ഗസനിഗയുടെ ശിൽപം; പിനാറ്റയുടെ ചൂണ്ടുവിരൽ..!

കളിക്കിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ യുവതിയെ സുരക്ഷാസേന പുറത്തേക്കു കൊണ്ടുപോകുന്നു.

ഇറ്റാലിയൻ ശിൽപി സിൽവിയോ ഗസനിഗ കരുതിയിരിക്കുമോ; താൻ മനസ്സിൽ വരച്ച ഈ കിരീടത്തിന് ഇത്ര മൂല്യമുണ്ടാകുമെന്ന്. രാജ്യങ്ങൾ അതിനു വേണ്ടി ചേരി തിരിഞ്ഞു പോരാടുമെന്ന്. ലോകം മുഴുവൻ അതു കണ്ടു നിൽക്കുമെന്ന്! ലുഷ്നികി സ്റ്റേഡിയത്തിലെ പച്ചപ്പിൽ മുൻ ജർമൻ നായകൻ ഫിലിപ്പ് ലാം ഫിഫ ലോകകപ്പ് ട്രോഫി കൊണ്ടു വന്നു വച്ചപ്പോൾ സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. അതിൽ കിരീടത്തിന് അവകാശമുന്നയിക്കാവുന്ന ഫ്രഞ്ചുകാരും ക്രൊയേഷ്യക്കാരുമുണ്ടാകും. മോഹിച്ചു കൈവിട്ടു പോയ അർജന്റീനക്കാരും ബ്രസീലുകാരുമുണ്ടാകും. ഇത്തവണ അവിടെയെത്താനാവാതെ പോയ ഇറ്റലിക്കാരും ഹോളണ്ടുകാരുമുണ്ടാകും. നമ്മളെന്നവിടെ എത്തുമെന്ന് കരുതുന്ന ഇന്ത്യാക്കാരുണ്ടാകും! 

കളി തുടങ്ങിയപ്പോൾ ക്രൊയേഷ്യൻ കളിക്കാരെപ്പോലെ ആരാധകർക്കും ആവേശം കൂടുതലാണെന്നു തോന്നി.മാൻസൂക്കിച്ചിന്റെ സെൽഫ് ഗോൾ ക്രൊയേഷ്യൻ ആരാധകരുടെ നെഞ്ചിലേക്കാണ് വന്നു വീണത്. ഒരു ജനശത്രുവിനെപ്പോലെ മാൻസൂക്കിച്ച് മൈതാനമധ്യത്തിൽ നിന്നു. സെമിഫൈനലിൽ ക്രൊയേഷ്യയെ വിജയിപ്പിച്ച വീരനാണയാൾ. പിന്നീട് ക്രൊയേഷ്യയുടെ രണ്ടാം ഗോൾ നേടിയ അയാൾ കടം വീട്ടിയോ? 

പക്ഷേ പെരിസിച്ചിന്റെ ഭാഗ്യത്തിന് അത്ര പോലും ഭാഗ്യമുണ്ടായില്ല.. കോർണറിൽ നിന്നു വന്ന പന്തിനെ പ്രതിരോധിക്കുന്നതിനിടെ അയാൾ കയ്യൊന്നു താഴ്ത്തി.  ആരും പ്രതീക്ഷിച്ചില്ല അതൊരു നിർണായക നിമിഷമാണെന്ന്. ഫ്രഞ്ച് താരങ്ങളുടെ അപ്പീലിനിടയിൽ റഫറി സൈഡ്‌ലൈനിലേക്കു പോയി. രണ്ടു രാജ്യങ്ങളുടെ ഭാഗധേയം കുറിക്കാൻ. ഓരോരുത്തരുടെയും കണ്ണുകൾ ഒരു പോലെയല്ല വിലയിരുത്തുന്നത് എന്നതെത്ര ശരി; റഫറി നെസ്റ്റർ പിനാറ്റ പെനൽറ്റി സ്പോട്ടിലേക്കാണ് വിരൽ ചൂണ്ടിയത്. 

രണ്ടാം പകുതിയുടെ തുടക്കത്തിൽ കളി പോസ് ബട്ടൺ അമർത്തിയ പോലെ പെട്ടെന്നു നിശ്ചലമായി. വെള്ളക്കുപ്പായവും കറുത്ത പാന്റ്സുമിട്ട് മൈതാനത്തേക്കു കയറുന്നു മൂന്നു പേർ. ഒരാളെ ക്രൊയേഷ്യൻ താരം വീഴ്ത്തി. മറ്റൊരാൾക്ക് എംബപെ കൈ കൊടുത്തു. ആരായിരിക്കും ‌അവർ? ആഹ്ലാദഭരിതരായ ഫ്രഞ്ച് ആരാധകരോ, ഉന്മാദികളായ ക്രൊയേഷ്യൻ ആരാധകരോ..? പിന്നാലെ ദാ വരുന്നു പോഗ്ബയുടെ ഗോൾ, എംബപെയുടെ ഗോൾ... കരഞ്ഞു പോയി ക്രൊയേഷ്യ..!!