പോൾ കൂട്ടുകിട്ടിയതും ബ്രസീൽ ആരാധകരെത്തന്നെ. റഷ്യക്കാരായ ഫ്യോദറും അലക്സിയും. സെന്റ് പീറ്റേഴ്സ്ബർഗുകാരാണ്. അവധി കിട്ടിയപ്പോൾ കളി കാണാനും സോച്ചിയിൽ കറങ്ങാനും കൂടി വന്നതാണ്. അലക്സി റൊണാൾഡോയുടെ ഒൻപതാം നമ്പർ ജഴ്സി കൂടി അണിഞ്ഞിരിക്കുന്നു. ഒരു സുവർണകാലത്തിന്റെ മുദ്ര പോലെ..!