ഫുട്ബോള്‍ ജഴ്സി അഴിച്ചു കോട്ടും സ്യൂട്ടുമിട്ടു മോസ്കോ: സ്നേഹപൂർവം, സ്പെസിബ...

റഷ്യൻ ലോകകപ്പിന്റെ വൊളന്റിയർമാർ

കിലിയൻ എംബപെ കളിക്കുന്നതുപോലെ വേഗത്തിൽ എഴുതണമെന്നാണ് ആഗ്രഹം. പക്ഷേ ലൂക്ക മോഡ്രിച്ചിനെപ്പോലെ കണ്ണുനിറഞ്ഞു പോവുകയാണ്. ഒരുമാസം നീണ്ട ഒരു സ്വപ്നത്തിനിതാ ഫൈനൽ വിസിൽ. ഒരുമാസം മുൻപ് മോസ്കോ ലുഷ്നികിയിൽ നിന്ന് അർജന്റീന റഫറി നെസ്റ്റർ പിറ്റാനയുടെ വിസിലിൽ തുടങ്ങിയതാണ് ഈ സ്വപ്നം. അവസാനം അദ്ദേഹത്തിന്റെ ഒരു വിസിലോടെതന്നെ അവസാനമായിരിക്കുന്നു. അതിനിടെ എന്തെല്ലാം കണ്ടു നമ്മൾ! 

ഫൈനലിനു തൊട്ടുമുൻപൊരു ദിവസം റഷ്യയിലെ ഏറ്റവും പ്രശസ്തമായ ശബ്ദത്തിന്റെ ഉടമയെ കാണാൻ പോയി. പാട്ടുകാരനല്ല. റഷ്യയിലെ ചാനൽ വണിലെ ടിവി കമന്റേറ്ററാണ്. വിക്ടർ ഗുസേവ്.  

റഷ്യ ഫുട്ബോളിനെ അറിഞ്ഞതും അറിയുന്നതും ഗുസേവിന്റെ ശബ്ദത്തിലൂടെയാണ്. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനൽ 2008ൽ ഇതേ ലുഷ്നികി സ്റ്റേഡിയത്തിൽ നടന്നപ്പോൾ പ്രധാന അവതാരകനായിരുന്നു ഗുസേവ്. 

 ഗുസേവ് സംസാരിച്ചതേറെയും ഫുട്ബോളിനെക്കുറിച്ചല്ല. മാതൃരാജ്യമായ റഷ്യയെക്കുറിച്ചാണ്. ഈ ലോകകപ്പിനു വേണ്ടി റഷ്യ എത്ര ആഗ്രഹിച്ചിരുന്നു എന്ന കാര്യം.   പിരിയാൻ നേരം ഒരു ഓർമ പങ്കുവച്ചു ഗുസേവ്. സ്വീഡനിൽ 1992ലെ യൂറോ ചാംപ്യൻഷിപ് കാലം. സോവിയറ്റ് യൂണിയന്റെ വിഖ്യാത ഗോൾകീപ്പർ ലെവ് യാഷിന്റെ പത്നി വാലെന്റിന ഒരു ദിവസം വിളിക്കുന്നു. ‘‘ഒന്നു വരാമോ, പെലെയും ജസ്റ്റ് ഫൊണ്ടെയ്നും ബോബി ചാൾട്ടനും എന്നെ കാണാൻ വരുന്നു..’’. ഗുസേവ് ചെന്നു. നാലു ഇതിഹാസങ്ങൾക്കൊപ്പം മണിക്കൂറുകൾ നീണ്ട കുശലംപറച്ചിൽ. അവസാനം പിരിയാൻ നേരം 1958 ലോകകപ്പിലെ ടോപ് സ്കോറർ കൂടിയായ ഫൊണ്ടെയ്ൻ തന്റെ ബിസിനസ് കാർഡ് പെലെയ്ക്കു നൽകുന്നു. സ്വന്തം ചിത്രം പതിച്ച ബിസിനസ് കാർഡ്. അതു കണ്ട് പെലെ സങ്കടത്തോടെ പറഞ്ഞത്രേ; ‘‘ഓ, ചിത്രമെല്ലാമുള്ള കാർഡ്, പാവം പെലെയ്ക്ക് ഇതൊന്നുമില്ലല്ലോ..’’ 

ആ പാവം പെലെയ്ക്ക് ഇതാ ഒരു പിൻഗാമി എന്നു വിളിച്ചുപറഞ്ഞ ലോകകപ്പാണ് ഇത്. മെസ്സിയും റൊണാൾഡോയും ഒരു കളിക്കാലംകൊണ്ടു നേടാത്തത് ഈ കുട്ടിപ്രായത്തിൽത്തന്നെ കിലിയൻ എംബപെ നേടിയിരിക്കുന്നു.  ഈ ലോകകപ്പിന്റെ മുഖം. സദാ ചിരിക്കുന്ന റഷ്യയുടെ ഈ യുവത്വമായിരുന്നു. ഒരുതവണ മാത്രമാണ് അവർ കരഞ്ഞുകണ്ടത്. അവസാനദിവസം ലുഷ്നികിയിൽനിന്നു പിരി‍ഞ്ഞുപോകുമ്പോൾ. വലിയൊരു ഉൽസവത്തിന്റെ പെരുമ്പറമ്പിൽനിന്ന് ഇനി റഷ്യൻഗ്രാമങ്ങളിലെ വീട്ടുമുറ്റങ്ങളിലേക്കു മടങ്ങുകയാണവർ..

എല്ലാം  തീരുമ്പോൾ മുന്നിലിതാ മോസ്കോ. ഫുട്ബോളിന്റെ ജഴ്സി അഴിച്ചുവച്ചു കോട്ടും സ്യൂട്ടുമിട്ടു ജെന്റിൽമാനായി നിൽക്കുന്നു. നന്ദി സോവിയറ്റ് നാടേ, സ്നേഹപൂർവം സ്പെസിബ..!